നിർമിതബുദ്ധി മനുഷ്യ ഭാവനയെക്കാൾ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചാറ്റ്ജി.പി.ടി എന്ന എ.ഐ ചാറ്റ്ബോട്ടാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളുടെ ജോലി കവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കലാകാരൻമാരെയും എ.ഐ ചെറുതായി പേടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
അതിനിടെയാണ് മ്യൂസിക് ഇൻഡസ്ട്രിയെയും എ.ഐ പിടിച്ചുകുലുക്കിയത്. ലോകപ്രശസ്ത പോപ് ഗായകരായ ഡ്രേക്കിന്റെയും വീക്കെൻഡിന്റെയും ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് 'ഹാർട്ട് ഓൺ മൈ സ്ലീവ്' എന്ന പേരിൽ ‘നിർമിത ബുദ്ധി’ സൃഷ്ടിച്ച ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുകയായിരുന്നു.
ഡ്രേക്കിന്റെയും വീക്കെൻഡിന്റെയും ഓട്ടോമേറ്റഡ് വോക്കൽസ് ഉപയോഗിച്ച് ഒപ്പം ഡി.ജെയും മ്യൂസിക് പ്രൊഡ്യൂസറുമായ മെട്രോ ബൂമിനെയും അനുകരിച്ച് എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഗാനം പുറത്തുവിട്ടത് അജ്ഞാതനായ ടിക് ടോക്ക് ഉപയോക്താവ് ‘ഗോസ്റ്റ്റൈറ്റർ 977’ ആണ്.
ഗാനം കേട്ട് തരിച്ചിരുന്നു പോയി എന്നാണ് രണ്ട് പോപ് ഗായകരുടെയും ആരാധകർ അഭിപ്രായപ്പെടുന്നത്. ഇരുവരുടെയും ശബ്ദം അതേപടിയാണ് നിർമിത ബുദ്ധി അനുകരിച്ചിരിക്കുന്നത്. ഡ്രേക്കിന്റെ ശബ്ദം തന്നെയാണെന്ന് തെറ്റിധരിച്ച് പാട്ട് കേട്ടിരുന്നവരും ചുരുക്കമല്ല.
ഏപ്രിൽ 15ന് അപ്ലോഡ് ചെയ്തതിന് പിന്നാലെ 11 ദശലക്ഷം ആളുകൾ കണ്ട എ.ഐ നിർമിത സംഗീത വിഡിയോ പക്ഷെ ഇപ്പോൾ എല്ലാ സ്ട്രീമിങ് സംവിധാനങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ഇരു ഗായകരെയും പ്രതിനിധീകരിക്കുന്ന ലേബൽ ഇടപെട്ട്, സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗാനം നീക്കം ചെയ്‌തു. യുട്യൂബും ടിക് ടോക്കും ഇതിനകം ഗാനം പിൻവലിച്ചു കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല, ‘കോപിറൈറ്റ്’ പ്രശ്നം തന്നെ.
വീക്കെൻഡ്, ഡ്രേക്ക്, മെട്രോ ബൂമിൻ എന്നിവരുടെ മ്യൂസിക് വിതരണം ചെയ്യുന്നതിന്റെ ലൈസൻസും, മാർക്കറ്റിങ് അവകാശവുമൊക്കെ റിപ്പബ്ലിക് റെക്കോർഡ്സിനാണ്. പിന്നിൽ നിർമിത ബുദ്ധിയാണെങ്കിലും കോപിറൈറ്റ് ക്ലെയിം വന്നതോടെ യൂട്യൂബിൽ നിന്നും മറ്റും മ്യൂസിക് നീക്കം ചെയ്യേണ്ടതായി വന്നു. എങ്കിലും ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഹാർട്ട് ഓൺ മൈ സ്‍ലീവ് പ്രചരിക്കുന്നുണ്ട്.. ഒന്ന് കേട്ടുനോക്കൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.