ആൻഡ്രോയ്ഡ്-ഐ.ഒ.എസ് ചാറ്റ് ട്രാൻസ്ഫർ എളുപ്പത്തിലാക്കിക്കൊണ്ടുള്ള വാട്സ്ആപ്പിന്റെ ഫീച്ചർ, യൂസർമാർക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു. ക്ലൗഡ് സ്റ്റോറേജിലുള്ള ചാറ്റ് ബാക്കപ്പുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ക്രോസ് പ്ലാറ്റ്ഫോം ചാറ്റ് ട്രാൻസ്ഫർ സാധ്യമാക്കിയത്.
എന്നാൽ, പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചാറ്റ് ബാക്കപ്പുകളുടെ സഹായമില്ലാതെ തന്നെ മറ്റൊരു ഫോണിലേക്ക് ചാറ്റുകൾ കൈമാറാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. അതായത്, ഗൂഗിൾ ഡ്രൈവിനെയോ മറ്റ് മൂന്നാം കക്ഷി ക്ലൗഡ് സേവനത്തെയോ ആശ്രയിക്കാതെ ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറ്റമോ ഡാറ്റാ മൈഗ്രേഷനോ സാധ്യമാക്കുകയാണ് വാട്സ്ആപ്പ്.
വാട്ട്‌സ്ആപ്പ് ബീറ്റയുടെ 2.23.1.25 എന്ന വേർഷനിലാണ് പുതിയ 'ചാറ്റ് ട്രാൻസ്ഫർ ടു ആൻഡ്രോയിഡ്' ഓപ്ഷനെ കുറിച്ച് സൂചന നൽകുന്നത്. WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഈ ഓപ്‌ഷൻ ചാറ്റ് സെറ്റിങ്സിന് കീഴിലായിരിക്കും ഉണ്ടാവുക. ഇത് ഒരു പുതിയ ഉപകരണത്തിലേക്ക് ചാറ്റുകൾ കൈമാറുന്ന പ്രക്രിയയെ കൂടുതൽ സുഗമമാക്കും. കൂടാതെ ലഭിച്ച ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സംഭരിക്കാനും കഴിയും.
എന്നിരുന്നാലും, ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് സുരക്ഷിതമാണ്. നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ചാറ്റുകൾ വീണ്ടെടുക്കാൻ അത് സഹായിക്കും.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ സമീപകാലത്തായി അവതരിപ്പിച്ച ക്രോസ്-പ്ലാറ്റ്ഫോം ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ പോലെ, ആദ്യം ആൻഡ്രോയ്ഡിലേക്കും പിന്നീട് ഐ.ഒ.എസിലേക്ക് എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.