ന്യൂഡൽഹി: വിവിധ അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവിധ പേമെന്റ് ഗേറ്റ് വേ അക്കൗണ്ടുകളിലും യു.പി.ഐ അക്കൗണ്ടുകളിലും ചൈനീസ് കമ്പനികൾ സൂക്ഷിച്ച 46 കോടിയിലേറെ രൂപ ഇ.ഡി റെയ്ഡിൽ കണ്ടെത്തി. ഈസ്ബസ്, റേസർപേ, കാഷ്ഫ്രീ, പേടിഎം എന്നീ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്ന പണമാണ് കണ്ടെത്തി മരവിപ്പിച്ചത്.
ഡൽഹി, മുംബൈ, ഗാസിയാബാദ്, ലഖ്നോ, ഗയ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളിലെ ബാങ്കുകളിലും പരിശോധന നടത്തി. എച്ച്.പി.ഇസഡ് എന്ന ആപ്പിനെതിരെയാണ് കേസെടുത്തത്. പുണെയിലെ ഈസ്ബസിൽ ഇടപാടുണ്ടായിരുന്ന 33.36 കോടി രൂപയും ബംഗളൂരുവിലെ റേസർപേ സോഫ്റ്റ്വെയറിൽനിന്ന് 8.21 കോടിയുമാണ് കണ്ടെടുത്തത്. ന്യൂഡൽഹിയിൽ പേടിഎമ്മിൽ 1.11 കോടിയും നിക്ഷേപിച്ചിരുന്നു. തങ്ങളുടെ പണമല്ല ഇ.ഡി പിടിച്ചെടുത്തതെന്ന് പേടിഎം അധികൃതർ അറിയിച്ചു.
ഖനന യന്ത്രങ്ങൾ, ബിറ്റ്കോയിൻ, മറ്റ് ക്രിപ്റ്റോ കറൻസികൾ എന്നിവയിലേക്കാണ് ചൈനീസ് ആപ് നിക്ഷേപം സ്വീകരിക്കുന്നത്. ഇരട്ടി ലാഭമാണ് നിശ്ചിത കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ യു.പി.ഐ അക്കൗണ്ട് വഴിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. കുറച്ച് തുക നിക്ഷേപകർക്ക് ലാഭമെന്ന രീതിയിൽ തിരിച്ചുനൽകും. ബാക്കി തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റും. പിന്നീട് ആപ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുമുണ്ടെന്ന് ഇ.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.