ഈ വർഷം കൂടുതൽ പേരെ പിരിച്ചുവിട്ടേക്കുമെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ ജോലികൾ വെട്ടിക്കുറക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ജീവനക്കാർക്കുള്ള ഇന്റേണൽ മെമ്മോ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. പരസ്യ, മാർക്കറ്റിങ് ടീമിലെ നൂറ് കണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിടാൻ പോകുന്നതായി കഴിഞ്ഞ ദിവസമായിരുന്നു റിപ്പോർട്ട് വന്നത്. അതിന് പിന്നാലെയാണ് ഗൂഗിൾ സി.ഇ.ഒയുടെ മുന്നറിയിപ്പ്.
ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകൾ, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്.
വിവിധ തരത്തിലുള്ള മാനേജ്മെന്റ് തലങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുക, കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളിൽ വേഗത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് സുന്ദർ പിച്ചൈ മെമ്മോയിൽ സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ ജോലി വെട്ടിക്കുറക്കലുകൾ എല്ലാ ടീമുകളെയും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലിഭാരം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയറും ഓട്ടോമേഷനും സ്വീകരിക്കാൻ കമ്പനി ശ്രമിക്കുന്നതിനാൽ, ഈ വർഷം തൊഴിൽ വെട്ടിക്കുറക്കൽ ഇനിയുമുണ്ടായേക്കുമെന്നാണ് സൂചന.
എല്ലാ ജീവനക്കാർക്കും പുതിയ മെമ്മോ ഇമെയിൽ ആയി ലഭിച്ചതായി ഒരു ഗൂഗിൾ പ്രതിനിധി റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മെമ്മോയുടെ കൂടുതൽ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.