ഇസ്രായേലുമായി കരാർ: പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ, ഓഫീസിൽ രാഷ്ട്രീയം വേണ്ടെന്ന് സുന്ദർ പിച്ചൈ

കഴിഞ്ഞ രണ്ട് ദിവസമായി നാടകീയ സംഭവങ്ങളായിരുന്നു ഗൂഗിളിൽ അരങ്ങേറിയത്. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് കമ്പനിക്കെതിരെ ന്യൂയോർക് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് ഒമ്പത് ജീവനക്കാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു ദിവസത്തിനുശേഷം, പ്രതിഷേധവുമായി ബന്ധപ്പെട്ട് 28 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിടുകയും ചെയ്തു, തുടർന്ന് ജീവനക്കാർക്ക് കർശനമായ നിർദേശങ്ങളുമായി കമ്പനി എത്തിയിരിക്കുകയാണ്.

‘ഓഫീസ്, രാഷ്ട്രീയത്തിനുള്ള സ്ഥലമല്ലെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്കായി പുറത്തുവിട്ട മെമ്മോയിൽ പറഞ്ഞു. ഇതൊരു ബിസിനസ്സാണെന്നും സഹപ്രവർത്തകർക്ക് തങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നിക്കുന്ന സാഹചര്യം ജീവനക്കാർ സൃഷ്ടിക്കാൻ പാടില്ലെന്നും, ഗൂഗിളിനെ ഒരു "വ്യക്തിഗത പ്ലാറ്റ്ഫോം" ആയി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോലിസ്ഥലം "രാഷ്ട്രീയം ചർച്ച ചെയ്യാനോ" "വിനാശകരമായ വിഷയങ്ങളിൽ പോരാടാനോ" ഉള്ള സ്ഥലമല്ലെന്ന് സുന്ദർ പിച്ചൈ ജീവനക്കാരോട് പറഞ്ഞു. കമ്പനി ഒരു സുപ്രധാന ഘട്ടത്തിലാണെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രോജക്ട് നിംബസ്’ എന്ന പേരിൽ ഇസ്രായേലുമായുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടത് വലിയ വാർത്തയായി മാറിയതിന് പിന്നാലെയാണ് സി.ഇ.ഒ സുന്ദർ പിച്ചൈയുടെ മെമ്മോ വരുന്നത്.

പിരിച്ചുവിടൽ വാർത്ത പരസ്യമാക്കിയതിന് പിന്നാലെ, ഗൂഗിളിൻ്റെ ഗ്ലോബൽ സെക്യൂരിറ്റി മേധാവി ക്രിസ് റാക്കോവ് അത്തരം പെരുമാറ്റത്തിനെതിരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അവർ ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - employees office is not for politics, tells Google CEO Sundar Pichai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.