ദോഹ: കൊടിയേറാനിരിക്കുന്ന ലോക പോരാട്ടങ്ങൾക്ക് മുന്നോടിയായി ട്രാക്കിലെയും ഫീൽഡിലെയും സൂപ്പർതാരങ്ങൾ വെള്ളിയാഴ്ച ദോഹയിൽ കുതിപ്പിന് തുടക്കമിടുന്നു. ലോക അത്ലറ്റിക്സിന്റെ പുതുസീസൺ വിളംബരമായ ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ ആദ്യ മത്സരമായ ദോഹ പതിപ്പിന് ഇന്ന് കൊടിയേറ്റം.
ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയും കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളിതാരം എൽദോസ് പോളും മുതൽ അന്താരാഷ്ട്ര അത്ലറ്റിക്സിൽ മിന്നും ഫോമിലുള്ള സൂപ്പർതാരങ്ങളെല്ലാം സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലെ ചുവന്ന ട്രാക്കിൽ മാറ്റുരക്കാനെത്തുന്നുണ്ട്.
ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅ്തസ് ബർഷിം, ജാവലിനിലെ ഇരട്ട ലോകചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ്, ലോകത്തിലെ ഏറ്റവും മികച്ച സ്പ്രിന്റർമാരായ ആന്ദ്രെ ഡി ഗ്രാസ്, മൈക്കൽ നോർമൻ, ഫ്രെഡ് കെർലി, കെന്നി ബെഡ്നാറെക് തുടങ്ങിയ സൂപ്പർതാരങ്ങൾ വിവിധ ഇനങ്ങളിലായി ദോഹയിൽ വെള്ളിയാഴ്ച രാത്രിക്ക് നക്ഷത്രശോഭ പകരും.
ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലുമെല്ലാം പരസ്പരം പോരടിക്കുന്ന താരങ്ങളെല്ലാം ഒരേ ട്രാക്കിലും ഫീൽഡിലുമായാവും ഇന്നിറങ്ങുന്നത്. പുതിയ സീസൺ അത്ലറ്റിക്സ് മത്സരങ്ങളുടെ തുടക്കംകൂടിയാണ് ദോഹ ഡയമണ്ട് ലീഡ്. പാരിസ് ഒളിമ്പിക്സിലേക്ക് ഒരുവർഷം മാത്രം ബാക്കിനിൽക്കെ ട്രാക്കിലും ഫീൽഡിലും പ്രകടനം തേച്ചുമിനുക്കി കുതിച്ചുപായാനുള്ള ലോകതാരങ്ങളുടെ തയാറെടുപ്പ്.
ജൂലൈയിൽ ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്, തൊട്ടുപിന്നാലെ ആഗസ്റ്റിൽ ബുഡാപെസ്റ്റ് വേദിയാവുന്ന ലോക ചാമ്പ്യൻഷിപ്, ചൈനയിലെ ഗ്വാങ്ചോവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവക്കായി ഒരുങ്ങുന്ന കായികതാരങ്ങൾക്ക് പ്രധാന പോരാട്ടങ്ങളുടെ തുടക്കം കൂടിയാവും ദോഹ. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
90 മീറ്ററിന് മുകളിൽ എറിയുക എന്ന ലക്ഷ്യവുമായാണ് നീരജ് ചോപ്ര ദോഹയിലെത്തുന്നത്. കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപിൽ സ്വർണമണിഞ്ഞ കോതമംഗലം സ്വദേശി എൽദോസിന് പുതിയ സീസൺ തുടക്കം കൂടിയാണ്. എൽദോസ് പോളിന്റെ മത്സരം വൈകീട്ട് 6.30നും (ഇന്ത്യൻ സമയം രാത്രി ഒമ്പത്) നീരജ് ചോപ്രയുടെ മത്സരം രാത്രി 7.45നും (ഇന്ത്യൻ സമയം രാത്രി 10.15നും) ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.