ജി.ടി.എ 6 ഹാക്കറായ 18-കാരന് ശിക്ഷ വിധിച്ചു; ‘ആശുപത്രി ജയിലിൽ ജീവപര്യന്തം തടവ്’

ലോകമെമ്പാടുമുള്ള( ഗെയിമർമാർ വർഷങ്ങളായി ആവേശത്തോടെ കാത്തിരിക്കുന്ന വിഡിയോ ഗെയിമാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA VI). ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ജി.ടി.എ 6 ട്രെയിലർ റിലീസായത്. എന്നാൽ, ഔദ്യോഗികമായി റിലീസ് ചെയ്യേണ്ടിയിരുന്നു ട്രെയിലർ ആഴ്ചകൾക്ക് മുമ്പേ യൂട്യൂബിലെത്തിയത് ഏവരെയും അമ്പരപ്പിച്ചു.

18 കാരനായ ഹാക്കർ അരിയോൺ കുർതാജായിരുന്നു ട്രെയിലർ ചോർത്തിയ വിരുതൻ. നേരത്തെ തീരുമാനിച്ചിരുന്ന ഡേറ്റിന് മുമ്പേ ട്രെയിലർ ചോർന്നതോടെ, ജി.ടി.എ പെട്ടന്ന് തന്നെ വിഡിയോ ഔദ്യോഗികമായി റിലീസ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അരിയോൺ കുർതാജിന് കടുത്ത ശിക്ഷ വിധിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. യുവാവിനെ കാത്തിരിക്കുന്നത് ആശുപത്രി ജയിലിൽ ജീവപര്യന്തം തടവുശിക്ഷയാണ്.

സൈബർ കുറ്റകൃത്യങ്ങളിൽ തുടർന്നും ഏർപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച കുർതാജ് പൊതുജനങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ജഡ്ജി വ്യാഴാഴ്ച 18-കാരനെ ഹോസ്പിറ്റൽ പ്രിസണിൽ ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.

ജി.ടി.എ-6 ഡെവലപ്പർ റോക്ക്‌സ്റ്റാർ ഗെയിംസിനെയും Uber, Nvidia പോലുള്ള മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഒരു ഹാക്കിങ് ഗ്രൂപ്പായ Lapsus$-ന്റെ ഭാഗമായിരുന്നു കുർതാജ്. സൈബർ ആക്രമണങ്ങൾക്ക് ഉത്തരവാദി കുർതാജ് ആണെന്ന് ലണ്ടനിലെ ഒരു ജൂറി കഴിഞ്ഞ ആഗസ്തിൽ വിധിയെഴുതിയിരുന്നു. എന്നാൽ ഓട്ടിസമുള്ള കുർതാജിന് വിചാരണ നേരിടേണ്ടിവന്നില്ല. കസ്റ്റഡിയിലിരിക്കെ അക്രമാസക്തനായ കുർതാജ് നിരവധി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.

യുവാവിന്റെ മാനസികാരോഗ്യ വിലയിരുത്തലിൽ ‘‘എത്രയും വേഗം സൈബർ കുറ്റകൃത്യങ്ങളിലേക്ക് മടങ്ങാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ ആശുപത്രി ജയിലിൽ ജീവപര്യന്തം തടവിൽ കഴിയാൻ കോടതി വിധിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും കുർതാജ്. വിട്ടയക്കുന്നത് സുരക്ഷിതമാണെന്ന് ഡോക്ടർമാർ വിധിയെഴുതും വരെ കുർതാജിന് ആശുപത്രി ജയിലിൽ തുടരേണ്ടിവരും.

90 ജിടിഎ 6 ഗെയിംപ്ലേ ഫൂട്ടേജ് ചോർത്തിയതിനും, എൻവിഡിയയെയും (Nvidia) ബ്രിട്ടീഷ് ടെലികോം കമ്പനിയായ ബിടി / ഇഇ എന്നിവയെയും ഹാക്ക് ചെയ്തതിന് കുർതാജ് നേരത്തെ പിടിയിലായിരുന്നു. സെപ്തംബറിലായിരുന്നു ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ഒരു ഹോട്ടലിൽ പോലീസ് സംരക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ, മുറിയിലെ ആമസോൺ ഫയർ സ്റ്റിക്കും പുതുതായി വാങ്ങിയ സ്മാർട്ട് ഫോണും കീബോർഡും മൗസും ഉപയോഗിച്ച് റോക്ക്സ്റ്റാർ ഗെയിംസിനെ വീണ്ടും ഹാക്ക് ചെയ്യാൻ കുർതാജിന് കഴിഞ്ഞുവെന്ന് മറ്റൊരു റിപ്പോർട്ടിൽ ബിബിസി പറയുന്നു.

Tags:    
News Summary - Arion Kurtaj, GTA 6 Hacker, Receives Life Sentence in Hospital Prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.