ന്യൂഡൽഹി: പീഡനക്കേസിൽ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമരംചെയ്ത ഗുസ്തിതാരങ്ങൾക്കെതിരെ അന്താരാഷ്ട്ര താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട്. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മലിക്കെന്ന് ബബിത ട്വിറ്റർ കുറിപ്പിൽ
കുറ്റപ്പെടുത്തി. ജന്തർമന്തറിനു മുന്നിൽ സമരംചെയ്യാൻ ബി.ജെ.പി നേതാക്കളായ ബബിതയും തീരാത് റാണയുമാണ് പൊലീസിൽനിന്ന് അനുമതി വാങ്ങിയതെന്നും സമരം രാഷ്ട്രീയപ്രേരിതമല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സാക്ഷിയും ഭർത്താവ് സത്യവർത് കാഡിയാനും അഭിപ്രായപ്പെട്ടത്. എന്നാൽ, താൻ സമരത്തെ പിന്തുണച്ചിരുന്നില്ലെന്നാണ് ട്വിറ്ററിൽ ബബിതയുടെ പ്രതികരണം.
റോഡിൽ സമരം നടത്തുന്നതിനെ തുടക്കം മുതൽ എതിർത്തിരുന്നതായും ബബിത പറഞ്ഞു. ജനുവരിയിൽ ഗുസ്തി താരങ്ങൾ ആദ്യമായി പ്രതിഷേധത്തിനിറങ്ങിയപ്പോൾ സർക്കാറുമായി ചർച്ചക്ക് മധ്യസ്ഥയായത് ബബിതയായിരുന്നു. കഴിഞ്ഞ ദിവസത്തെ സാക്ഷിയുടെയും ഭർത്താവിന്റെയും വിഡിയോ കണ്ട് ചിരിച്ചുപോയെന്ന് ബബിത പറഞ്ഞു. സമരത്തിനായി പൊലീസിന്റെ അനുമതി തേടിയ കത്തിൽ തന്റെ ഒപ്പില്ലായിരുന്നു. സമരത്തിന് തുടക്കം മുതൽ എതിരായിരുന്നു. പ്രധാനമന്ത്രിയിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതിനാൽ സത്യം ഒരുനാൾ പുറത്തുവരുമെന്നാണ് നിലപാട്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് പരിഹാരമുണ്ടാക്കാനാണ് താൻ പറഞ്ഞത്. എന്നാൽ, ദീപക് ഹൂഡ, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളെ കണ്ട് പരിഹാരം തേടാനാണ് സാക്ഷിയും കൂട്ടരും ശ്രമിച്ചതെന്നും ബബിത ആരോപിച്ചു. ‘നിങ്ങൾ കോൺഗ്രസിന്റെ കളിപ്പാവകളാണെന്ന് ജനങ്ങൾക്കു മനസ്സിലായി’ -ബബിത ഫോഗട്ട് ട്വിറ്ററിൽ എഴുതി. എക്കാലത്തും താരങ്ങളെ പിന്തുണച്ചിട്ടേയുള്ളൂവെന്ന് റാണയും പറഞ്ഞു.
താരങ്ങൾ ബുദ്ധിമുട്ടിലായിരുന്ന സമയത്ത് ബബിതയും തീരാത് റാണയും സർക്കാറിന്റെ മടിത്തട്ടിലായിരുന്നെന്ന് സാക്ഷി മലിക് തിരിച്ചടിച്ചു. സമരം ദുർബലമാക്കാനാണ് ബബിതയുടെ ശ്രമം. സമരം ആരംഭിച്ചതോടെ സമരത്തിൽ പങ്കെടുത്ത ഗുസ്തി താരങ്ങളെല്ലാം പ്രശ്നത്തിലായി. പക്ഷേ, ബബിതയും റാണയും സർക്കാറിന്റെ ഇഷ്ടക്കാർതന്നെയായി തുടർന്നുവെന്നും സാക്ഷി ട്വീറ്റ് ചെയ്തു. വിനേഷ് ഫോഗട്ടിന്റെ അടുത്ത ബന്ധുകൂടിയായ ബബിത ഫോഗട്ട് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.