ഇന്ത്യൻ നാവിഗേഷൻ ആപ്പായ മാപ് മൈ ഇന്ത്യയുടെ (MapmyIndia) സി.ഇ.ഒ രോഹൻ വർമ അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിനെതിരെ രംഗത്ത്. "സ്വദേശി" എതിരാളികളെ ഞെരുക്കി തളർത്തിക്കൊണ്ടുള്ള ഗൂഗിളിന്റെ മത്സര വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതായി രോഹൻ വർമ പറഞ്ഞു.
2020ൽ മാപ്മൈഇന്ത്യയുടെ ആൻഡ്രോയ്ഡ് ആപ്പ്, പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്ത സംഭവത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ‘‘2020-ലെ കോവിഡ് സമയത്ത്, മാപ്മൈഇന്ത്യയുടെ നാവിഗേഷൻ ആപ്പ്, ആളുകൾക്ക് അടുത്തുള്ള കണ്ടെയ്‌ൻമെന്റ് സോണുകളും ടെസ്റ്റിങ്, ചികിത്സാ സെന്ററുകളും കാണിച്ചുകൊടുത്ത്, അവരെ സുരക്ഷിതമായിരിക്കാൻ സഹായിച്ചിരുന്നു. ഇത് ഗൂഗിൾ മാപ്സിന് (Google Maps) നൽകാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഗൂഗിൾ, മാപ്മൈഇന്ത്യയുടെ ആപ്പ്, പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തെ’ന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗൂഗിൾ ഒരു മത്സര വിരുദ്ധ കുത്തകയാണെന്ന് വ്യാവസായിക, സർക്കാർ തലത്തിലുള്ളവർക്കും വിഷയം വിശദമായി പഠിച്ചവർക്കും പൊതുവായി അറിയുന്ന കാര്യമാണ്. അത് മത്സര വിരുദ്ധ പ്രവർത്തനങ്ങളിലൂടെ പുത്തൻപുതിയ വിപണികളിലുടനീളം അതിന്റെ കുത്തക നിലനിർത്തുന്നു. ഇതര ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, ആപ്പ് സ്റ്റോറുകൾ, മാപ്പുകൾ പോലുള്ള ആപ്പുകൾ തുടങ്ങിയവ സ്മാർട്ട്ഫോൺ നിർമാതാക്കൾക്കും ഉപയോക്താക്കൾക്കുമിടയിൽ വ്യാപിക്കുന്നത് ഗൂഗിൾ ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. -രോഹൻ വർമ ഒരു പ്രസ്താവനയിൽ പറഞ്ഞു.
വിപണികളിൽ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗ്ളിന് ഒക്ടോബറിൽ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) 1337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. വാണിജ്യതാൽപര്യത്തിന് അനുസരിച്ച് ആൻഡ്രോയ്ഡ് മൊബൈലുകളെ ദുരുപയോഗം ചെയ്തതിനായിരുന്നു പിഴ. ഉപയോക്താക്കളെ വര്‍ധിപ്പിക്കുക എന്ന ആത്യന്തിക ഉദ്ദേശ്യത്തിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ ബിസിനസ് രീതികളില്‍ മാറ്റം വരുത്താനും സിസിഐ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാൽ സി.സി.ഐ ഉത്തരവിനെതിരെ അപ്പീൽ ട്രൈബ്യൂണലായ എൻ.സി.എൽ.എ.ടിയെ ഗൂഗിൾ സമീപിച്ചു. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാകുമെന്നും മൊബൈൽ ഉപകരണങ്ങളുടെ വില വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അപ്പീൽ നൽകാൻ തീരുമാനിച്ചതായും ഗൂഗ്ൾ വക്താവ് അറിയിച്ചു. സി.സി.ഐ തീരുമാനം ഇന്ത്യൻ ഉപയോക്താക്കളെ സുരക്ഷാഭീഷണികളിലേക്ക് തള്ളിവിടുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.