86 ശതമാനത്തോളം സെർച്ച് മാർക്കറ്റ് ഷെയറുമായി ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിനാണ് ഗൂഗ്ൾ. ഏത് രാജ്യമെടുത്താലും അതാത് രാജ്യത്തെ ഗൂഗ്ൾ ഡൊമൈനുകൾ തന്നെയാകും ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന പേജ്. അർജൻറീനയിലും കാര്യം മറിച്ചല്ല. എന്നാൽ, അവിടെ വിചിത്രമായ ഒരു കാര്യം നടന്നു. ഗൂഗ്ളിെൻറ അർജൻറീനിയൻ ഡൊമൈൻ നാമം ഒരു 30 വയസുകാരൻ 415 രൂപക്ക് വാങ്ങി.
ലോകോത്തര സെർച്ച് എഞ്ചിനായ ഗൂഗ്ളിെൻറ ഒരു രാജ്യത്തെ ഡൊമൈൻ നാമം ഇപ്പോൾ എങ്ങനെ വിൽപ്പനയ്ക്കെത്തി...? ഉയർന്ന തലത്തിലുള്ള സുരക്ഷ കാരണം അത് ആർക്കും എളുപ്പത്തിൽ വാങ്ങാനോ ദുരുപയോഗം ചെയ്യാനോ കഴിയില്ല. എന്നിട്ടും എങ്ങനെയാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ഡൊമൈൻ നെയിം വാങ്ങാൻ കഴിഞ്ഞത്...? ഒരുപാട് ചോദ്യങ്ങൾ സ്വാഭാവികമായും ഉയരും.
എന്നാൽ, അതിനെല്ലാം ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ഗൂഗ്ള സെർച്ച് എഞ്ചിൻ രണ്ട് മണിക്കൂറിലധികം പ്രവർത്തനം നിലച്ചിരുന്നു. ആ സമയത്താണ് വെബ് ഡിസൈനറായ അർജൻറീനക്കാരൻ നികൊളാസ് കുറോണ ഡൊമൈൻ നാമം വാങ്ങുന്നത്. തെൻറ ഗൂഗ്ൾ ഡൊമൈൻ പർച്ചേസ് വിശേഷം സ്ക്രീൻഷോട്ട് അടക്കം കുറോണ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ആയിരക്കണക്കിന് ലൈക്കുകളും കമൻറുകളുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ''Google.com.ar എന്ന ഡൊമൈൻ താൻ സാധാരണഗതിയിൽ നിയമപരമായ രീതിയിലാണ് വാങ്ങിയത്.. എന്താണ് ഇവിടെ സംഭവിച്ചത്...? അദ്ഭുതം കൂറിയുള്ള അടിക്കുറിപ്പും അദ്ദേഹം സ്ക്രീൻഷോട്ടിന് നൽകി.
ഒരു ക്ലയൻറിന് വേണ്ടി വെബ് സൈറ്റ് ഡിസൈൻ ചെയ്യുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വാട്സ്ആപ്പിലൂടെ ഗൂഗ്ൾ പ്രവർത്തനം നിലച്ച സന്ദേശം കുറോണക്ക് ലഭിക്കുന്നത്. അപ്പോൾ തന്നെ
ബ്രൗസറിൽ www.google.com.ar എന്ന് സെർച്ച് ചെയ്ത് സ്വയം പരിശോധിച്ചു, അത് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. വിചിത്രമായ എന്തോ സംഭവിക്കുന്നുവെന്ന് അപ്പോഴെനിക്ക് തോന്നി." ബി.ബി.സിയോട് അദ്ദേഹം പറഞ്ഞു.
അതിന് പിന്നാലെയാണ് വീരോചിതമായ ഒരു ശ്രമം കുറോണ നടത്തുന്നത്. നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെൻറർ അർജന്റീനയിൽ (എൻ.ഐ.സി) വെബ്സൈറ്റിെൻറ ഡൊമെയ്‌നിനായി തിരഞ്ഞു. ഡോട്ട് എ.ആർ (.ar) ഉള്ള അർജൻറീനയുടെ എല്ലാ കൺട്രി കോഡ് ഡൊമൈനുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം എൻ.ഐ.സിക്കാണ്. അദ്ഭുതമെന്ന് പറയെട്ട, അപ്പോൾ ഗൂഗ്ളിെൻറ അർജൻറീനയ ഡൊമൈൻ അവിടെ വിൽപ്പനയ്ക്കുണ്ടായിരുന്നു. 270 പെസോസിന് (415 രൂപ) നികൊളാസ് കുറോണ അത് വാങ്ങുകയും ചെയ്തു.
'ഞാൻ കുറച്ചുനേരത്തേക്ക് മരവിപ്പിലായിരുന്നു'. ഡൊമൈൻ വാങ്ങിയതിന് ശേഷമുള്ള ഇടപാട് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സംഭവം സത്യമാണെന്ന് ഉറപ്പിക്കാനായി www.google.com.ar എന്ന് ബ്രൗസറിൽ സെർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ 'എെൻറ സ്വകാര്യ വിവരങ്ങളാണ് വന്നത്' -അദ്ദേഹം വ്യക്തമാക്കി. ഗൂഗിൾ അർജന്റീന ഇത് ബിബിസിയോട് സ്ഥിരീകരിക്കുകയും ചെയ്തു. "ഹ്രസ്വകാലത്തേക്ക്, ഡൊമെയ്ൻ മറ്റൊരാൾ സ്വന്തമാക്കി." എന്നിരുന്നാലും, വളരെ വേഗത്തിൽ തങ്ങൾ ഡൊമൈനിെൻറ നിയന്ത്രണം വീണ്ടെടുത്തുവെന്നും അവർ വിശദീകരിച്ചു. തെൻറ 270 പെസോസ് ഇനിയും തിരിച്ചുലഭിച്ചിട്ടില്ലെന്നാണ് ഒറ്റ രാത്രികൊണ്ട് ട്വിറ്ററിൽ താരമായി മാറിയ കുറോണയുടെ പരാതി. എന്തായാലും ഗൂഗ്ളിന് സംഭവിച്ച ഇൗ പിഴവിെൻറ കാരണം ഇപ്പോഴും രഹസ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.