അങ്ങനെ നീണ്ട 14 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് (മെറ്റ) ചൈനയിലേക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്. മറ്റ് അമേരിക്കൻ ടെക് കമ്പനികളെ പോലെ ഫേസ്ബുക്കിനും ചൈനയിൽ പ്രവർത്തന വിലക്കുണ്ട്. അതുകൊണ്ട് തന്നെ 2009 മുതൽ ഒരുതരത്തിലുള്ള ഇടപാടുകളും ചൈനയില്‍ മെറ്റ നടത്തിയിരുന്നില്ല. എന്നാലിപ്പോൾ, ചെറിയ രീതിയില്‍ അവിടെ കാലുകുത്താന്‍ മെറ്റ ശ്രമിക്കുന്നതായി ദ വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തങ്ങളുടെ വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റിന്റെ പുതിയതും വിലകുറഞ്ഞതുമായ പതിപ്പ് ചൈനയില്‍ വില്‍ക്കാനാണ് മെറ്റ ഉദ്ദേശിക്കുന്നത്. നേരിട്ട് വിൽക്കുന്നതിന് പകരം അതിനായി ചൈനീസ് ടെക്‌നോളജി ഭീമന്‍ ടെന്‍സന്റിന്റെ സഹായമാണ് മെറ്റ തേടിയിരിക്കുന്നത്. ടെൻസെന്റുമായി ഫെയ്‌സ്ബുക്ക് ഉടമ കരാറൊപ്പിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കമ്പനി തങ്ങളുടെ പ്രീമിയം VR ഹെഡ്‌സെറ്റായ ക്വസ്റ്റ് 3-ൽ ഉപയോഗിക്കുന്നതിനേക്കാൾ വിലകുറഞ്ഞ ലെൻസുകൾ ഉപയോഗിക്കാനും പദ്ധതിയിടുന്നുണ്ട്. വി.ആർ ഹെഡ്സെറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും മെറ്റക്കായിരിക്കും ലഭിക്കുക, എന്നാൽ, ഉള്ളടക്ക, സേവന വരുമാനത്തിൽ നിന്നുള്ള കൂടതൽ പങ്ക് ടെൻസന്റിനും ലഭിക്കും.
ഭീമൻ തുക മുടക്കിയുള്ള മാർക്ക് സക്കർബർഗിന്റെ മെറ്റാവേഴ്സും അതുമായി ബന്ധപ്പെട്ട വി.ആർ, എ.ആർ ഹെഡ്സെറ്റ് അടക്കമുള്ള ഉപകരങ്ങളുടെ ബിസിനസുമൊന്നും പ്രതീക്ഷിക്കുന്ന വരുമാനം മെറ്റയ്ക്ക് നൽകുന്നില്ല. ചൈനയിലേക്കുള്ള കാലുകുത്തൽ അതിൽ മാറ്റമുണ്ടാക്കുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് വിഡിയോ ഗെയിമിങ് രംഗത്തെ അതികായരായ ടെൻസന്റുമായുള്ള കൂട്ടുകൂടൽ കമ്പനിക്ക് ഗുണം ചെയ്തേക്കും.
അതേസമയം, യു.എസ്-ചൈനീസ് ടെക്ഭീമൻമാർ ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാറിലെത്തുന്നത്. ആഭ്യന്തര ചൈനീസ് കമ്പനികളുമായി ഇത്തരത്തിൽ കരാറിലെത്തുക മാത്രമാണ് യുഎസ് ടെക് കമ്പനികൾക്ക് ചൈനീസ് വിപണിയിൽ കാലുറപ്പിനുള്ള ഏക മാർഗം. വർഷങ്ങളായി ചൈനയിൽ അമേരിക്കൻ സോഷ്യൽ മീഡിയക്ക് പ്രവർത്തന വിലക്ക് നിലനിൽക്കുന്നുണ്ട്. ഗൂഗിൾ ആപ്പുകൾക്കും ചൈനയിൽ സേവനം നൽകാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.