പച്ചപ്പുൽ മൈതാനങ്ങളും വലകെട്ടിയ ഗോൾ പോസ്റ്റും അഡിഡാസ് പന്തുകളൊന്നുമില്ലാത്ത, എന്നാൽ കളിയാവേശത്തിന് മാത്രം അതിരുകളില്ലാത്ത കാലം. ചെമ്മൺപാതയായിരുന്നു അന്നത്തെ മൈതാനം. കൊട്ടാരക്കരയിലെ കിഴക്കെ തെരുവിലെ ഏത് പാതയും അന്ന് ഞങ്ങൾ മൈതാനമാക്കുമായിരുന്നു. കല്ലുവെച്ച് അടയാളങ്ങൾ തീർത്ത ഗോൾ പോസ്റ്റിലേക്ക് എണ്ണിയാലൊടുങ്ങാത്തത്രയും ഗോളുകൾ...
നാലോ അഞ്ചോ പേരടങ്ങുന്ന ടീമുകൾ അപ്പുറമിപ്പുറമായി അണിനിരക്കും. റബർ പന്തിലായിരുന്നു അന്നത്തെ അഭ്യാസങ്ങൾ. കുട്ടിക്കാലത്ത് പന്തുകളി മൈതാനങ്ങൾ നൽകിയ ഉല്ലാസവും സന്തോഷവും എവിടെനിന്നും ലഭിച്ചിട്ടില്ല. ലോകമറിയുന്ന പന്തുകളിക്കാരനാകണമെന്ന മോഹമുദിക്കുന്നത് ഈ ചെമ്മൺപാതകളിൽനിന്നാണ്. പിന്നെ അടുത്തുള്ള സെൻറ്മേരീസ് സ്കൂളിലെ ചെറിയ മൈതാനത്ത് കളിക്കാൻ തുടങ്ങി. അവിടെനിന്നാണ് ഇപ്പോഴത്തെ പന്തിെൻറ ആദ്യ രൂപമായ റഷ്യൻ ബാളിൽ കളിക്കുന്നത്. അതോടെ കളിയെക്കുറിച്ചുള്ള ധാരണ മാറി. നന്നായി കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായി.
വീട്ടിലും എല്ലാവരും ഫുട്ബാൾ കമ്പക്കാരായിരുന്നു. വീട്ടുമുറ്റത്തും സഹോദരങ്ങളോടൊപ്പം പന്ത് കളിക്കുകയായിരുന്നു പ്രധാന വിനോദം. പിന്നീട് കളിക്കമ്പം മൂത്തു. എട്ടാം ക്ലാസിലെത്തിയപ്പോൾ സ്പോർട്സ് സ്കൂളിലേക്ക് മാറി. അവിടെനിന്നാണ് ഷോട്ടുകളുടെ സാങ്കേതികത പഠിക്കുന്നത്. അവിടെനിന്ന് സബ് ജൂനിയർ, ജൂനിയർ ടീമുകളിലെത്തി. പിന്നീട് ജീവിതത്തിൽ കാൽപന്തുകളിയുടെ പൂക്കാലമായിരുന്നു. അന്നത്തെ നമ്പർ വൺ ടീമുകളായ കെൽട്രോൺ, കണ്ണൂർ ലക്കി സ്റ്റാർ, മലപ്പുറം സോക്കർ തുടങ്ങിയ ടീമുകളിൽ ബൂട്ടുകെട്ടി. കേരള പൊലീസ് ടീമിനെയും കേരള സന്തോഷ് ട്രോഫി ടീമിനെയും നയിച്ചു. 1993ൽ എറണാകുളം മഹാരാജാസ് മൈതാനത്ത് ആവേശത്തിെൻറ അവസാന വലക്കണ്ണിയും പൊട്ടിച്ച് കേരളം കിരീടം നേടുമ്പോൾ, ചെറുപ്പത്തിൽ ചെമ്മൺപാതയിൽനിന്ന് പുരണ്ട ചുവന്ന പൊടിമണ്ണ് എെൻറ കാലിലുണ്ടായിരുന്നുവെന്ന കാര്യത്തിൽ എനിക്ക് സംശയമില
തയാറാക്കിയത് : പ്രജീഷ് റാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.