വാഷിങ്ടൺ: വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗൂഗ്ൾ. കോവിഡ് വാക്സിനേഷൻ നിയമങ്ങൾ പാലിക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗ്ൾ മുന്നറിയിപ്പ് നൽകുന്നു. ഗൂഗ്ളിലെ ചില ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നത്.
ഡിസംബർ മൂന്നിനകം വാക്സിൻ സ്വീകരിച്ചതിന്‍റെ രേഖ അപ്ലോഡ് ചെയ്യണമെന്നാണ് ഗൂഗ്ൾ ജീവനക്കാർക്ക് നൽകിയ നിർദേശം. മതപരമായ അല്ലെങ്കിൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് വാക്സിൻ സ്വീകരിക്കാൻ സാധിച്ചില്ലെങ്കിൽ അതും വ്യക്തമാക്കണം.
വാക്സിൻ സ്വീകരിക്കാത്തവരേയും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാത്തവരേയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ഗൂഗ്ൾ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്തവർക്ക് ആദ്യഘട്ടത്തിൽ ശമ്പളത്തോടെ 30 ദിവസത്തെ അവധി നൽകും. പിന്നീട് ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയും നൽകും. ഇതിന് ശേഷവും വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ പുറത്താക്കൽ നടപടി ഉൾപ്പടെ സ്വീകരിക്കുമെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
അതേസമയം, വാർത്ത സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഗൂഗ്ൾ തയാറായില്ല. ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാത്രമായിരുന്നു ഗൂഗ്ളിന്റെ പ്രതികരണം. നേരത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാരെ ഓഫീസിലെത്തിപ്പിക്കുന്നത് ഗൂഗ്ൾ വൈകിപ്പിച്ചിരുന്നു. ജനുവരി 10 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ജീവനക്കാരെ ഓഫീസിലെത്തിപ്പിക്കാനായിരുന്നു ഗൂഗ്ളിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.