അസാധാരണമായ പ്രതിസന്ധിയിലാണ് ടെന്നിസ് പ്രതിഭാസം ബോറിസ് ബെക്കർ. ഒരിക്കലും കരകയറാനാകാത്ത വിധം കടക്കെണിയിൽ അകപ്പെട്ട ഈ അവസ്ഥ എങ്ങനെയുണ്ടായി. അദ്ദേഹത്തിന് വീണ്ടും ബോറിസ് ആയി മടങ്ങിവരാൻ കഴിയുമോ?. കൈവിട്ടുപോയ ജീവിതത്തെക്കുറിച്ചു ഒരു അന്വേഷണം.
*****
തൊടുന്നതൊക്കെ പൊന്നാകണമെന്ന വരം തേടിയ മഹാരാജാവിെൻറ അതെ അനുഭവമാണ് ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർക്കും ഉണ്ടായിരിക്കുന്നത്. പൊന്നായതൊക്കെ തിരിച്ചു നൽകി ഒടുവിൽ സാധാരണ മനുഷ്യനായി അന്നത്തെ രാജാവും ഇന്നത്തെ ബോറിസ് ബെക്കറും!.പതിനേഴാം വയസ്സിൽ ഇതിഹാസമായിത്തീർന്ന കൗമാരക്കാരൻ കെട്ടഴിച്ചുവിട്ട ടെന്നിസ് വികാര വിസ്ഫോടനം ജർമൻ കായിക ചരിത്രത്തിൽ അവരുടെ പന്തുകളി ടീം ആദ്യമായി ലോകകപ്പ് ഫുട്ബാളിൽ വിജയം നേടിയതിനു തുല്യമോ അതിനു അപ്പുറമോ ആയിരുന്നു.
1985 ജൂൺ ഏഴാം തീയതി പതിനേഴാം വയസ്സിൽ വിംബിൾഡൺ സെൻറർ കോർട്ടിൽ ദക്ഷിണാഫ്രിക്കക്കാരൻ കെവിൻ കരനെ നാല് സെറ്റുകൾക്ക് വകവരുത്തി ഈ ജർമൻ കൗമാരക്കാരൻ കപ്പുയർത്തിയപ്പോൾ ഒരുപാട് റെേക്കാഡുകൾ അവിടെ തകർന്നുവീണു. അതിൽ ഏറ്റവും പ്രധാനം ചരിത്രത്തിലെ തന്നെ പ്രായം കുറഞ്ഞ വിംബിൾഡൺ ജേതാവ് എന്ന ബഹുമതിയായിരുന്നു. അതോടെ ജർമൻകാരുടെ മനസ്സിലും ഹൃദയത്തിലും നേരെ നടന്നുകയറാനും ആ കുസൃതിച്ചെക്കന് കഴിഞ്ഞു. ഇന്നും ജർമൻ ജനതക്ക് ‘ഉൻസറ’ ബെറീസാണ് ബെക്കർ. അതായത് ഞങ്ങളുടെ ബോറിസ്. ആദ്യ വിംബിൾഡൺ വിജയത്തിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല റാക്കറ്റ് കൈയിൽ എടുത്തപ്പോഴൊന്നും ബോറിസിന്. മൂന്നുതവണ വിംബിൾഡൺ. രണ്ടു ആസ്ട്രേലിയൻ ഓപൺ. ഒരു യു.എസ് ഓപൺ. മിഷയെൽ സ്റ്റിഷുമായിച്ചേർന്ന് ബാഴ്സലോണ ഒളിമ്പിക്സിൽ സ്വർണ മെഡലും.
1985ലെ വിംബ്ൾഡൺ കിരീടവുമായി ബോറിസ് ബെക്കർ
26 ദശ ലക്ഷം ഡോളർ പ്രൈസ് മണിയായി മാത്രം കൊച്ചു ബോറിസിെൻറ അക്കൗണ്ടിൽ ചെന്നെത്തുകയും ചെയ്തു. പരസ്യത്തിലും മോഡൽ ഇനത്തിലും കിട്ടിയത് അതിെൻറയൊക്കെ എത്രയോ ഇരട്ടി. ഒന്നുരണ്ടു തലമുറക്കു സുഭിക്ഷമായി ജീവിക്കാനുള്ളതൊക്കെ ബെക്കർ സമ്പാദിച്ചുകൂട്ടിയിരുന്നു. പിന്നെങ്ങനെ ബോറിസ് ഇത്ര വേഗം ക്രയവിക്രയത്തിനു അനർഹനായി പ്രഖ്യാപിക്കപ്പെട്ടു?.ബോറിസിന് ടെന്നിസ് കളിക്കുവാൻ മാത്രമേ അറിയൂ എന്ന അദ്ദേഹത്തിെൻറ മാനേജർ ഇയാൻ റ്റീരിയക്കിെൻറ പ്രസ്താവന മാത്രം മതി ബോറിസിെൻറ പരാജയ കാരണങ്ങൾ കണ്ടെത്താൻ. ഒരു വിധ സാമ്പത്തിക അച്ചടക്കവും ഇല്ലാതെ ഏതു ഏജൻറ് വെക്കുന്ന കെണിയിലും തല െവച്ച് കൊടുക്കുന്ന ഒരു പാവമായിട്ടയാൾ മാറിയിരുന്നു ഇതിനകം. ബെക്കറുടെ പ്രശസ്തി ശരിക്കും വിനിയോഗിച്ചത് ജർമൻ മോട്ടോർ വ്യവസായത്തിലെ വമ്പന്മാരായ ഡൈംലർ ബെൻസ് ആയിരുന്നു. അവരുടെ ബ്രാൻഡ് അംബാസഡർ എന്നതിനപ്പുറം കച്ചവട പങ്കാളിയുമായി ടെന്നിസ് ഇതിഹാസം.
ബാർബറെക്കൊപ്പം മകനുമൊപ്പം ബോറിസ്
കളിമറന്ന്, പെണ്ണിനു പിന്നാലെ വീരപരിവേശത്തിനിടെയാണ് ആഫ്രിക്കൻ ജർമൻ വംശജനായ ഹാർലൻ റോസ് ഫെൽറ്റസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറുടെ മകൾ ബാർബറെയെ ബെക്കർ അവിചാരിതമായിക്കാണുന്നതും പ്രണയവും വിവാഹവും ആയി പരിണമിക്കുന്നതും. നോഹ, ഏലിയാസ് എന്നീ ആൺമക്കളും അവർക്കുണ്ടായി. എന്നാൽ ബെക്കർ വിശ്വസ്തൻ ആയിരുന്നില്ല. ബാർബറ, ഏലിയാസ് ഗർഭിണിയായിരിക്കെ 1999ലെ വിംബിൾഡൺ വേദിയിൽ െവച്ച് റഷ്യൻ മോഡൽ ആംഗല എർമക്കോവയുമായി ബെക്കർ ബന്ധപ്പെടുകയും അനാ എർമക്കോവ എന്നൊരു പെൺകുഞ്ഞു പിറക്കുകയും ചെയ്തു. ബോറിസ് രാജാവിെൻറ പതനത്തിെൻറ തുടക്കം അതായിരുന്നു. ബാർബറ രണ്ടു ആൺമക്കളെയും കൂട്ടി അമേരിക്കയിൽപോയി. ഒപ്പം വിവാഹമോചനത്തിന് കോടതിയെയും സമീപിക്കുകയും ചെയ്തു. പതിനഞ്ചു ദശ ലക്ഷം യൂറോ ആയിരുന്നു ബോറിസിെൻറ അക്കൗണ്ടിൽ നിന്ന് ഫെൽറ്റോഫിെൻറ ബാങ്കിൽ എത്തിയത്. അതോടൊപ്പം കൗശലക്കാരിയായ റഷ്യക്കാരി താൻ ഗർഭിണിയാണെന്നും ബോറിസ് ബെക്കർ ആണ് അതിനു കാരണക്കാരൻ എന്നും അറിയിച്ച് കോടതിയെ സമീപിച്ചു. ബെക്കർ ടെന്നിസിലെ മാന്യത അതേപടി പുലർത്തിക്കൊണ്ടു പിതൃത്വം ഏറ്റെടുത്തു. എന്നാൽ രണ്ടു മില്യൺ അദ്ദേഹത്തിെൻറ കണക്കിൽ കുറവ് വരുകയും ചെയ്തു. ഒപ്പം പെൺകുഞ്ഞിെൻറ വളർത്തുചെലവായി മാസാമാസം മറ്റൊരു വൻ തുക എർമക്കോവയുടെ അക്കൗണ്ടിൽ എത്തിക്കേണ്ടിവന്നു.
നികുതി വെട്ടിപ്പിെൻറ പേരിൽ 2002ൽ ജർമൻ സാമ്പത്തിക വകുപ്പ് 25 ലക്ഷം ഡോളർ പിഴയും ആറുമാസം തടവും വിധിച്ചതോടെ അടുത്ത പതനമെത്തി. ജയിലിൽ കിടക്കാതിരിക്കാൻ മറ്റൊരു 15 ലക്ഷം കൂടി കെട്ടി വെക്കേണ്ടി വന്നതോടെ ബോറിസിെൻറ കീശ കാലിയായിത്തുടങ്ങി.ഇതിനിടയിൽ ആയിരുന്നു മറ്റൊരു ഭ്രാന്ത് ടെന്നിസ് രാജകുമാരനെ അടിമയാക്കുന്നത്. ഓൺലൈൻ ചൂതുകളിയുടെ മറ്റൊരു വകഭേദമായ ‘പോക്കർ’. പരസ്യ ചിത്രത്തിൽ അഭിനയിക്കുവാനെത്തിയാണ് ബെക്കർ ചൂതുകളിയുടെ വലയിൽ കുരുങ്ങുന്നത്. എന്നാൽ, പരസ്യം യാഥാർഥ്യമാക്കി അദ്ദേഹം അതിലെ സ്ഥിര പങ്കാളിയുമായി. ബാർബറ ബെക്കർ മിയാമി കേന്ദ്രമാക്കി വൻ പരസ്യ കമ്പനിയും അവരുടെ പേരിൽത്തന്നെ ആഡംബര ഡിസൈൻ കേന്ദ്രവുമാരംഭിച്ചു. ബോറിസിെൻറ പേര് തുണയായത് അവർക്കായിരുന്നു. എന്നാൽ ബോറിസ് നിരാശനായത് മറ്റൊരു കാരണം കൊണ്ടായിരുന്നു. മൂത്ത മകന് നോഹ എന്ന പേര് നൽകിയത് തെൻറ ആത്മമിത്രമായ ഫ്രഞ്ച് ടെന്നിസ് താരം യാനിക്ക് നോഹയുടെ കൂട്ടുകെട്ടിെൻറ ഓർമക്കായിരുന്നു. അവൻ തെൻറ പിൻഗാമിയായി ടെന്നിസ് ലോകത്തു നിലയുറപ്പിക്കും എന്നും ആ പിതാവ് കരുതിയിരുന്നു. എന്നാൽ ബാർബറ തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ആദ്യം ഫാഷൻ ഡിസൈനിൽ അമ്മക്കൊപ്പം നിന്ന നോഹ പിന്നീട് മ്യൂസിക് ഡി.ജെ ആയി പേരെടുത്തു.
ബാർബറ വേർപെട്ട ബോറിസിെൻറ ജീവിതത്തിൽ പിന്നെ ഒരുപാട് സ്ത്രീകൾ വന്നുപോയി. ഇന്ത്യൻ വംശജയായ ജർമൻ ഗായിക സാന്ദ്ര സെറ്റല്ലർ, സ്പാനിഷ് നർത്തകി ഗബ്രിയേല, മ്യൂണിക്കിലെ മോഡൽ സാൻഡി മയർ വോൾടൺ എന്നിവർ. എല്ലാം മാസങ്ങളുടെ മാത്രം ആയുസ്സിൽ വേർപിരിഞ്ഞു. പക്ഷേ, ദശലക്ഷം യൂറോ അവരെല്ലാം കൊണ്ടുപോയി. തുടർന്നാണ് െബക്കർ ഇപ്പോഴത്തെ ഭാര്യ ലില്ലി ക്രെസെൻബെർഗിനെ കാണുന്നതും 2009ൽ വിവാഹം കഴിക്കുന്നതും. ഇതിനിടയിൽ െബക്കറുടെ സമ്പാദ്യങ്ങൾ ഒന്നൊന്നായി കൈവിട്ടുപോയിക്കൊണ്ടിരുന്നു.
പിന്നീടാണ് ടെന്നിസിലേക്കു ഒരു തിരിച്ചുവരവുണ്ടായത്. പ്രതിവർഷം ഒരു മില്യൺ യൂറോ പ്രതിഫലം നൽകി നൊവാക് ദ്യോകോവിച് ബെക്കറെ അദ്ദേഹത്തിെൻറ പരിശീലകനാക്കി. അക്കൊല്ലം തന്നെ ദ്യോകോവിച് ഫ്രഞ്ച് ഓപൺ ജേതാവുമായി. എന്നാൽ മാറ്റിെവച്ച ഹിപ് ജോയൻറും മറ്റു ആരോഗ്യ മാനസിക പ്രശ്നങ്ങളും കാരണം െബക്കർക്കു ഏതിനോടും കൂറ് കാണിക്കാനായില്ല. ഈ പ്രശ്നങ്ങൾക്കിടയിലും ബി.ബി.സിയിലും സ്കൈ സ്പോർട്സിലും കളി പറഞ്ഞു െബക്കർ കാശുണ്ടാക്കിയിരുന്നു. അത്യാവശ്യം സുഖമായി ജീവിച്ചുപോകാൻ അത് മതിയായിരുന്നു. അപ്പോഴാണ് ലണ്ടനിൽ നടത്തിയിരുന്ന വ്യവസായ സ്ഥാപനം പൊളിഞ്ഞത്. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത കടം വർഷങ്ങളായി അടവ് മുടങ്ങിയതോടെ അവർ കോടതിയെ സമീപിച്ചു. രണ്ടു മാസത്തെ വാദങ്ങൾക്കു ശേഷം ടെന്നിസ് പ്രതിഭാസത്തെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് വെടിമരുന്നിനു തീപിടിച്ചതുപോലായി. ഒന്നിന് പിറകെ ഒന്നായി ഒമ്പതു കേസുകൾ. രണ്ടെണ്ണത്തിൽ അനുകൂല വിധി വന്നതുകൊണ്ട് ഇതിഹാസ താരത്തിന് തൽക്കാലം പിടിച്ചു നിൽക്കാനായി. മയോർക്ക കൊട്ടാരം കിട്ടിയ വിലയ്ക്ക് വിറ്റു കടം തീർക്കേണ്ടി വന്നു. ഒപ്പം അമ്മയുടെ വീടും സ്ഥലവും ബാങ്കിന് ഈടായി നൽകി. അതോടെ തൊട്ടതൊക്കെ പൊന്നാക്കിയ രാജാവിെൻറ കഥ െബക്കറുടെ സ്വന്തം കഥയുമായി. ഇനിയുള്ള കാലം കോടതി കയറി നടക്കേണ്ട ദുർഗതി മാത്രമാണ് ടെന്നിസ് കളി മാത്രം അറിയാവുന്ന ബോറിസ് ബെക്കർ മറ്റു മേഖലകളിലേക്ക് തിരിഞ്ഞപ്പോൾ ഉണ്ടായത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.