ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ 'അനേകം മനുഷ്യരെ കൊല്ലാനുള്ള' ശക്തി കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകൻ മുന്നറിയിപ്പ് നൽകിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. നിരവധി മരണങ്ങൾക്ക് കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ സൃഷ്ടിക്കാൻ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് ടോക്ക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എ.ഐ നിർമ്മാതാക്കളെ ആഗോള തലത്തിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്ലെങ്കിൽ, മനുഷ്യർക്ക് നിയന്ത്രിക്കാൻ കഴിയാത്ത "വളരെ ശക്തമായ" സംവിധാനങ്ങൾ പിറവിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചാറ്റ്‌ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ എഐ ഭാഷാ മോഡലുകളെ കുറിച്ചുള്ള അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.കെ സർക്കാരിന്റെ ഫൗണ്ടേഷൻ മോഡൽ ടാസ്‌ക്‌ഫോഴ്‌സിൽ പ്രധാനമന്ത്രിയെ നയിക്കുകയാണ് നിലവിൽ മാറ്റ് ക്ലിഫോർഡ്.
എഐ ടെക്നോളജി പലതരത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. അതിൽ സമീപകാല അപകടസാധ്യതകള്‍ ഏറെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് ക്ലിഫോർഡ് പറയുന്നു. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കുമെന്നും അതേസമയം, എഐ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.