ലണ്ടൻ: ക്ലബ് ഫുട്ബാൾ ചരിത്രത്തിലെ മികച്ച ട്രാക്ക് റെക്കോഡുള്ള കോച്ചുമാരിൽ ഒരാളാണ് ഹോസെ മൗറീന്യോ. മത്സരത്തിൽ തോറ്റതിന് താൻ കരഞ്ഞ ഏക സന്ദർഭം വെളിപ്പെടുത്തിയിരിക്കുകയാണ് ടോട്ടൻഹാം ഹോട്സ്പറിൻെറ സുപ്പർ കോച്ച്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് പരിശീലകനായിരിക്കേ 2012 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ നാളിലാണ് മൗറീന്യോ കരഞ്ഞത്. രണ്ടാംപാദ മത്സരത്തിൽ ടീം 2-1ന് വിജയിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം ജർമനിക്കാർക്കൊപ്പം നിന്നു.
രണ്ടാം പാദ മത്സരത്തിൽ ആറ്, 14 മിനിറ്റുകളിലായി ലക്ഷ്യം കണ്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് ലീഡ് നൽകി. എന്നാൽ ആര്യൻ റോബനിലൂടെ ബയേൺ തിരിച്ചടിച്ചു. മത്സരം അധിക സമയത്തേക്കും ശേഷം പെനാൽറ്റിയിലേക്കും നീണ്ടു. പെനാൽറ്റിയിൽ 3-1നായിരുന്നു ബയേണിൻെറ ജയം. റയലിനായി കിക്കെടുത്ത ക്രിസ്റ്റ്യാനോ, കക്ക, റാമോസ് എന്നിവർക്ക് പിഴച്ചു. അലോൻസോ മാത്രമാണ് റയലിനായി ലക്ഷ്യം കണ്ടത്. ഫൈനലിലെത്തിയെങ്കിലും പെനാൽറ്റിയിൽ ചെൽസിയോട് തോൽക്കാനായിരുന്നു ബയേണിൻെറ വിധി.
‘ദൗര്‍ഭാഗ്യവശാല്‍ അതാണ് ഫുട്ബാൾ. ക്രിസ്റ്റ്യാനോ , കക്ക, സെർജിയോ റാമോസ്.... മൂന്ന് ഫുട്ബാൾ ഭീമൻമാർ. അക്കാര്യത്തിൽ സംശയമൊന്നുമില്ലായിരുന്നു. പക്ഷേ അവരും മനുഷ്യരാണെല്ലോ. ഞാൻ ഓർക്കുന്നു. എൻെറ കോച്ചിങ് കരിയറിൽ ഒരുതോൽവിയിൽ ഞാൻ കരഞ്ഞ ഏക ദിവസം അന്നാണ്. കാറിലൊപ്പമിരുന്ന് അസിസ്റ്റൻറ് കോച്ച് കരാങ്കയും കരയുകയായിരുന്നു. അത് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു കാരണം ഞങ്ങളായിരുന്നു ആ സീസണിലെ ഏറ്റവും മികച്ച ടീം’ സ്പാനിഷ് പത്രം മാർകയോട് മൗറീന്യോ വെളിപ്പെടുത്തി.
100 പോയൻറുമായി ലാലിഗയിൽ റെക്കോഡോടെ റയൽ കിരീടമുയർത്തിയ സീസണായിരുന്നു അത്. സീസണിൽ റയൽ നേടിയ 121 ഗോളുകളും റെക്കോഡാണ്. 2010-13 സീസണിൽ റയലിനെ പരിശീലിപ്പിച്ച മൗറീന്യോ 178ൽ 128 മത്സരങ്ങളിലും ടീമിനെ ജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.