ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ നഗരങ്ങളിൽ ജനബാഹുല്യം വളരെ കുറവാണ്. നഗരപ്രാന്തങ്ങളിലെത്തിയാൽ പലപ്പോഴും നഗരത്തിന് ചേരാത്ത നിശ്ശബ്ദത വന്ന് പൊതിയും. ലോകകപ്പ് വന്നിട്ടും ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്ന് ആരാധകക്കൂട്ടങ്ങൾ ചേക്കേറിയിട്ടും റഷ്യയിലെ നഗരങ്ങൾ ശ്വാസംമുട്ടിക്കുന്ന അനുഭവമല്ല. നഗരാസൂത്രണത്തിന് ഇതിൽ വലിയ പങ്കുണ്ട്. വിശാലമായ ഒഴിഞ്ഞ ഇടങ്ങളും ചത്വരങ്ങളും വീതിയേറിയ നടപ്പാതകളുംകൊണ്ട് സമ്പന്നമാണ് പൊതുവെ നഗരങ്ങളൊക്കെയും.
ഭൂഗർഭ മെട്രോകളുടെ പടർന്നുകിടക്കുന്ന വിശാലമായ നെറ്റ്വർക് ഉള്ളതിനാൽ ഉപരിതല ഗതാഗതം, ട്രാഫിക് ബ്ലോക്കുകളൊട്ടുമില്ലാതെ സുഗമമായി സഞ്ചരിക്കാവുന്ന മട്ടിലുമാണ്.
ഇതിനൊരു അപവാദം സെൻറ് പീറ്റേഴ്സ്ബർഗ് നഗരമാണ്. യൂറോപ്പിലെത്തന്നെ ജനസാന്ദ്രത കൂടിയ നഗരങ്ങളിലൊന്നാണിത്. സെമിഫൈനൽ ഉൾപ്പെടെ ലോകകപ്പിലെ ഏഴു മത്സരങ്ങളാണ് സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ നടക്കുന്നത്. അതു കൊണ്ടുതന്നെ ഫുട്ബാൾ ആരാധകർ കൂടിയെത്തിയതോടെ ജനബാഹുല്യത്തിൽ ഇന്ത്യൻ നഗരങ്ങളെ ഓർമിപ്പിക്കും ഈ പഴയ സാമ്രാജ്യ തലസ്ഥാനം. റഷ്യയുടെ ചരിത്രത്തിലെ ഒട്ടേറെ നാഴികക്കല്ലുകൾ ഈ നഗരത്തിലാണുള്ളത്. 1703ൽ സാർ ചക്രവർത്തിയായിരുന്ന പീറ്റർ ഒന്നാമൻ സ്ഥാപിച്ചതാണ് സെൻറ് പീറ്റേഴ്സ്ബർഗ്.
1am in Saint Petersburg. Argentina isn’t sleeping... pic.twitter.com/EfiqOw2gqW
— Mark Ogden (@MarkOgden_) June 26, 2018
ലോകകപ്പ് പ്രമാണിച്ച് നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലെല്ലാം വിവിധ ദേശക്കാരായ ആളുകൾ ഒഴുകുകയാണ്. ബാൾട്ടിക് സമുദ്രം അതിരിടുന്ന ഈ നഗരത്തിെൻറ പ്രധാന ഭാഗങ്ങളിലെല്ലാം സിരാധമനികൾപോലെ നേവാനദിയും അതിെൻറ കൈവഴികളും അവയിൽനിന്ന് വെട്ടിയ കനാലുകളും പുളഞ്ഞുകിടക്കുകയാണ്. വടക്കിെൻറ വെനീസ് എന്നുകൂടി വിളിപ്പേരുള്ള സെൻറ് പീറ്റേഴ്സ്ബർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണവും കനാലിലൂടെ ബോട്ടിലുള്ള നഗരപ്രദക്ഷിണമാണ്.
നമ്മുടെ ആലപ്പുഴയെ അടിമുടി ഓർമിപ്പിക്കും ഈ കനാൽ സർക്കിൾ. മാലിന്യങ്ങളില്ല എന്നതേയുള്ളൂ പ്രധാന വ്യത്യാസം. രാത്രികളിൽ ഈ കനാലുകൾ മറ്റൊരത്ഭുതംകൂടി കാത്തുവെക്കുന്നുണ്ട്. പാതിരാക്കുശേഷം ഈ നഗരം പരസ്പരം ബന്ധമില്ലാത്ത രണ്ടു ദ്വീപുകളായി വിഭജിക്കപ്പെടും. നഗരത്തിലൂടെ ഒഴുകുന്ന കനാലുകൾക്കു കുറുകെയുള്ള ഒമ്പതോളം പാലങ്ങൾ ഒന്നിനു പിറകെ ഒന്നായി മുറിഞ്ഞ് മുകളിലേക്ക് തുറക്കപ്പെടും.
ഇരുമ്പിൽ നിർമിച്ച പാലങ്ങൾ നടുക്കുവെച്ച് പിളർന്ന് രണ്ടറ്റവും മുകളിലേക്ക് പൊങ്ങിനിൽക്കുകയാണ് ചെയ്യുക. വലിയ ബോട്ടുകൾക്ക് സഞ്ചാരപാത ഒരുക്കുകയാണ് ലക്ഷ്യം. മണിക്കൂറുകൾക്കു ശേഷം അഞ്ചു മണിയോടെ അവ പൂർവസ്ഥിതിയിലെത്തും. പാലത്തിലെ വിളക്കുകാലുകളുൾപ്പെടെ മുകളിലേക്ക് ഉയരുന്ന ഈ അത്ഭുതദൃശ്യം കാണാൻ നൂറുകണക്കിനാളുകളാണ് പാലങ്ങൾക്കു സമീപമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.