ചാവക്കാട്: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന കാലത്ത് സൈബർ സ്വകാര്യതയിലും സുരക്ഷയിലും കഴിവുതെളിയിച്ച് പുന്നയൂർ എടക്കര സ്വദേശി വി.എച്ച്. മുഫീദ്. കേന്ദ്ര സർക്കാറിന്റെ വൈദഗ്ധ്യ വികസന മന്ത്രാലയം ജനുവരി ആറ് മുതൽ 10 വരെ ഡൽഹിയിൽ നടത്തിയ ദേശീയ വൈദഗ്ധ്യ മത്സരത്തിൽ (ഇന്ത്യ സ്കിൽസ്) കമ്പ്യൂട്ടർ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് മുഫീദ് സ്വർണ മെഡൽ നേടി.
ഈ വിഭാഗത്തിൽ പ്രഫഷനൽ യോഗ്യതയുള്ള നിരവധി പേരെ പിന്തള്ളിയാണ് പ്ലസ് ടു യോഗ്യതയുള്ള 19കാരൻ നേട്ടം കൈവരിച്ചത്. ഇതോടെ ചൈനയിൽ നടക്കുന്ന അടുത്ത അന്തർദേശീയ വൈദഗ്ധ്യ (വേൾഡ് സ്കിൽസ്) മത്സരത്തിന് മുഫീദ് യോഗ്യത നേടി. ഹൈസ്കൂൾ തലത്തിൽ പഠിക്കുമ്പോൾതന്നെ കമ്പ്യൂട്ടറിൽ അഭിരുചിയുണ്ടായിരുന്ന മുഫീദ് സ്വപ്രയത്നത്താൽ, ഓൺലൈൻ പഠനംകൊണ്ട് നേടിയെടുത്തതാണ് ഈ മേഖലയിലെ വൈദഗ്ധ്യം.
2019ൽ നടന്ന ഇന്ത്യ സ്കിൽസ് കേരള മത്സരത്തിൽ വെബ് ഡിസൈനിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2020ൽ കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച (കൊക്കൂൺ) സൈബർ സെക്യൂരിറ്റി സി.ടി.എഫ് മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സിസ്റ്റംസ് പ്രോഗ്രാമിങ്, ക്രിപ്റ്റോഗ്രഫി തുടങ്ങിയവയിൽ കൂടുതൽ വൈദഗ്ധ്യം നോടാനുള്ള പഠനത്തിലും അന്തർദേശീയ മത്സരത്തിൽ വിജയം കൈവരിക്കാനുള്ള തയാറെടുപ്പിലുമാണ്. പ്രസ്തുത മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ് തുടങ്ങാനും പദ്ധതിയുണ്ട്.
കേരള പൊലീസിൽ അസി. സബ് ഇൻസ്പെക്ടറായി റെയിൽവേ ഡി.സി.ആർ.ബിയിൽ ജോലി ചെയ്യുന്ന ഹംസക്കുട്ടിയുടെയും സെക്രട്ടേറിയറ്റിൽ കോൺഫിഡൻഷ്യൽ അസി. ഫസീല ഹംസക്കുട്ടിയുടെയും രണ്ടാമത്തെ മകനാണ് വി.എച്ച്. മുഫീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.