കോടികൾ ശമ്പളമുള്ള ‘മെറ്റ’യിലെ ജോലി രാജിവെച്ച് 28-കാരൻ; ‘കാരണം’ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

28-കാരനായ എറിക് യു ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. സോഷ്യൽ മീഡിയ ഭീമനായ മെറ്റയിലെ കോടികൾ ശമ്പളമുള്ള ജോലി രാജിവെച്ചതോടെയാണ് എറിക് വൈറലായത്. മെറ്റയിലെ സോഫ്റ്റ്​വെയർ എൻജിനീയറായ അദ്ദേഹം, മൂന്ന് കോടി ശമ്പളം വാഗ്ദാനം ചെയ്യുന്ന ഹൈ-ഫൈ ജോലി വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജോലി തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടതോടെയാണ് എറിക് മെറ്റ വിടുന്നത്. മാർക് സക്കർബർഗിന്റെ കമ്പനിക്ക് വേണ്ടി കോഡ് ഡെവലപ് ചെയ്യലാണ് ജോലി. ദീർഘമായ മണിക്കൂറുകൾ, അതും വാരാന്ത്യങ്ങളിൽ പോലും ലീവെടുക്കാതെയാണ് ഏറെ കാലമായി എറിക് മെറ്റയിൽ ജോലി ചെയ്തത്. എന്നാൽ, ഒരു ഘട്ടത്തിൽ പാനിക് അറ്റാക്ക് വന്നതോടെയാണ് എല്ലാം അവസാനിപ്പിക്കണമെന്ന് ചിന്ത വരുന്നത്. ഹൃദയം അതിവേഗത്തിൽ മിടിക്കുന്നതും ചെവിയിൽ അത് മുഴങ്ങിക്കേൾക്കുന്നതുമൊക്കെ താൻ ഇപ്പോഴും ഓർക്കുന്നതായി എറിക് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘ഇതുപോലൊരു ജോലിയിൽ പ്രവേശിക്കുകയെന്നത് എന്റെ ജീവിത ലക്ഷ്യമായിരുന്നു. അതിനായി സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ കഠിനാധ്വാനം ചെയ്തു, ഒടുവിൽ എന്റെ സ്വപ്നം സാക്ഷാത്കരിച്ചതായി എനിക്ക് തോന്നി. എന്നാൽ, തൊഴിലിടം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫേസ്ബുക്ക് / ഗൂഗിൾ എന്ന ആശയക്കുഴപ്പിലായിരുന്നു ഞാൻ. അക്കാലത്ത്, ഫേസ്ബുക്ക് ഒരു സ്റ്റാർട്ടപ്പ് പോലെയാണ്, ഗൂഗിളിനേക്കാൾ 'കോർപ്പറേറ്റ്' സ്വഭാവവും കുറവായിരുന്നു. ഞാൻ അവരുടെ കാമ്പസാണ് കൂടുതൽ ഇഷ്ടപ്പെട്ടത്, അതിനാൽ ഫേസ്ബുക്ക് തിരഞ്ഞെടുത്തു’’. -എറിക് ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.

മെറ്റയിൽ ജോലി ചെയ്യുമ്പോൾ വളരെയധികം സമ്മർദ്ദം അനുഭവപ്പെട്ടതിന്റെ കാരണവും ടെക്കി വിശദീകരിച്ചു. എഞ്ചിനീയർമാർ വികസിപ്പിക്കുന്ന കോഡുകൾക്ക് വളരെ ഉയർന്ന ഗുണനിലവാരമുണ്ടാകണമെന്ന് ടെക് ഭീമന് നിർബന്ധമുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, ക്രിയാത്മക വിമർശനത്തിന് വളരെ പരിമിതമായ സാധ്യതകളുള്ള കോഡ് റിവ്യൂകളും കഠിനമായിരുന്നത്രേ.

2019 നവംബറിൽ തനിക്ക് സംഭവിച്ച ആദ്യത്തെ പാനിക് അറ്റാകിനെ കുറിച്ചും എറിക് യു വിശദീകരിച്ചു. ആ സമയത്ത് അദ്ദേഹം വീട്ടിൽ നിന്ന് ജോലി ചെയ്യുകയായിരുന്നു. “സമയം ഏകദേശം 4 മണി ആയിരുന്നു, എന്റെ ഇടത് കൈയ്യിലെ ചെറുവിരൽ പൂർണ്ണമായും മരവിച്ചു. ആദ്യം, ഞാനത് അവഗണിച്ചു, പക്ഷേ അത് കൂടുതൽ വഷളായി: ഒരു മണിക്കൂറിനുള്ളിൽ, എന്റെ ചെവികളിൽ എന്തോ ഒരു ശബ്ദം മുഴങ്ങാൻ തുടങ്ങി, എന്റെ ഹൃദയം വളരെ വേഗത്തിൽ മിടിക്കുകയും ചെയ്തു, ” - എറിക് പറഞ്ഞു. ഉത്കണ്ഠയും പരിഭ്രാന്തിയും നിറഞ്ഞ തന്റെ തൊഴിലനുഭവത്തെ കുറിച്ച് എറിക് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റുമായി എത്തുകയും ചെയ്തിരുന്നു.



Tags:    
News Summary - 28-Year-Old Tech Professional at Meta Resigns, Reveals Reasons for Departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.