കൊൽക്കത്ത: ലോർഡ്സ് എന്ന് കേൾക്കുേമ്പാൾ തന്നെ ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ദൃശ്യങ്ങളിലൊന്നാണ് 2002ൽ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ ഐതിഹാസിക വിജയത്തിന് ശേഷം സൗരവ് ഗാംഗുലി ജഴ്സി ഊരി വീശുന്ന ആ രംഗം. കഴിഞ്ഞ ദിവസം സ്വന്തം വീടിൻെറ ബാൽക്കണിയിൽ ‘ശക്തി’ തെളിയിച്ചിരിക്കുകയാണ് ഗാംഗുലി. അംപൻ ചുഴലിക്കാറ്റിനെത്തുടർന്ന് ചെരിഞ്ഞ് വീണ മാവിനെ പൂർവ സ്ഥിതിയിലെത്തിക്കാനാണ് ബി.സി.സി.ഐ അധ്യക്ഷൻ തൻെറ ശക്തി മുഴുവൻ പ്രയോഗിച്ചത്.
വംഗനാട്ടിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിൽ ഈയൊരു നഷ്ടം മാത്രമാണ് ദാദക്കും കുടംബത്തിനും നേരിടേണ്ടി വന്നത്. കൊൽക്കത്തയിലെ ബെഹല പ്രദേശത്താണ് ഗാംഗുലി താമസിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ചുഴലിക്കാറ്റ് സ്വന്തം പ്രദേശത്ത് സൃഷ്ടിച്ച നാശനഷ്ടങ്ങൾ ഗാംഗുലി കാണിച്ചുതന്നത്. നിരവധി ആരാധകരാണ് ദാദയുടെ പ്രവർത്തിയെ നാറ്റ്വെസ്റ്റ് ഫൈനലിലെ പ്രകടനവുമായി ഉപമിക്കുന്നത്. ഒട്ടേറെ ആരാധകർ ഇത് കമൻറുകളായി പോസ്റ്റിന് ചുവടെ കുറിച്ചു.
The mango tree in the house had to be lifted, pulled back and fixed again .. strength at its highest pic.twitter.com/RGOJeaqFx1
— Sourav Ganguly (@SGanguly99) May 21, 2020
വർഷങ്ങൾക്കിപ്പുറം പപ്പാ, പപ്പ എന്തിനാണ് അന്നങ്ങനെ ചെയ്തത്. അതു മോശമായിപ്പോയില്ലേ എന്ന് മകൾ സന ചോദിച്ചപ്പോൾ ചമ്മിപ്പോയതായി ഗാംഗുലി ഒരു അഭിമുഖത്തിൽ ഈയടുത്ത് വ്യക്തമാക്കിയിരുന്നു. സന്തോഷം വന്നതുകൊണ്ടാണു മോളേ എന്നു പറഞ്ഞ് അന്ന് ഗാംഗുലി തടിയൂരുകയായിരുന്നു. 2002 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ മധ്യനിര തകർന്നടിഞ്ഞ വേളയിലാണ് യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ചേർന്ന് എന്നെന്നും ഓർമിക്കാവുന്ന ജയം ഇന്ത്യക്ക് നേടിത്തന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായാണ് അത് വിലയിരുത്തപ്പെടുന്നത്.
ഇംഗ്ലണ്ട് ഉയർത്തിയ 325 റൺസ് പിന്തുടരവേ പാതി ദൂരം പിന്നിട്ടപ്പോൾ തന്നെ ഇന്ത്യക്ക് പകുതി വിക്കറ്റ് നഷ്ടമായി. സചിൻ ടെണ്ടുൽക്കർ അടക്കമുള്ള താരങ്ങൾ മടങ്ങിയതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. എന്നാൽ യുവരാജും കൈഫും ഇന്ത്യയെ കൈപിടിച്ചുയർത്തി. ഇരുപത്തൊന്നുകാരൻ കൈഫും (87) ഇരുപതുകാരൻ യുവരാജും (69) ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 121 റൺസാണ് ഇന്ത്യൻ ഇന്നിങ്സ് കരക്കടുപ്പിച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് കൈഫ് വിജയ റൺ ഓടിയെടുത്തപ്പോൾ അതുവരെ അക്ഷമനായി നിന്ന ഗാംഗുലിയുടെ ആവേശം അണപൊട്ടി. ലോഡ്സിൻെറ ബാൽക്കണിയിൽ ഗാംഗുലി ജഴ്സിയൂരി വീശി. വാങ്കഡെ മൈതാനത്തിൽ ജഴ്സിയൂരി ആഘോഷിച്ച ആൻഡ്രു ഫ്ലിേൻറാഫിനുള്ള ചൂടൻ മറുപടിയായാണ് ഗാംഗുലി ജഴ്സിയൂരിയത്.
ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനാക്കണമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകനും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.