ന്യൂഡൽഹി: എന്തുകൊണ്ടാണ് തനിക്ക് ഇന്ത്യൻ ടീമിൽ ഇടമില്ലാത്തതെന്ന് വ്യക്തമാക്കണമെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന സെലക്ടർമാരോട് ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. മുതിർന്ന കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നുവെന്നും കാരണം പോലും വ്യക്തമാക്കാതെയാണ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയത് എന്നുമായിരുന്നു റെയ്നയുടെ ആരോപണം. എന്നാൽ, താരത്തെ പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ബി.സി.സി.ഐ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്.
മോശം ഫോമാണ് റെയ്നക്ക് വിനയായതെന്ന് പ്രസാദ് വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണെ ഉദാഹരണമാക്കിയെടുത്ത അദ്ദേഹം പറഞ്ഞത്. -1999ല്‍ ടെസ്റ്റ് ടീമില്‍ നിന്നും മോശം ഫോമിനെ തുടർന്ന് പുറത്തായപ്പോള്‍ ലക്ഷ്മൺ ആഭ്യന്തര ക്രിക്കറ്റില്‍ 1,400ല്‍പ്പരം റണ്‍സ് അടിച്ചുകൂട്ടി. തുടർന്ന് താരം ടീമിലെ സ്ഥാനം ചോദിച്ചുവാങ്ങുകയായിരുന്നു. ടീമിൽ നിന്നും പുറത്തുപോകേണ്ടി വരുന്ന മുതിർന്ന താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്. ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ റെയ്നയുടെ കാര്യത്തിൽ അത്തരമൊരു പ്രകടനം കണ്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിക്കാൻ റെയ്ന ശ്രമിച്ചില്ല. ഇൗ കാലഘട്ടത്തിൽ നിരവധി യുവതാരങ്ങൾ ഇന്ത്യയുടെ എ ടീമിന് വേണ്ടിയും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. സെലക്ടർമാർ രഞ്ജി ട്രോഫി മത്സരങ്ങൾ കാണാറില്ലെന്ന ആരോപണം നിരാശാജനകമാണ്. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ സെലക്ഷൻ കമ്മിറ്റി മെംബർമാർ എത്ര രഞ്ജി മത്സരങ്ങൾ കണ്ടിട്ടുണ്ടെന്നതിെൻറ മുഴുവൻ കണക്കുകളും ബി.സി.സി. ഐയുടെ പക്കലുണ്ടെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.
2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ആണ് റെയ്ന അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2019 ആഗസ്റ്റിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് റെയ്ന ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളും 78 ടി20യും 18 ടെസ്റ്റുകളുമാണ് റെയ്ന ഇതുവരെ കളിച്ചത്. ടീമിൽ നിന്നും പുറത്തുപോയതിന് പിന്നാലെ 2018-19 സീസണിൽ അഞ്ച് രഞ്ജി മത്സരങ്ങളാണ് റെയ്ന കളിച്ചത്. അതിൽ രണ്ട് അർധ സെഞ്ച്വറികൾ അടക്കം താരം 243 റൺസെടുത്തിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 17 മാച്ചുകളിലായി 243 റൺസും താരം അടിച്ചുകൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.