ലോകത്തുള്ള ഭൂരിപക്ഷം ഫോണുകളും പ്രവർത്തിക്കുന്നത് ഗൂഗ്ളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലോ ആപ്പിളിന്റെ ഐ.ഒ.എസിലോ ആയിരിക്കും. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം നിരവധി കമ്പനികളുടെ ഫോണിൽ ഉപയോഗിക്കുമ്പോൾ ഐ.ഒ.എസ് ആപ്പിൾ അവരുടെ ഐഫോണുകളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിൽ ഏതാണ് സുരക്ഷിതമെന്നത് കുറേക്കാലമായുള്ള തർക്കവിഷയമാണ്. എഫ്.ബി.ഐയുടെ ഒരു വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ മറുപടി ലഭിച്ചുവെന്നാണ് ആപ്പിൾ ആരാധകർ പറയുന്നത്.
പെൻസിൽവാനിയയിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വെടിവെച്ചയാളുടെ ഫോൺ ക്രാക്ക് ചെയ്യുന്നതുമായി എഫ്.ബി.ഐ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വെടിവെപ്പ് നടത്തിയ അക്രമിയായ തോമസ് ക്രൂക്കിന്റെ ആൻഡ്രോയിഡ് ഫോണിലേക്ക് 40 മിനിറ്റിനുള്ളിൽ തന്നെ തങ്ങൾക്ക് കടന്നുകയറാൻ സാധിച്ചുവെന്നാണ് എഫ്.ബി.ഐ അറിയിച്ചിരിക്കുന്നത്.
സെലിബ്രൈറ്റ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് എഫ്.ബി.ഐ ആൻഡ്രോയിഡ് ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണിലേക്ക് കടന്നു കയറിയത്. ആദ്യം ഫോണിലേക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും വൈകാതെ ഉപകരണം തങ്ങളുടെ വരുതിയിലാക്കാൻ കഴിഞ്ഞുവെന്നാണ് എഫ്.ബി.ഐ അറിയിച്ചത്.
എന്നാൽ, കഴിഞ്ഞയാഴ്ച ഇതേ സോഫ്റ്റ്വെയർ ഉപയോഗിച്ച് സമാനരീതിയിൽ ഐ.ഒ.എസിൽ പ്രവർത്തിക്കുന്ന ഐഫോണിലേക്ക് കടന്നുകയറാൻ ശ്രമിച്ചപ്പോൾ എഫ്.ബി.ഐക്ക് സാധിച്ചിരുന്നില്ല. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഐഫോണാണ് എഫ്.ബി.ഐക്ക് അൺലോക്ക് ചെയ്യാൻ സാധിക്കാതിരുന്നത്. ഇതോടെ ഐഫോണാണ് ഏറ്റവും സുരക്ഷിതമെന്ന പ്രചാരണവുമായി ആപ്പിൾ ആരാധകരും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.