വൈദഗ്ധ്യമുള്ള തൊഴിൽസേനയെ സൃഷ്ടിക്കുന്നതിന് 100 ദശലക്ഷം ഡോളറിന്റെ (746 കോടി) ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് ഫണ്ട് പ്രഖ്യാപിച്ച് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. ഡാറ്റ അനലിറ്റിക്സ്, ഐടി സപ്പോർട്ട്, പ്രോജക്റ്റ് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളവും പദവിയുമുള്ള ജോലികൾക്കായി യുവാക്കളെ തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽവച്ചാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.
അമേരിക്കയിലെ 20,000 ലധികം യുവാക്കൾക്ക് തൊഴിൽ അവസരം ഒരുക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. 'ഈ നിക്ഷേപം അമേരിക്കയിലെ യുവാക്കളുടെ ആകെ വേതനത്തിൽ 1 ബില്യൺ ഡോളറിന്റെ വർധനവ് സൃഷ്ടിക്കാൻ പ്രാപ്തമാണ്' -പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഐടി മേഖലയിൽ ഉയർന്ന തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി വികസനം ഉറപ്പുവരുത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
'ഈ ഫണ്ട് ആർക്കും ലഭ്യമാണ്, കോളേജ് ബിരുദം വേണമെന്ന് നിർബന്ധമില്ല. ശമ്പള വർധനവും ഉയർന്ന പദവിയുള്ള ജോലി ലഭിക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ കരിയറിൽ ഉണ്ടായതായി എഴുപത്തിയഞ്ച് ശതമാനം ബിരുദധാരികളും സാക്ഷ്യപ്പെടുത്തുന്നു'-പിച്ചൈ പറഞ്ഞു.
'ഗൂഗിളിന്റെ ഡിജിറ്റൽ സ്‌കിൽ പ്രോഗ്രാമിലൂടെ യുഎസിലെ 50 സംസ്ഥാനങ്ങളിലുള്ള 8 ദശലക്ഷം അമേരിക്കക്കാർക്ക് പരിശീലനം ലഭിച്ചു. ഒരു വർഷം കുറഞ്ഞത് 40,000 ഡോളർ സമ്പാദിക്കാൻ കഴിയുന്ന ജോലി കണ്ടെത്തിയാൽ മാത്രമേ അവർക്ക് ഇത് തിരികെ നൽകേണ്ടി വരികയുള്ളൂ'-അദ്ദേഹം പറഞ്ഞു. ഏകദേശം 70,000 അമേരിക്കക്കാരാണ് ഇതുവരെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ പൂർത്തിയാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.