‘‘മുഖത്തടിയേറ്റത് പോലെയാണ് അത് അനുഭവപ്പെട്ടത്. നമ്മൾ വീണുകിടക്കുമ്പോൾ ആരെങ്കിലും വന്ന് അടിക്കുന്നത് പോലെ’’. അപ്രതീക്ഷിതമായി പിരിച്ചുവിടപ്പെട്ട ഗൂഗിൾ ജീവനക്കാരൻ ടോമി യോർക് കുറിച്ച വാക്കുകളാണിത്. കാൻസർ ബാധിച്ച് കഴിഞ്ഞ ഡിസംബറിലായിരുന്നു ടോമിയുടെ മാതാവ് മരിച്ചത്. ദിവസങ്ങളോളം ലീവെടുത്ത് ഈ മാസം തുടക്കത്തിലാണ് തിരിച്ച് ഗൂഗിളിൽ ജോലിക്ക് കയറിയത്.
എന്നാൽ, ഗൂഗിൾ സോഫ്റ്റ്വെയർ എൻജിനീയറെ അവിടെ കാത്തിരുന്നത് മറ്റൊരു തിരിച്ചടിയായിരുന്നു. ദിവസങ്ങൾക്കകം തന്നെ അത് ഒരു ഇ-മെയിലായി അദ്ദേഹത്തെ തേടിയെത്തി. ‘ജോലിയിൽ നിന്ന് പിരിച്ചുവിട്ടു’ എന്നായിരുന്നു അതിലുണ്ടായിരുന്നത്.
"കഴിഞ്ഞ ആഴ്‌ച എന്നെ ഗൂഗിളിൽ നിന്ന് പിരിച്ചുവിട്ടു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് എടുത്ത അവധി കഴിഞ്ഞ് തിരിച്ചെത്തി നാലാം ദിവസമാണ് അതറിഞ്ഞത്, ഞാൻ ക്ഷീണിതനും നിരാശനുമാണ്." -ജനുവരി 26-ന് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം കുറിച്ചു. പിരിച്ചുവിടൽ ഒരു മുഖത്തടി പോലെയാണ് അനുഭവപ്പെട്ടതെന്നും ടോമി പറഞ്ഞു. ‘അച്ഛനമ്മാർ ആകാൻ പോകുന്നവരെയും വികലാംഗ അവധിയിലുള്ളവരെയും പിരിച്ചുവിട്ടതടക്കം ഗൂഗിളിലെ ദയനീയമായ പല കഥകളും ഞാൻ കേട്ടിട്ടുണ്ടെന്ന്’ ടോമി പറയുന്നു.
ഗൂഗിളിലെ തന്റെ "വെല്ലുവിളി നിറഞ്ഞ" സമയത്തെ കുറിച്ചും അദ്ദേഹം വാചാലനായി. 2021 ഡിസംബറിലായിരുന്നു ടോമി കമ്പനിയിലെത്തിയത്, അടുത്ത ഫെബ്രുവരിയിൽ തന്നെ മാതാവിന് കാൻസർ ബാധിച്ചു. ‘‘ജോലിക്കൊപ്പം അമ്മയുടെ കീമോ അപ്പോയിൻമെന്റുകൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമ്മയുടെ അവസാനത്തെ കുറച്ച് മാസങ്ങൾ അതിലേറെ കഠിനമായിരുന്നു. ഒരു മുന്നറിയിപ്പ് പോലുമില്ലാതെ തന്നെ പിരിച്ചുവിട്ട കമ്പനിക്ക് വേണ്ടി "അമിതമായി ജോലി ചെയ്യുന്നതിനു" പകരം അമ്മയ്‌ക്കൊപ്പം സമയം ചെലവഴിച്ചതിൽ താൻ സന്തോവാനാണെന്നും ടോമി തുറന്നടിച്ചു. ‘ഇതിലേറെ മികച്ച കമ്പനികൾ ജോലി ചെയ്യാൻ ഇനിയും അവസരം ലഭിക്കും, എന്നാൽ, നമ്മുടെ മാതാപിതാക്കൾ ഒരു തവണ മാത്രമേ മരിക്കുകയുള്ളൂ’ - അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാർക്ക് പിന്നാലെ ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത് ആഗോളതലത്തിൽ വലിയ വാർത്തയായി മാറിയിരുന്നു. തങ്ങളുടെ 12000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചത്. അവരുടെ ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് തീരുമാനം ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.