മഷ്റഫെ മുർതസ എന്ന ബംഗ്ലാദേശ് ക്യാപ്റ്റൻെറ ഏറ്റവും മികച്ച ഏകദിന സ്കോർ 51 റൺസാണ്. മുസദ ്ദിഖ് ഹുസൈൻ എന്ന ആൾ റൗണ്ടറുടെ മികച്ച സ്കോർ 52 റൺസും. ഒരിക്കൽ കൂടി ആ പ്രകടനം കാഴ്ചവെയ്ക്കാൻ അവരിൽ ആർക്കെങ്കി ലും കഴിഞ്ഞിരുന്നു എങ്കിൽ ബർമിങ്ഹാമിൽ ഇന്ത്യയുടെ സ്ഥിതി വഷളാകുമായിരുന്നു. പഴയ ബംഗ്ലാദേശായിരുന്നുവെങ്കിൽ, ‘ എങ്കിൽ’ എന്ന ഈ ചോദ്യത്തിന് തന്നെ വലിയ പ്രസക്തിയുണ്ടാകുമായിരുന്നില്ല. എല്ലാവർക്കും അടിച്ചു പരത്തി പഠിക്കാ ൻ പാകത്തിലുണ്ടായിരുന്ന ആ പഴയ ബംഗ്ലാ ടീമല്ല ഇത്. എതിരാളികൾ എത്ര വലിയ സ്കോർ ഉയർത്തിയാലും പതറാതെ പിന്തുടരാൻ ച ങ്കൂറ്റമുള്ള ഒരു സംഘമായി ഈ ടീം വളർന്നു കഴിഞ്ഞു. സെമി ഫൈനലിൽ കടന്നില്ലെങ്കിലും അവർ മടങ്ങുന്നത് തലയെടുപ്പോടെ തന്നെയായിരിക്കും.
ചൊവ്വാഴ്ച ബർമിങ്ഹാമിൽ 28 റൺസിനാ യിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ജയം. ഒന്നാം വിക്കറ്റിൽ രോഹിത് ശർമയും ലോകേഷ് രാഹുലും ചേർന്ന് അസ്ഥിവാ രമുറപ്പിച്ച 180 റൺസിനു മേൽ ഇന്ത്യ ഉയർത്തിയ 315 റൺസ് എന്ന വമ്പൻ സ്കോറിനോട് ഏറ്റുമുട്ടിയാണ് വെറും 28 റൺസകലെ ബംഗ ്ലാ കടുവകൾ പരാജയം സമ്മതിച്ചത് എന്നോർക്കുമ്പോഴാണ് ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല എന്ന് പറേയണ്ടിവരുന്നത ്. കളി അവസാനിക്കുമ്പോൾ 38 പന്തിൽ 51 റൺസുമായി മുഹമ്മദ് സൈഫുദ്ദീൻ ക്രീസിൽ ഉണ്ടായിരുന്നു. 19 ഏകദിനം മാത്രം കളിച്ച ിട്ടുള്ള സൈഫുദ്ദീൻെറ കരിയറിലെ രണ്ടാമത്തെ അർധശതകമായിരുന്നു ഇത്. അടുത്തടുത്ത പന്തുകളിൽ ജസ്പ്രീത് ബുംറ തൊട ുത്തുവിട്ട കിടയറ്റ യോർക്കറുകളിൽ റുബൽ ഹസൻെറയും മുസ്തഫിസുർ റഹ്മാൻെറയും വിക്കറ്റുകൾ ബർമിങ്ഹാം മൈതാനിയിൽ കുറ്റിയറ്റു വീഴുമ്പോൾ 12 പന്തുകൾ അപ്പോഴും ഇന്നിങ്സിൽ ബാക്കിയുണ്ടായിരുന്നു.
ബാറ്റുകൊണ്ട് എന്തെങ്കിലും പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള മുസദ്ദിഖ് ഹുസൈനോ, മഷ്റഫെ മുർതസയോ ആരെങ്കിലുമൊരാൾ അവരുടെ മികച്ച പ്രകടനങ്ങൾ ഒരുവട്ടം കൂടി ആവർത്തിച്ചിരുന്നെങ്കിൽ ബംഗ്ലാദേശ് ചിലപ്പോൾ സെമി ഫൈനലിലേക്ക് വെച്ചുപിടിച്ചേനെ.
അട്ടിമറിച്ചും ഞെട്ടിച്ചും ചരിത്രമെഴുതുകയാണ്
10 രാജ്യങ്ങൾ കളിക്കുന്ന ടൂർണമെൻറിൻെറ പോയൻറ് പട്ടിക നോക്കിയാൽ ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശിൻെറ സ്ഥാനം. എട്ടു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും നാല് തോൽവിയുമായി ഏഴ് പോയൻറ്. പക്ഷേ, അവർക്ക് താഴെയാണ് ആദ്യ രണ്ട് ലോക കപ്പിലും ചാമ്പ്യൻമാരായ വെസ്റ്റിൻഡീസും കരുത്തന്മാരായ ദക്ഷിണാഫ്രിക്കയും. രണ്ടുപേരെയും തോൽപ്പിച്ചുകൊണ്ടാണ് ബംഗ്ലാ കടുവകൾ ഏഴാം സ്ഥാനത്തെത്തിയത്.
പഴയ ലോക കപ്പുകളുടെ ചരിത്രം നോക്കൂ. കെനിയയും നെതർലാണ്ടും യു.എ.ഇ പോലും കളിച്ച കാലത്ത് അത് നോക്കിയിരുന്നവരാണ് ബംഗ്ലാദേശുകാർ. 1999ൽ അസോസിയറ്റ് മെമ്പർ എന്ന നിലയിലാണ് ആദ്യമായി ലോക കപ്പിൽ കളിക്കുന്നത്. കെനിയയും സ്കോട്ട്ലാൻഡുമായിരുന്നു ആ വർഷത്തെ കൂട്ടുകാരായ അസോസിയേറ്റുകൾ. പക്ഷേ, മറ്റ് അസോസിയേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ബംഗ്ലാദേശുകാർ വരവറിയിച്ചത് പാക്കിസ്ഥാനെ 62 റൺസിന് അട്ടിമറിച്ചുകൊണ്ടായിരുന്നു. ജയത്തിൻെറ മാർജിൻ വലുതായിരുന്നുവെങ്കിലും അന്നത്തെ തലവാചകം ‘അട്ടിമറി’ എന്നു തന്നെയായിരുന്നു. ആർക്കും തോൽപ്പിക്കാവുന്ന ഒരു ടീം നേടുന്ന വിജയത്തെ അട്ടിമറി എന്നല്ലാതെ വിശേഷിപ്പിക്കാൻ ക്രിക്കറ്റ് പണ്ഡിറ്റുകളുടെ ഭാണ്ഡത്തിൽ മറ്റൊരു വാക്കില്ലായിരുന്നു. ചില്ലറ പാക് ടീമിനെയല്ല അന്ന് അവർ തകർത്ത്. ബറ്റിങ്ങിൽ സഈദ് അൻവർ, ഷാഹിദ് അഫ്രീദി, ഇജാസ് അഹമ്മദ്, ഇൻസിമാമുൽ ഹഖ്, സലിം മാലിക് തുടങ്ങിയവരും ബൗളിങ്ങിൽ വഖാർ യൂനിസ്, വസീം അക്രം, ഷോയബ് അക്തർ, സഖ്ലൈൻ മുഷ്താഖ് എന്നിവരും അടങ്ങിയ വമ്പൻ ടീമിനെ.
പിന്നീട് ഇടയ്ക്ക് എപ്പോഴെങ്കിലും ചില ‘അട്ടിമറി’കളിൽ ബംഗ്ലാ പ്രകടനം ഒതുങ്ങി. 2003 ലോക കപ്പിൽ എല്ലാ കളിയും തോറ്റ് ബി ഗ്രൂപ്പിൽ ഏഴാമതായിരുന്നുസ്ഥാനം. 2007ൽ ബി ഗ്രൂപ്പിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ഞെട്ടിച്ചുകളഞ്ഞു. സൂപ്പർ എട്ടിൽ കടക്കാനാവാതെ ഇന്ത്യ വലഞ്ഞ ആ ലോക കപ്പിൽ ബംഗ്ലാദേശ് അവസാന എട്ടിൽ ഇടംപിടിച്ചു. 2011ൽ അവർ ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് അട്ടിമറിച്ചു. 2015ൽ എ ഗ്രൂപ്പിൽ 15 റൺസിന് ഇംഗ്ലണ്ടിനെതിരെ അട്ടിമറി ആവർത്തിച്ചു. ആ വർഷം ക്വാർട്ടർ ഫൈനലിൽ കടന്നായിരുന്നു ബംഗ്ലദേശ് ടീം മികവ് കാണിച്ചത്. ഇന്ത്യയോട് തോറ്റ് സെമിയിൽ കടക്കാനാവാതെ പുറത്തായി.
കഴിഞ്ഞ ചൊവ്വാഴ്ച ബർമിങ്ഹാമിൽ ഇന്ത്യ തോൽപ്പിച്ചെങ്കിലും ആ ജയം അത്ര അനായാസമായിരുന്നില്ല. ജൂൺ രണ്ടിന് കിങ്സ്റ്റൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ 21 റൺസിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ബംഗ്ലാ കടുവകൾ മുരണ്ടു തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ അടിച്ചെടുത്തത് 330 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 309 റൺസിൽ പിടിച്ചു നിർത്തിയായിരുന്നു വിജയം.
ന്യൂസിലാണ്ടിനെതിരെ തോറ്റെങ്കിലും കടുത്ത മത്സരം തന്നെ കാഴ്ചവെച്ചു. 245 റൺസിൻെറ ലക്ഷ്യം പിടിക്കാൻ ന്യൂസിലാണ്ടിന് എട്ട് വിക്കറ്റുകൾ ബലി കൊടുക്കേണ്ടിവന്നു.
ഇംഗ്ലണ്ടിനെതിരെ 106 റൺസിൻെറ മാർജിനിൽ പരാജയപ്പെട്ടപ്പോഴും 280 റൺസ് വരെ അവർ എത്തി. ടൗണ്ടണിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസെന്ന വമ്പൻ ലക്ഷ്യം വെറും മൂന്ന് വിക്കറ്റുകളുടെ മാത്രം നഷ്ടത്തിലാണ് ബംഗ്ലാദേശ് എത്തിപ്പിടിച്ചത്. ഓസ്ട്രേലിയക്കെതിരെ തോറ്റെങ്കിലും അവർ പടുത്ത 381 റൺസിനു മുന്നിൽ ബംഗ്ലാകൾ പതറിയില്ല. മുഷ്ഫിഖുർ റഹ്മാൻെറ സെഞ്ച്വറി ബലത്തിൽ 333 റൺസുവരെ പൊരുതി നോക്കുകയും ചെയ്തു. ഇനി പാക്കിസ്ഥാനെതിരെ വെള്ളിയാഴ്ചത്തെ മത്സരം കൂടിയുണ്ട്. വൻ മാർജിനിൽ വമ്പൻ സ്കോർ ഉയർത്തിയാൽ ചിലപ്പോൾ സെമി ഫൈനലിൽ എത്താൻ പാക്കിസ്ഥാന് സാധ്യതയുളള മത്സരത്തിൽ എളുപ്പം ബംഗ്ലാേദശിനെ കീഴടക്കാനാവില്ല.
2016ലെ ട്വൻറി 20 ലോക കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലെ ഒരു റണ്ണിൻെറ തോൽവിയും നിദാഹാസ് ട്രോഫി ഫൈനലിൽ അവസാന ഓവർ പ്രകടനത്തിലൂടെ ദിനേശ് കാർത്തിക് തട്ടിയെടുത്ത വിജയവും ബംഗ്ലാദേശിൻെറ പരാജയങ്ങളെക്കാൾ അവരുടെ വളർച്ചയെ അടയാളപ്പെടുത്തുന്നു. ഈ ലോക കപ്പിൽ സെമി ഫൈനൽ കാണാതെ പുറത്താകുമ്പോഴും മുൻ ഇംഗ്ലീഷ് ക്രിക്കറ്ററായ സ്റ്റീവ് റോഡ്സ് പരിശീലിപ്പിക്കുന്ന ടീം ഇനിയും ഏറെ മുന്നേറാനുണ്ട്.
എന്നാലും പഴയ ബംഗ്ലാ ടീമല്ല ഇതെന്ന് ഒറ്റവാക്കിൽ സാക്ഷ്യപ്പെടുത്താവുന്ന പ്രകടനമാണ് അവർ കാഴ്ച വെച്ചത്. ഈ ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രോഹിത് ശർമ കഴിഞ്ഞാൽ 542 റൺസുമായി ബംഗ്ലാദേശിൻെറ ഷക്കീബുൽ ഹസൻ തന്നെയാണ് രണ്ടാമത്. 15 വിക്കറ്റുമായി മുസ്തഫിസുർ റഹ്മാൻ ഏഴാമത്. ഒരു ലോക കപ്പിൽ 500 റൺസും 10 വിക്കറ്റും നേടുന്ന ആദ്യത്തെ കളിക്കാരൻ എന്ന റെക്കോർഡ് 32കാരനായ ഷക്കീബിൻെറ പേരിൽ കുറിക്കപ്പെട്ടുകഴിഞ്ഞു. ഇതുവരെയുള്ള ലോക കപ്പിലെ ഏറ്റവും മികച്ച പ്രകടനവുമായിട്ടായിരിക്കും ബംഗ്ലാദേശ് ഈ ടൂർണമെൻറിനോട് വിട പറയുക. താനിതുവരെ കണ്ട ഏറ്റവും മികച്ച ബംഗ്ലാദേശ് ടീമാണിതെന്ന് പറയുന്നത് സചിൻ തെണ്ടുൽക്കറാണെന്ന് കൂടി ഓർക്കണം.
ഇനിയുള്ള നാളുകളിൽ ബംഗ്ലാ ടീമിനെ അത്ര വേഗം എഴുതി തള്ളാൻ കഴിയില്ല. തുടക്കത്തിൽ നിലയുറപ്പിച്ച് പിന്നീട് ആവശ്യമായ നിരക്കിൽ റൺ കണ്ടെത്തുകയും ചെയ്യുക എന്ന രീതിക്കു പകരം തുടക്കത്തിൽ തന്നെ രണ്ടും കൽപ്പിച്ച് ബാറ്റു വീശുന്ന പരിപാടി നിർത്തിയാൽ ബംഗ്ലാ ടീമിൻെറ ഇടിമിന്നൽ പ്രകടനങ്ങൾ ഇനിയും മൈതാനങ്ങളെ നെടുകെ പിളർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.