ഗൂഗിളിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ വംശജനായ സി.ഇ.ഒ സുന്ദർ പിച്ചൈ. 51-കാരനായ പിച്ചൈ, അമേരിക്കൻ ടെക് ഭീമനൊപ്പം 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. തന്റെ 20 വർഷത്തെ യാത്രയുടെ ഒരു നേർക്കാഴ്ച അദ്ദേഹം ഇൻസ്റ്റ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
‘‘2004 ഏപ്രിൽ 26 ആയിരുന്നു ഗൂഗിളിലെ എൻ്റെ ആദ്യ ദിനം. അതിനുശേഷം എല്ലാം ഒരുപാട് മാറിയിരിക്കുന്നു - സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ... എൻ്റെ മുടി. എന്താണ് മാറാത്തത് - ഈ അത്ഭുതകരമായ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആവേശം. 20 വർഷമായി, ഞാൻ ഇപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു’’. - അദ്ദേഹം കുറിച്ചു.
നിരവധിപേരാണ് സുന്ദർ പച്ചൈക്ക് ആശംസകളുമായി എത്തിയത്, പിച്ചൈയുടെ സമർപ്പണത്തെ അവർ പ്രകീർത്തിച്ചു. "രണ്ട് പതിറ്റാണ്ടുകളുടെ അചഞ്ചലമായ പ്രതിബദ്ധത, ഇരുപത് വർഷത്തെ വിജയങ്ങൾ, മികവിൻ്റെ പാരമ്പര്യം." - പോസ്റ്റിന് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു.
2004-ൽ മക്കിൻസി ആൻഡ് കമ്പനിയിലെ സേവനത്തിനുശേഷമാണ് പിച്ചൈയുടെ ഗൂഗിളിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. ഗൂഗിളിൽ, പ്രൊഡക്ട് മാനേജുമെൻ്റ് ടീമിൻ്റെ മേൽനോട്ടം വഹിക്കുക മാത്രമല്ല, ക്രോം, ക്രോം ഒ.എസ് പോലുള്ള നവീകരണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഗൂഗിൾ ഡ്രൈവ് രൂപപ്പെടുത്തുന്നതിലും പിച്ചൈ ഒരു പ്രധാന പങ്ക് വഹിച്ചു. അന്നത്തെ സിഇഒ ലാറി പേജ് അദ്ദേഹത്തെ പ്രൊഡക്ട് ചീഫായി നിയമിച്ചതിന് ശേഷവും അദ്ദേഹത്തിൻ്റെ വളർച്ച തുടരുകയായിരുന്നു, ഒടുവിൽ 2015 ഓഗസ്റ്റ് 10-ന് ഗൂഗിളിൻ്റെ സിഇഒ ആയും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.