ചാറ്റ് ജിപിടി സ്രഷ്ടാക്കളായ ഓപ്പൺഎഐ-യുടെ സഹസ്ഥാപകരിൽ ഒരാളായിരുന്നു ഇലോൺ മസ്ക്. കമ്പനിയിലെ ആദ്യകാല നിക്ഷേപകൻ കൂടിയായിരുന്നു അദ്ദേഹം, 50 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. എന്നാൽ, 2018-ൽ ശതകോടീശ്വരൻ സ്റ്റാർട്ടപ്പ് വിട്ടു. ഓപ്പൺഎഐയുടെ ബിസിനസ് മോഡലിനെയും അതിന്റെ നിലവിലെ നിക്ഷേപകരിൽ ഒരാളായ മൈക്രോസോഫ്റ്റുമായുള്ള ബന്ധത്തെയും വിമർശിച്ചുകൊണ്ടായിരുന്നു മസ്കിന്റെ പിന്മാറ്റം.
എന്നാലിപ്പോൾ, 200 ദശലക്ഷം യൂസർമാരുള്ള 30 ബില്യൺ ഡോളർ കമ്പനിയായുള്ള ഓപ്പൺഎഐയുടെ വളർച്ചയിൽ അരിശംപൂണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. എ.ഐ രംഗത്തെ അതികായരെ മലർത്തിയടിക്കാനായി ടെസ്‍ല സ്ഥാപകനിപ്പോൾ സ്വന്തം എ.ഐ കമ്പനിയുമായി രംഗപ്രേവേശം ചെയ്തിരിക്കുകയാണ്.
ചാറ്റ് ജിപിടിയ്ക്ക് പകരമായി 'എക്സ് എഐ' (xAI) എന്ന എഐ സംരംഭത്തിനാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള എക്സ് എഐ (xAI) ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചതായി മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ‘‘യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനായി 'എക്സ് എഐ' തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നു’’ -ഇങ്ങനെയായിരുന്നു ശതകോടീശ്വരന്റെ ട്വീറ്റ്. സുരക്ഷിതമായ എഐ നിര്‍മിക്കുക എന്നതാന് തന്റെ ലക്ഷ്യമെന്നും മസ്ക് പറയുന്നു.
അതേസമയം, മസ്കിന്റെ മറ്റ് കമ്പനികൾക്ക് കീഴിലായിരിക്കില്ല പുതിയ കമ്പനിയായ എക്സ് എഐ. എഐ സാങ്കേതിക വിദ്യ, ട്വിറ്റർ ഉൾപ്പെടെയുള്ള മസ്കിന്റെ മറ്റ് സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുമെന്ന് പുതിയ കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. പ്രപഞ്ചത്തിന്റെ യഥാർഥ സ്വഭാവം മനസിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വെബ്സൈറ്റിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ‘എക്‌സ് എഐ കോര്‍പ്പറേഷന്‍’ എന്ന പേരിലുള്ള സ്ഥാപനം മസ്‌ക് നെവാഡയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ടെസ്‌ല, മൈക്രോസോഫ്റ്റ്, ടൊറന്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ഗവേഷകരാണ് പുതിയ സംരംഭത്തിൽ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.