ഇന്ത്യയിൽ ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് സേവന ഫീസ് നൽകാത്തതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ ചില ആപ്പുകൾ നീക്കം ചെയ്തതിന്റെ വിവാദം കനക്കുകയാണ് ടെക് ലോകത്ത്. Matrimony.com, Info Edge എന്നിവയടക്കമുള്ള ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളായിരുന്നു നീക്കം ചെയ്തത്. പ്ലേ സ്റ്റോറിൽനിന്ന് പ്രയോജനമുണ്ടാക്കിയിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടക്കുന്നില്ലെന്നായിരുന്നു ഗൂഗിളിന്റെ പരാതി.
ഇപ്പോഴിതാ ഗൂഗിളിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിരിക്കുകയാണ് കമ്പനിയുടമകൾ. ബിസിനസുകൾക്ക് ഏറ്റവും മോശം കമ്പനിയാണ് ഗൂഗിളെന്ന് പ്രമുഖ ഓഡിയോ സ്റ്റോറി ടെല്ലിങ് ആപ്പായ കുക്കു എഫ്.എമ്മിന്റെ സി.ഇ.ഒ ലാൽ ചന്ദു ബിസു അഭിപ്രായപ്പെട്ടു. നമ്മുടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് സിസ്റ്റം പൂർണ്ണമായും നിയന്ത്രിക്കുന്നത് അവരാണെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
‘‘മുൻകൂട്ടി അറിയിക്കാതെ തന്നെ 2019-ൽ 25 ദിവസത്തേക്ക് ഗൂഗിൾ ഞങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി’. ഏറ്റവും മോശം ദിവസങ്ങളായിരുന്നു അത്. പ്ലേ സ്റ്റോറിൽ ആപ്പ് ഇല്ലാതെ, ഓഫീസിൽ ഞങ്ങളുടെ ടീം ദിവസവും ജോലി ചെയ്യുന്ന അന്തരീക്ഷം സങ്കൽപ്പിച്ച് നോക്കുക.
ഇപ്പോൾ അവർ ഞങ്ങളെ വീണ്ടും ഡീലിസ്റ്റ് ചെയ്തു. അവരുടെ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഇത് ഞങ്ങളുടെ ബിസിനസിനെ പൂർണ്ണമായും നശിപ്പിക്കുകയും രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും കുക്കു എഫ്എമ്മിനെ അപ്രാപ്യമാക്കുകയും ചെയ്യും. ഒരു കുത്തക എപ്പോഴെങ്കിലും സ്വന്തം കാര്യമല്ലാതെ മറ്റെന്തിനെയെങ്കിലും കുറിച്ച് കെയർ ചെയ്യുമോ..?
നമ്മുടെ എക്കോസിസ്റ്റത്തെ അവർ നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് ഒരിക്കലും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് തോന്നുന്നു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടേണ്ടതുണ്ട്’’. - കുക്കു എഫ്.എം സിഇഒ എക്സിൽ കുറിച്ചു.
ഷാദി ഡോട്ട് കോം സി.ഇ.ഒ അനുപം മിത്തലും ശക്തമായി രംഗത്തുവന്നിരുന്നു. ‘‘ഇന്ത്യ ഇൻറർനെറ്റിന് ഇന്ന് കറുത്ത ദിനമാണ്. നിയമപരമായ വാദങ്ങൾ നടക്കുന്നതിനിടയിൽ ഗൂഗിൾ അതിൻ്റെ ആപ്പ് സ്റ്റോറിൽ നിന്ന് പ്രധാന ആപ്പുകളെ നീക്കം ചെയ്തു. സി.സി.ഐയും സുപ്രീംകോടതിയും ഇതിൽ നടപടി സ്വീകരിക്കണം. അവരുടെ തെറ്റായ വിശദീകരണവും ഈ ചങ്കൂറ്റവും കാണിക്കുന്നത് അവർക്ക് ഇന്ത്യയോട് വലിയ പരിഗണനയില്ല എന്നാണ്. ഇത് പുതിയ ഡിജിറ്റൽ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളെ രക്ഷിക്കണം, -അദ്ദേഹം എക്സിൽ കുറിച്ചു.
മാട്രിമോണി ഡോട്ട് കോം സ്ഥാപകനും സി.ഇ.ഒയുമായ മുരുകവേൽ ജാനകിരാമനും ഗൂഗിളിനെതിരെ രംഗത്തുവന്നു. ‘നമ്മുടെ ആപ്പുകൾ ഒന്നൊന്നായി പ്ലേസ്റ്റോറിൽ നിന്ന് നീക്കുകയാണ്. ഇത് ഇന്ത്യൻ ഇന്റർനെറ്റിന്റെ കറുത്ത ദിനമാണ്. അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.