ലണ്ടൻ: നിർമിതബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമോ? ടെക് ലോകത്തെ ചൂടേറിയ ചർച്ച ഇപ്പോൾ ഇതാണ്. നിർമിതബുദ്ധി മനുഷ്യവംശത്തിെന്റ വംശനാശത്തിന് കാരണമാകുമെന്ന് ഓപ്പൺ എ.ഐ, ഗൂഗിൾ ഡീപ്മൈൻഡ് മേധാവികൾ ഉൾപ്പെടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് സെന്റർ ഫോർ എ.ഐ സേഫ്റ്റിയുടെ വെബ്പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണെത്തിയത്.
മഹാമാരികളും ആണവയുദ്ധവും പോലെ മനുഷ്യരാശിയെ തുടച്ചുനീക്കാൻ ശേഷിയുള്ളതാണ് നിർമിതബുദ്ധി എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിനാൽ, ഈ ഭീഷണി ലഘൂകരിക്കുന്നതിന് ആഗോള മുൻഗണന നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, നിർമിത ബുദ്ധിയെക്കുറിച്ചുള്ള ഭയം അതിരുകടന്നതാണെന്ന് വാദിക്കുന്നവരുമുണ്ട്.
ടെക് ലോകത്ത് തരംഗമായ ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ ചീഫ് എക്സിക്യൂട്ടിവ് സാം ആൾട്ട്മാൻ, ഗൂഗിൾ ഡീപ്മൈൻഡ് ചീഫ് എക്സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവർ നിർമിതബുദ്ധി സൃഷ്ടിക്കുന്ന ഭീഷണി സംബന്ധിച്ച് വെബ്പേജിലെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സൂപ്പർ ഇന്റലിജന്റ് എ.ഐയിൽനിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടർ സയൻസ് പ്രഫസറും മോൺട്രിയൽ സർവകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. ജെഫ്രി ഹിന്റൺ, യോഷ്വ ബെൻഗിയോ, എൻ.വൈ.യു പ്രഫസർ യാൻ ലെകൺ എന്നിവരെയാണ് നിർമിതബുദ്ധിയുടെ ‘ഗോഡ്ഫാദർമാർ’ എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം, ഇത്തരം മുന്നറിയിപ്പുകൾ അതിരുകടന്നതാണെന്ന് മെറ്റയിൽ ജോലി ചെയ്യുന്ന പ്രഫ. യാൻ ലെകൺ പറഞ്ഞു. നിർമിതബുദ്ധി മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന ഭയം യാഥാർഥ്യമല്ലെന്ന് അദ്ദേഹത്തെ പോലെ മറ്റ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയന്റിസ്റ്റായ അരവിന്ദ് നാരായണനും ഇതേ അഭിപ്രായക്കാരനാണ്.
അടുത്ത തലമുറ എ.ഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് 2023 മാർച്ചിൽ ടെസ്ല മേധാവി ഇലോൺ മസ്ക് ഉൾപ്പെടെയുള്ള വിദഗ്ധർ തുറന്ന കത്ത് പ്രസിദ്ധീകരിച്ചതോടെയാണ് നിർമിതബുദ്ധി സൃഷ്ടിക്കുന്ന ‘അസ്തിത്വപരമായ ഭീഷണി’യെക്കുറിച്ച് ചർച്ച തുടങ്ങിയത്. ആത്യന്തികമായി നമ്മെ മറികടക്കുന്നതും മനുഷ്യന് പകരമായേക്കാവുന്നതുമായ മനുഷ്യേതര മനസ്സുകൾ വികസിപ്പിക്കണോ എന്ന് കത്തിൽ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.