സെര്‍ജിയോ റാമോസ്; 90ാം മിനിറ്റിന്‍െറ 'തല'

വീരകഥകളിലെ യഥാര്‍ഥ നായകനാണ് സെര്‍ജിയോ റാമോസ്. ശത്രുക്കളില്‍നിന്ന് തന്‍െറ പ്രണയിനിയെ പ്രതിബന്ധങ്ങളോട് പടവെട്ടി മരണത്തിന്‍െറ വക്കില്‍നിന്ന് മോചിപ്പിക്കുന്ന വീരനായകനെപ്പോലെ അയാള്‍ അവതരിക്കുന്നു. എതിരാളികള്‍ പോലും എണീറ്റുനിന്ന് കൈയടിച്ചു പോകും അയാളെ. വിരസമായ സമനിലയിലേക്കോ, തോല്‍വിയിലേക്കോ ടീം കണ്ണുംനട്ടിരിക്കുമ്പോഴായിരിക്കും പലപ്പോഴും ഇയാളുടെ 'തല' പ്രവര്‍ത്തിക്കുക. യുദ്ധവീരന്മാരേറെയുണ്ടെങ്കിലും വെറുമൊരു പ്രതിരോധ ഭടനായ ഇയാള്‍ മത്സരത്തിന്‍െറ ഗതിമാറ്റമറിക്കും. മത്സരം സ്വന്തമാക്കും. കിരീടധാരണം നിര്‍ണയിക്കും. 76 ഗോളുകളാണ് കരിയറില്‍ റാമോസ് നേടിയത്. ഇതില്‍ 34 ഗോളുകളും ടീമിന് വിജയമോ സമനിലയോ സമ്മാനിച്ചതായിരുന്നു. അതിലേറ്റവും ഒടുവിലത്തേതായിരുന്നു ഡിപോര്‍ട്ടിവോക്കെതിരെയുള്ള 90ാം മിനിറ്റ് ഗോള്‍. റയല്‍ മഡ്രിഡ് ഫുട്ബാളിന്‍െറ ചരിത്രത്തില്‍ മറക്കാനാവാത്ത മൂന്ന് മുഹൂര്‍ത്തങ്ങളാണ് സെര്‍ജിയോ റാമോസ് എന്ന നാലാം നമ്പറുകാരന്‍ സമ്മാനിച്ചത്. അതാകട്ടെ, സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇതിഹാസം സിനദിന്‍ സിദാനുമെല്ലാം ആശിച്ചു പോകുന്ന അതിഗംഭീര മുഹൂര്‍ത്തങ്ങളും...


2014 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍
2014ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ അന്ത്യനിമിഷങ്ങള്‍ റയല്‍ ആരാധകര്‍ മറന്നാലും അത്ലറ്റികോ മഡ്രിഡിന്‍െറ ആരാധകര്‍ മറക്കില്ല. കപ്പിനും ചുണ്ടിനുമിടയില്‍ എന്ന പ്രയോഗത്തിന്‍െറ സമ്പൂര്‍ണ അര്‍ഥത്തില്‍ അത്ലറ്റികോക്ക് കിരീടം നഷ്ടപ്പെടുന്നു. മത്സരത്തിന്‍െറ 93ാം മിനിറ്റുവരെ കൈയിലുണ്ടായിരുന്ന വിജയമാണ് ഒറ്റ ഹെഡര്‍കൊണ്ട് റാമോസ് തട്ടിത്തെറിപ്പിച്ചത്. ഒന്നാം പകുതിയില്‍ ദിയെഗോ ഗോഡിന്‍സിന്‍െറ ഗോളില്‍ മുന്നിലത്തെിയ അത്ലറ്റികോ അവസാന വിസിലിന് സെക്കന്‍റുകള്‍ മുമ്പുവരെ പ്രതിരോധകോട്ടകെട്ടി റയല്‍ മുന്നേറ്റത്തെ തടഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലും കരിം ബെന്‍സേമയുമടങ്ങുന്ന വന്‍ താരനിര കിണഞ്ഞുപരിശ്രമിച്ചിട്ടും ഗോള്‍ വര കടന്നില്ല. റയല്‍ ആരാധകരുടെ ഗാലറി ഒഴിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് റാമോസ് അവതരിച്ചത്. വലതുപാര്‍ശ്വത്തില്‍നിന്ന് ലൂക്കാ മോഡ്രിച്ച് ഉയര്‍ത്തിവിട്ട കോര്‍ണര്‍ കിക്ക് ചാട്ടുളി കണക്കെ അത്ലറ്റികോയുടെ വലതുളച്ചു. എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തില്‍ 4-1നാണ് റയല്‍ ജയിച്ചത്. റാമോസിനു പുറമെ ബെയ്ല്‍, ക്രിസ്റ്റ്യാനോ, മാഴ്സലോ എന്നിവരാണ് വലകുലുക്കിയത്. 


എല്‍ക്ളാസികോ 2016
ബാഴ്സലോണയുമായുള്ള റയല്‍ മഡ്രിഡിന്‍െറ മത്സരം ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ കളിപോലെയാണ്. മുന്‍കാല കണക്കുകളും നേട്ടങ്ങളുമെല്ലാം അപ്രസക്തമാകുന്ന നിമിഷം. ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ജയിക്കുന്നവരാണ് രാജാക്കന്മാര്‍. ലോകത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഫുട്ബാള്‍ മത്സരം കൂടിയാണ് എല്‍ക്ളാസികോ. ഇക്കഴിഞ്ഞ എല്‍ ക്ളാസികോയിലും റാമോസ് റയലിന്‍െറ രക്ഷകനായി മൈതാനത്ത് അവതരിച്ചു. ലൂയി സുവാരസ് നേടിയ ഏക ഗോളിന്‍െറ പിന്‍ബലത്തില്‍ അവസാന നിമിഷം വരെ ബാഴ്സ മൈതാനത്ത് ആധിപത്യമുറപ്പിച്ചു. 90ാം മിനിറ്റില്‍ റയലിനെ നാണക്കേടില്‍നിന്ന് രക്ഷിച്ച് റാമോസ് വീണ്ടും രക്ഷകനായി. ഇത്തവണയും സഹായകമായത് മോഡ്രിച്ചിന്‍െറ ഫ്രീകിക്ക്. ബാഴ്സയുടെ പ്രതിരോധം തകര്‍ത്ത്, റാമോസിന്‍െഖ തലയില്‍നിന്ന് വല ലക്ഷ്യമാക്കി പന്ത് പായുമ്പോള്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ നെഞ്ചത്ത് കൈവെച്ചു. 


കിങ്സ് കപ്പ് ഫൈനല്‍ 2016
സീസണില്‍ റയലിന് ആശ്വസിക്കാനുള്ള ഏക കിരീടവും റാമോസിന്‍െറ തലയില്‍നിന്നായിരുന്നു. ലീഗ് കപ്പും ചാമ്പ്യന്‍സ് ലീഗ് കപ്പും കൈവിട്ട റയലിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ കിങ്സ് കപ്പ് അത്യാവശ്യമായിരുന്നു. ശക്തരായ സെവിയ്യയായിരുന്നു എതിരാളികള്‍. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലും ഇല്ലാതെയാണ് റയല്‍ കളിച്ചത്. 21ാം മിനിറ്റില്‍ മാര്‍സോ അസെന്‍സിയോ റയലിനെ മുന്നിലത്തെിച്ചെങ്കിലും 41ാം മിനിറ്റില്‍ ഫ്രാന്‍കോ വാന്‍ക്വെ് സെവിയ്യയെ മുന്നിലത്തെിച്ചു. 72ാം മിനിറ്റില്‍ റാമോസ് ബോക്സിനുള്ളില്‍ വിറ്റോലോയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി കൊണോപ്ളയന്‍ക വലയിലത്തെിച്ചതോടെ റയല്‍ പിന്നിലായി. 93ാം മിനിറ്റില്‍ പ്രായശ്ചിത്തം പോലെ റാമോസിന്‍െറ ഗോള്‍. വലതുഭാഗത്ത് നിന്ന് ലൂകാസ് വാന്‍കെസ് നല്‍കിയ ക്രോസ് കൃത്യമായി വലക്കുള്ളില്‍. 119ാം മിനിറ്റില്‍ ഡാനിയല്‍ കര്‍വസല്‍ നേടിയ ഗോളില്‍ റയല്‍ കപ്പുയര്‍ത്തി. 
 

Tags:    
News Summary - sergio ramos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.