മെറ്റയിലും ഇന്നുമുതൽ കൂട്ടപിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കും

വാഷിങ്ടൺ: സമൂഹമാധ്യമമായ ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപിരിച്ചുവിടൽ. ബുധനാഴ്ച മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വാദം. ഈ വർഷം ഇതിനകം സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ അര ട്രില്യൺ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കിൽ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്ക് തിരിച്ചടിയായത്.

പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാൻ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് നിർദേശം നൽകിയതായാണ് വിവരം. കമ്പനിയുടെ തെറ്റായ നടപടികൾക്ക് താൻ ഉത്തരവാദിയാണെന്ന് സക്കർബർഗ് എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ചെലവ് ചുരുക്കുമെന്നും ടീം പുനസംഘടിപ്പിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ഇൻസ്റ്റഗ്രാമിലും വാട്സ് ആപ്പിലും പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.

മെറ്റയിലെ 10 ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. സെപ്റ്റംബർ 30ലെ കണക്കുകൾ പ്രകാരം കമ്പനിയിൽ 87,000 ജീവനക്കാരുണ്ട്. ലോക കോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.

ഇന്ത്യയിൽ മാത്രം ഏകദേശം ഇരുനൂറോളം പേർക്കാണ് ട്വിറ്ററിൽ ജോലി നഷ്ടമായത്. സമാന രീതിയിൽ പല പ്രമുഖ കമ്പനികളും കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    
News Summary - Facebook Parent Meta Set To Begin Widespread Job Cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.