വിരാട് കോഹ്ലിയും സുനിൽ ഛേത്രിയും പി.ആർ. ശ്രീജേഷും പോലെ നായകരെ മാത്രമേ ലോകം ആഘോഷിക്കാറുള്ളൂ. ആരാധകരും മാധ്യമങ്ങളും ഇവർക്കു പിന്നാലെയാണ്. എന്നാൽ, തുല്യപദവിയിലുള്ള ഒരുപിടി ദേശീയ നായികമാരും നമുക്കുണ്ട്. കായിക ആരാധകർ അറിഞ്ഞിരിക്കേണ്ട നമ്മുടെ നായികമാർ. പ്രതിസന്ധികളെ ചവിട്ടുപടികളാക്കി ഇവർ,
മിതാലി: ലേഡീസ് സചിൻ
കുഞ്ഞുനാളിൽ സഹോദരനൊപ്പം ബാറ്റേന്തിയായിരുന്നു തുടക്കം. 1999 ജൂണിൽ ഇന്ത്യൻ കുപ്പായത്തിൽ ക്ഷണമെത്തുേമ്പാൾ 16 വയസ്സും 250 ദിവസവും പ്രായം. അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി ചരിത്രംകുറിച്ച മിതാലി പിന്നെ തൊട്ടതെല്ലാം പൊന്നാക്കിമാറ്റി. അതിന് മുമ്പ് 1997 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല.
ആറു സെഞ്ച്വറി, 49 അർധസെഞ്ച്വറി, ഏകദിനത്തിൽ 6000 റൺസ് കടന്ന ഏക വനിത, അർജുന-പത്മശ്രീ ജേതാവ്, മിതാലിയുടെ തൊപ്പിയിലെ പൊൻതൂവലിന് ഇതളുകൾ കൂടുന്നേയുള്ളൂ.
മിതാലി സ്പെഷൽ: കളിക്കാരിൽ കാണാെത്താരു അപൂർവ ശീലത്തിനുടമയാണ് മിതാലി. സഹതാരങ്ങൾ കളിയുടെ പിരിമുറുക്കത്തിലമരുേമ്പാഴും ഡ്രസ്സിങ് റൂമിൽ കനമുള്ള പുസ്തകത്തിൽ ഉൗളിയിടുന്ന ഗൗരവക്കാരിയായ വായനക്കാരി. ക്രിക്കറ്റിലെത്തിയില്ലെങ്കിൽ നല്ലൊരു ഭരതനാട്യ നർത്തകിയാവുമായിരുന്നു ഇവർ.
മണിപ്പൂരിെൻറ ഗംഗം ദേവി
മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിലെ ഇറംങ്ബാം മമാങ് എന്ന ഗ്രാമത്തിെൻറ െഎശ്വര്യദേവിയാണ് ഗംഗം ബാലാ ദേവിയെന്ന ഇന്ത്യൻ ഫുട്ബാൾ നായിക. കുഞ്ഞുനാളിൽ സഹോദരങ്ങൾക്കൊപ്പം പന്തുമായി കളിച്ചു നടക്കുേമ്പാൾ കണ്ണുരുട്ടിയവരെയും അച്ഛൻ ഗംഗം മനിഹറിനു മുന്നിൽ പരാതിെകട്ടഴിച്ചവരെയുമെല്ലാം തെൻറ ആരാധകരാക്കിമാറ്റി ബാലാ ദേവിയുടെ മായ.
മകളുടെ കളി നിർത്താൻ ആവശ്യപ്പെട്ട് ഗ്രാമത്തിലെ കുടിലിനു മുന്നിൽ ക്യൂനിന്ന നാട്ടുകാർ ഇന്ന് മകൾക്ക് സ്വീകരണവും അനുമോദനവുമൊരുക്കുേമ്പാൾ മുൻ ഫുട്ബാളർ കൂടിയായ ആ അച്ഛനുമുണ്ട് അഭിമാനം.
മണിപ്പൂരിൽനിന്നു തന്നെയുള്ള ‘ഇന്ത്യൻ ഫുട്ബാളിെൻറ ദുർഗ’ ഒയ്നം ബെംബം ദേവിയുടെ പിന്മുറക്കാരിയായാണ് ഗംഗം ബാല ദേവി പച്ചപ്പുൽ മൈതാനത്തെത്തുന്നത്. സംസ്ഥാന ഫുട്ബാളിൽ തിളങ്ങി അവർ, 2005ൽ ഇന്ത്യൻ ടീമിൽ ഇടം നേടി. 2016ൽ സാഫ് ചാമ്പ്യൻഷിപ്പിൽ ടീം നായികയായും സ്ഥാനമേറ്റു. 33 മത്സരങ്ങളിൽ 32 ഗോളടിച്ച ഗംഗം ബാല ഇന്ത്യയുടെ േടാപ് ഗോൾ സ്കോറർ പട്ടികയിൽ ഒയ്നം ദേവിക്കൊപ്പം ഒന്നാമതാണ്. സാഫ് ചാമ്പ്യൻഷിപ്, സാഫ് ഗെയിംസ് ചാമ്പ്യന്മാരായപ്പോൾ ടീമിെൻറ ക്യാപ്റ്റനായിരുന്നു. 2014, 2015 വർഷങ്ങളിൽ മികച്ച ഇന്ത്യൻ താരവുമായിരുന്നു.
ഇന്ത്യൻ ടീമെന്ന സ്വപ്നം
ദേശീയ സീനിയർ വോളിബാളിൽ സ്വന്തം മണ്ണിൽ കേരളം പൊരുതുേമ്പാൾ അമരത്ത് ജി. അഞ്ജുമോൾ എന്ന കോട്ടയംകാരിയുണ്ടായിരുന്നു. ഫൈനലിൽ റെയിൽവേക്ക് മുന്നിൽ പൊരുതി വീണപ്പോഴും അഞ്ജുവും സംഘവും തലയുയർത്തി തന്നെ മടങ്ങി. ഇപ്പോൾ ഫെഡറേഷൻ കപ്പിലെ കിരീടം ലക്ഷ്യമിട്ട് ഒരുങ്ങുകയാണ് വോളി ക്യാപ്റ്റൻ അഞ്ജുവും സംഘവും.
അഭിമാനനേട്ടങ്ങൾക്കിടയിലും ഇന്ത്യൻ കുപ്പായമെന്ന മോഹം പൂവണിയാത്തതിെൻറ നിരാശയിലാണ് ലേഡി ക്യാപ്റ്റൻ. വോളി കളിക്കാരനായ അച്ഛൻ ഗണേഷിലൂടെയാണ് അഞ്ജു കോർട്ടിലിറങ്ങുന്നത്. കോട്ടയം, മല്ലപ്പള്ളിയിലെ സ്കൂൾ പഠനം കഴിഞ്ഞാണ് കൊല്ലം സായിയിൽ എത്തുന്നത്. അവിടെ മൂന്നുവർഷത്തോളം ക്യാപ്റ്റനായിരുന്നു.
ഇന്ത്യൻ ടീമാണ് സ്വപ്നം. ഈ വർഷം പ്രതീക്ഷിച്ചിരുന്നു. എന്തോ ഇതുവരെ കളിക്കാൻ കഴിഞ്ഞിട്ടില്ല. കുറച്ചുപേർക്ക് മാത്രമായി എടുത്തുവെച്ചേക്കുന്നതാണ് ഇതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അഞ്ജുമോൾ പറയുന്നു. കോളജ് ടീമിലും കേരള പൊലീസ് ടീമിലും ക്യാപ്റ്റനായിരുന്നു. പുനലൂർ ചാലിയക്കര എസ്റ്റേറ്റിലാണ് അച്ഛൻ ഗണേശൻ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്വാർട്ടേഴ്സിലാണ് താമസം. അമ്മ: തങ്കമണി. സഹോദരൻ: മഹേഷ്.
തയാറാക്കിയത്: ജിനു എം. നാരായണൻ
മാന്ത്രിക സ്റ്റിക്കുമായി ചാനു
ഇന്ത്യൻ ഹോക്കിക്കുള്ള മണിപ്പൂരിെൻറ മറ്റൊരു സംഭാവനയാണ് സുശീല ചാനു. ഡ്രൈവറായ പിതാവ് പുക്റമ്പം ശ്യാംസുന്ദറും വീട്ടമ്മയായ ഒംഗ്ബി ലാറ്റയുമടങ്ങുന്ന കുടുംബത്തിന് കായിക രംഗത്ത് കാര്യമായ പാരമ്പര്യമൊന്നു അവകാശപ്പെടാനില്ലായിരുന്നു. മുത്തച്ഛൻ പുക്റമ്പം അംഗാങ്ച പോളോ കളിക്കാരനായിരുന്നു എന്നത് മാത്രമാണ് എടുത്തു പറയാനുണ്ടായിരുന്നത്.
മണിപ്പൂർ ആതിഥ്യം വഹിച്ച 1999ലെ ദേശീയ ഗെയിംസ് കാണാൻ അവസരം ലഭിച്ചതോടെയാണ് സ്പോർട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. അമ്മാവനോട് ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ ഹോക്കി സ്റ്റിക്ക് നൽകി മണിപ്പൂരിലെ േപാസ്റ്റീരിയർ ഹോക്കി അക്കാദമിയിലെത്തിച്ചു.
ഹോക്കിയിൽ അസാമാന്യ പ്രതിഭയുണ്ടെന്ന് കളത്തിൽ തെളിയിച്ചതോടെ ചാനു വളർന്നു. ഇന്ത്യൻ ദേശീയ സീനിയർ ടീമിെൻറ അമരക്കാരിയായിമാറി റിയോ ഒളിമ്പിക്സിൽവരെ ഇന്ത്യയെ നയിച്ചപ്പോൾ, വളർത്തി വലുതാക്കിയ അമ്മ ഒംഗ്ബിയുടെയും ഒപ്പം നാട്ടുകാരുടെയും മനംനിറഞ്ഞു.
ബാസ്കറ്റിലാക്കി അഞ്ജന
ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ബാസ്കറ്റ് ബാൾ പരിശീലന സൗകര്യാർഥം കണ്ണൂർ കൃഷ്ണമേനോൻ കോളജ് ബിരുദ പഠനത്തിന് തെരഞ്ഞെടുത്തു. ഏറെക്കാലം കേരള ടീമിെൻറ നട്ടെല്ലായിരുന്നു. മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും എത്തിപ്പെട്ടു അഞ്ചടി 10 ഇഞ്ചുകാരിയായ ഈ 23 കാരി.
2017 ഏഷ്യ കപ്പ്, 2015ൽ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ് ടൂർണമെൻറുകളിൽ ഇന്ത്യൻ ടീം അംഗമായി. 2012 ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധിക്കപ്പെട്ടു. ഫെഡറേഷൻ കപ്പ്, സീനിയർ നഷനൽ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്, ജൂനിയർ ദേശീയ ചാമ്പ്യൻഷിപ് കിരീടം നേടിയ കേരള ടീമിൽ അംഗമായിരുന്നു.
തയാറാക്കിയത്: പ്രജീഷ് റാം
ഉദിച്ചുയരുന്ന സൂപ്പർതാരം
വർഷം 2012. ചെന്നൈ എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ സ്റ്റേഡിയത്തിലെ കേരളം-ഹൈദരാബാദ് വനിത ട്വൻറി20 ക്രിക്കറ്റ് മത്സരം. അവസാന ഓവറിലെ അവസാന പന്തിൽ കേരളത്തിന് ജയിക്കാൻ വേണ്ടത് നാലു റൺസ്. പരിക്കേറ്റ സീനിയർ താരത്തിനുപകരം ക്രീസിലെത്തിയത് ഒരു കൗമാരക്കാരി. നിർണായക നിമിഷത്തിലെ സമ്മർദം അതിജീവിക്കാനാകാതെ ക്രീസിൽനിന്ന് തെല്ലുനേരം മാറിനിന്നു. സഹതാരം ആത്മവിശ്വാസം പകർന്നതോടെ ബാറ്റുമെടുത്ത് ക്രീസിൽ. ചീറിവന്ന പന്ത് മിഡ് ഓണിലൂടെ അതിർത്തി കടത്തിയ അവളുടെ പേര് ക്രിക്കറ്റ് ലോകം ചോദിച്ചറിഞ്ഞു. സജ്ന സജീവൻ. കേരള ക്രിക്കറ്റിൽ പുതിയ താരോദയം. അണ്ടർ 19 ടീമിലെത്തി ക്യാപ്റ്റനായ കൊച്ചുമിടുക്കി ഇന്ന് സീനിയർ ടീം വൈസ് ക്യാപ്റ്റനും അണ്ടർ 23 ടീം ക്യാപ്റ്റനുമാണ്.
വയനാട് മാനന്തവാടി സ്വദേശിയാണ് സജ്ന. ചെറുപ്രായത്തിൽ ക്രിക്കറ്റായിരുന്നു ഇഷ്ടം. മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ പാഡും ഗ്ലൗസുമണിഞ്ഞ് ക്രീസിൽ നിറഞ്ഞാടിയ സജ്നയെ കായിക അധ്യാപികയായ എൽസമ്മ നോട്ടമിട്ടു. കൈയോടെ പിടികൂടി വയനാട് അന്തർജില്ല ക്രിക്കറ്റ് ട്രയൽസിനെത്തിച്ചു. ഒന്നും പിഴച്ചില്ല, ജില്ല ടീമിലേക്ക്. വയനാട് ടീം സോണൽ ചാമ്പ്യന്മാരായതിനു പിന്നാലെ അണ്ടർ 19 കേരള ക്യാമ്പിലേക്ക്. അപ്പോൾ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും വൈകാതെ വിളിയെത്തി. ചെന്നൈയിലെ നിർണായക മത്സരത്തിലൂടെ ടീമിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഹൈദരാബാദ് നടന്ന അണ്ടർ 23 സോണൽ ലീഗ് മത്സരത്തിൽ സജ്ന നയിച്ച കേരളം ദക്ഷിണ മേഖല റണ്ണറപ്പായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
2015ൽ കേരള ക്രിക്കറ്റ് അസോസിയേഷെൻറ മികച്ച താരമായി. ബി.സി.സി.ഐ സംഘടിപ്പിച്ച ഏകദിനത്തിലും ട്വൻറി20 മത്സരത്തിലും സജ്നയുടെ കീഴിൽ കേരളം മികച്ച പ്രകടനം നടത്തി. തുടർന്ന് ചന്ദ്രകാന്ത് പണ്ഡിറ്റിെൻറ കീഴിൽ സെൻറർ ഓഫ് എക്സലൻസ് ക്യാമ്പിൽ അവസരം. ഡൽഹിയിൽ നടന്ന ഇൻവിറ്റേഷൻ മാച്ചിലേക്കുള്ള അഞ്ചു താരങ്ങളിൽ ഒരാളായി.
അച്ഛൻ സജീവൻ ഡ്രൈവറാണ്. അമ്മ ശാരദ. ഏക സഹോദരൻ സച്ചിൻ. കേരള വർമ കോളജിൽ ബിരുദ വിദ്യാർഥിയാണ് സജ്ന. മാനന്തവാടി ക്രിക്കറ്റ് അക്കാദമിയിൽ ഷാനവാസായിരുന്നു ആദ്യ പരിശീലകൻ.
തയാറാക്കിയത്: എസ്. ഷാനവാസ്
കേരളത്തിെൻറ മാർത്ത
കണ്ണൂർ ജില്ലയിലെ തൃക്കരിപ്പൂർ എന്ന് പറഞ്ഞാൽ മുഹമ്മദ് റാഫിയുടെ മുഖമാകും ഫുട്ബാൾ പ്രേമിയുടെ മനസ്സിലേക്ക് ഓടിയെത്തുക. പക്ഷേ, തടിയംകോവിൽ ഉദന്നൂരിൽനിന്നൊരു കൊച്ചുതാരം ഇന്ത്യയിലെ വിവിധ ഗ്രൗണ്ടുകളിൽ കേരള ഫുട്ബാളുമായി വിജയവഴി താണ്ടുന്നുണ്ട്. സുബിത പൂവാട്ടയെന്നാണ് പേര്. വനിത ഫുട്ബാൾ ക്യാപ്റ്റൻ, കേരളത്തിെൻറ ഗോളടിയന്ത്രം ‘മാർത്ത’.
കായികരംഗത്തെ ഓൾറൗണ്ടർ... സുബിത പൂവാട്ടയെ അങ്ങനെ വിശേഷിപ്പിക്കാം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അത്്ലറ്റിക്സിൽനിന്നാണ് സുബിതയുടെ കായികരംഗത്തെ കുതിപ്പ് ആരംഭിക്കുന്നത്. ജില്ലതലത്തിലും സംസ്ഥാന തലത്തിലുമായി നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി.
പരിശീലകർ ഇല്ലാതിരുന്ന സുബിതക്ക് ജന്മസിദ്ധമായ കായികക്ഷമതയായിരുന്നു കൈമുതൽ. ജെനറ്റിക്കൽ ഗുണമെന്നാണ് സുബിത അതിനെ വിശേഷിപ്പിക്കുന്നത്. പത്താം ക്ലാസ് വരെ ട്രാക്കിലും ഫീൽഡിലുമായി കുതിച്ച തൃക്കരിപ്പൂർ എക്സ്പ്രസിനെ ഫുട്ബാളിലേക്കു വഴിതിരിച്ചുവിടുന്നത് അയൽവാസിയായ സുരേശനാണ്.
സുബിതയുടെ ഓട്ടവും ചാട്ടവുംകണ്ട സുരേശൻ കാലികടവിൽ ഫുട്ബാൾ പരിശീലകനായിരുന്ന വിജയരാഘവൻ സാറിനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം സുബിതയെ പത്തനംതിട്ട തിരുവല്ലയിലെ മാർത്തോമ കോളജിലേക്ക് പറഞ്ഞയച്ചു. അവിടെ റെജുനോൾഡ് വർഗീസാണ് സുബിതയെ ഫുട്ബാളറായി വളർത്തിയെടുക്കുന്നത്. പ്രീഡിഗ്രി കാലഘട്ടത്തിൽതന്നെ മികച്ച സ്ട്രൈക്കറായി പേരെടുത്ത സുബിത അതേവർഷം തന്നെ പത്തനംതിട്ട ജില്ല ടീമിലിടം നേടി.
2012ൽ കണ്ണൂരിലേക്ക് മടങ്ങുംവരെ പത്തനംതിട്ടക്കായി കളിച്ചു. ജില്ല, സർവകലാശാല തലങ്ങളിലെ മികച്ച പ്രകടനം കേരള ഫുട്ബാളിലേക്ക് വഴിതുറന്നു. 1999ൽ ഷില്ലോങ്ങിൽ നടന്ന ദേശീയ മത്സരത്തിനുള്ള ടീമിൽ ഇടംനേടി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 2007ൽ ദേശീയ ഫുട്ബാളിൽ നായികയായി. ഇൗ വർഷവും ക്യാപ്റ്റൻ. 2017ൽ കെ.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്കാരം രണ്ടാംവട്ടം സുബിതയെ തേടിയെത്തി. അമ്മയും സഹോദരനും രണ്ട് സഹോദരിയും അടങ്ങുന്നതാണ് സുബിതയുടെ കുടുംബം. കണ്ണൂരിൽ ജില്ല വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയാണ്.
ഛക്ദേ കേരളം
ദേശീയ സീനിയർ ഹോക്കിയുടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്ന കേരള വനിത ടീമിനെ നയിക്കാനായതിെൻറ സന്തോഷമാണ് വനിത ദിനത്തിൽ ക്യാപ്റ്റൻ പി.കെ. സ്വാതി പങ്കുവെക്കുന്നത്. ഒരുമാസം മുമ്പ് റാഞ്ചിയിൽ പ്രതികൂല കാലാവസ്ഥയോട് പൊരുതി അജയ്യരായി മുന്നേറിയ ടീം കലാശക്കളിയിൽ സി.ആർ.പി.എഫിനോട് പരാജയപ്പെട്ടെങ്കിലും ബി ഡിവിഷനിൽനിന്ന് എ ഡിവിഷനിലേക്ക് പ്രവേശിക്കാനായത് ചെറിയ കാര്യമല്ല. ഹോക്കിയുടെ കാര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറഞ്ഞ നാട്ടിൽനിന്നാണ് ഈ പെൺകുട്ടികൾ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ഒാർക്കണം.
20 ദിവസത്തെ ക്യാമ്പ്, പരിശീലകർ നൽകിയ ആത്മവിശ്വാസം, ടീം അംഗങ്ങളുടെ കഠിനാധ്വാനം... സീനിയർ വനിത ഹോക്കിയിൽ റണ്ണറപ്പായതിന് പിന്നിലെ രഹസ്യം ഇതാണെന്ന് സ്വാതി പറയുന്നു. മുഹമ്മദ് യാസിറായിരുന്നു പരിശീലകൻ.
18 അംഗ സംഘത്തിൽ സ്വാതി ഉൾപ്പെടെ എട്ട് താരങ്ങൾ കൊല്ലം സായിയിലേതാണ്. മൂന്നാം വർഷ ബി.കോം വിദ്യാർഥിനിയാണ് സ്വാതി. കൊല്ലത്ത് അസ്ട്രോ ടർഫ് വന്നിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. എല്ലാ ജില്ലകളിലും സമാന സാഹചര്യവും സൗകര്യങ്ങളുമൊരുക്കി ചെറുപ്പത്തിലേ വിദ്യാർഥികളെ ഹോക്കിയിലേക്ക് കൊണ്ടുവന്നാൽ നേട്ടങ്ങൾ കൊയ്യാനാവുമെന്നാണ് ക്യാപ്റ്റെൻറ പക്ഷം.
കൂത്തുപറമ്പ് പാതിരിയാട് കെ. പ്രകാശെൻറയും അജിതയുടെയും മകളായ സ്വാതി, കോട്ടയം രാജാസ് എച്ച്.എസിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹോക്കിയിലേക്ക് വരുന്നത്. ചേച്ചി കീർത്തനയായിരുന്നു പ്രചോദനം. ഇപ്പോൾ കേരള ടീമിൽ ലെഫ്റ്റ് ഹാഫ്.
പലരും ഇന്ത്യൻ ക്യാമ്പിലെത്തുന്നുണ്ടെങ്കിലും വർഷങ്ങളായി ആർക്കും ദേശീയ ടീമിെൻറ ജഴ്സിയണിയാൻ ഭാഗ്യം ലഭിച്ചിട്ടില്ല. ഈ സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് സ്വാതി.
തയാറാക്കിയത്: കെ.പി.എം റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.