നിങ്ങൾ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവരാണോ..? എങ്കിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ((CERT-In) ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്. ക്രോം വെബ് ബ്രൗസറിന്റെ വിവിധ പതിപ്പുകളിൽ ഒട്ടേറെ പിഴവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതുവരെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാനാണ് കേന്ദ്രസർക്കാർ ഏജൻസിയുടെ നിർദേശം.
ഫിഷിങ്, ഡാറ്റാ ചോർച്ച, മാൽവെയർ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രോം നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യാൻ ഏജൻസി നിർദേശിച്ചിരിക്കുന്നത്. ലിനക്‌സ്, മാക് ഒ.എസുകളിൽ 115.0.5790.170-ന് മുൻപുള്ള ക്രോം പതിപ്പുകളും വിൻഡോസിൽ 115.0.5790.170/.171-ന് മുൻപുള്ള പതിപ്പുകളുമാണ് ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യേണ്ടത്.
ക്രോം ബ്രൗസറിന് വേണ്ടി പ്രതിവാര സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ അറിയിച്ചിരുന്നു. നിലവിൽ രണ്ടാഴ്ച കൂടുമ്പോഴാണ് സുരഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത്. സാധാരണ രീതിയിൽ ക്രോം ബ്രൗസറിൽ ഓട്ടോ അപ്‌ഡേറ്റുകളുണ്ടാകും എന്നാൽ സെറ്റിങ്‌സിൽ എന്തെങ്കിലും മാറ്റം വന്നാൽ താനെ അപ്‌ഡേറ്റാവില്ല.
ക്രേം ബ്രൗസർ തുറന്ന് മുകളിൽ വലത് കോണിലുള്ള മുന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ശേഷം സെറ്റിങ്‌സ് ക്ലിക്ക് ചെയ്താൽ വരുന്ന പേജിൽ ഇടതുവശത്തുള്ള എബൗട്ട് ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ ബ്രൗസർ അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. അപ്‌ഡേറ്റായില്ലെങ്കിൽ അവിടെ നിന്ന് തന്നെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.