ഭാഷാ വിവർത്തനത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനമാണ് 'ഗൂഗിൾ ട്രാൻസ്‌ലേറ്റ്'. എന്നാൽ, ചൈനയിൽ തങ്ങളുടെ ഓൺലൈൻ വിവർത്തന സേവനം നിർത്തലാക്കിയിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ. ''ഉപയോഗം തീരെ കുറവായതിനാൽ'' ആണ് പ്രവർത്തനം നിർത്തിയതെന്ന് ഗൂഗിൾ വക്താവ് അറിയിച്ചിട്ടുണ്ട്.
ഗൂഗിൾ ചൈന ട്രാൻസ്ലേറ്റ് സേവനം അപ്രാപ്യമായതായി നിരവധി ഉപയോക്താക്കൾ റെഡ്ഡിറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനക്കാർക്ക് പ്രവേശിക്കാനാകാത്ത ഹോങ്കോങ് ഡൊമെയ്‌നിലേക്കാണ് ഇപ്പോൾ ആളുകളെ ഗൂഗിൾ വഴിതിരിച്ചുവിടുന്നത്.
നേരത്തെ, ഗൂഗിൾ തങ്ങളുടെ വിവാദ സെർച്ച് എഞ്ചിൻ പദ്ധതിയായ ഡ്രാഗൺഫ്ലൈയുടെ പ്രവർത്തനം ചൈനയിൽ അവസാനിപ്പിച്ചിരുന്നു. സ്വകാര്യത, സെൻസർഷിപ്പ്, മനുഷ്യാവകാശ ലംഘനവുമടക്കമുള്ള ആശങ്കകളുയർത്തിയതോടെയാണ് ഡ്രാഗൺഫ്ലൈ ഉപേക്ഷിച്ച് ഗൂഗിൾ തടിതപ്പിയത്.
"പ്രോജക്റ്റ് ഡ്രാഗൺഫ്ലൈ" വഴി ചൈനയിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള പദ്ധതിക്കെതിരെ യുഎസ്, യുകെ, കാനഡ, ഇന്ത്യ, മെക്സിക്കോ, ചിലി, അർജന്റീന, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഗൂഗിളിന്റെ ഓഫീസുകളിൽ മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.
യു.എസ് സെർച്ച് എഞ്ചിൻ ഭീമൻ ചൈനയിൽ 2006-ൽ ഒരു സെർച്ച് എഞ്ചിൻ ആരംഭിച്ചിരുന്നുവെങ്കിലും 2010-ൽ അതിന്റെ സേവനം രാജ്യത്ത് നിന്ന് പിൻവലിച്ചു, ആവിഷ്കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും വെബ്‌സൈറ്റുകൾ തടയാനുമുള്ള ചൈനീസ് സർക്കാർ ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിൻമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.