സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ ‘വെബ് സമ്മിറ്റി’ൽ നിന്ന് ടെക് ഭീമൻമാരായ മെറ്റയും ഗൂഗിളും ആമസോണും പിൻമാറാൻ തീരുമാനിച്ചു. വെബ് സമ്മിറ്റ് സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് ഇസ്രായേലിനെതിരായ പരാമർശത്തിന് പിന്നാലെയാണ് പിൻവാങ്ങൽ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനെ കോസ്ഗ്രേവ് ശക്തമായി വിമർശിച്ചിരുന്നു. അത് വലിയ വിവാദമാവുകയും ചെയ്തു.

പിന്നാലെ നിരവധി ടെക് കമ്പനികളും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും വെബ് ഉച്ചകോടിയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. അവരുടെ പാത പിന്തുടർന്ന് ടെക് ഭീമൻമാരും തങ്ങളുടെ പിന്മാറ്റമറിയിച്ചു.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഐറിഷ് സംരംഭകൻ എക്സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശിച്ചത്. ‘‘ഒരിക്കലെങ്കിലും ശരിയായ കാര്യം ചെയ്യാൻ മനസ് കാണിച്ച അയർലൻഡ് സർക്കാർ ഒഴിച്ചുള്ള പല പാശ്ചാത്യ നേതാക്കളുടെയും സർക്കാരുകളുടെയും വാക്കുകളും പ്രവൃത്തികളും എന്നെ ഞെട്ടിച്ചിരിക്കുന്നു. യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നത് നിങ്ങളുടെ സഖ്യകക്ഷികൾ ആയാലും അവ യുദ്ധക്കുറ്റങ്ങൾ തന്നെയാണ്, അവയെ അങ്ങനെ തന്നെ വിളിക്കണം’’. - കോസ്‌ഗ്രേവ് കുറിച്ചു.

നവംബർ 13 മുതൽ 16 വരെ ലിസ്ബണിലാണ് വെബ് ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നത്. മെഗാ ഇവന്റിൽ ഇത്തവണ ഏകദേശം 2,300 സ്റ്റാർട്ടപ്പുകളും 70,000-ത്തിലധികം ആളുകളും പ​ങ്കെടുക്കേണ്ടതാണ്. എന്നാൽ, വെബ് ഉച്ചകോടി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഇസ്രായേലി നിക്ഷേപകർ സംയുക്ത പ്രസ്താവന ഇറക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

സിലിക്കൺ വാലിയിലെ പ്രമുഖ വ്യക്തിയായ ഗാരി ടാൻ ആണ് ബഹിഷ്‌കരണം ആരംഭിച്ചത്, അതോടെ, ഇൻഡസ്ട്രിയിലെ നിരവധി പ്രമുഖർ ബഹിഷ്കരണം ഏറ്റെടുക്കുകയായിരുന്നു. ഇന്റൽ, സീമെൻസ്, യുഎസ് ഹാസ്യനടൻ ആമി പോഹ്‌ലർ, എക്സ്-ഫയൽസ് താരം ഗില്ലിയൻ ആൻഡേഴ്സൺ തുടങ്ങിയവരും ബഹിഷ്കരിച്ചവരിൽ പെടും.

ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ, തന്റെ ഇസ്രായേൽ പരാമർശങ്ങളിൽ കോസ്ഗ്രേവ് ക്ഷമാപണം നടത്തിയിരുന്നു. "ഞാൻ പറഞ്ഞതും, പറഞ്ഞ സമയവും, അത് അവതരിപ്പിച്ച രീതിയും പലരെയും ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകളിൽ വേദനിച്ച എല്ലാവരോടും, ഞാൻ അഘാതമായ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ ഈ സമയത്ത് വേണ്ടത് അനുകമ്പയാണ്, ഞാൻ അത് നൽകിയില്ല. - അദ്ദേഹം കുറിച്ചു.

Tags:    
News Summary - Meta, Google, Amazon quit tech summit over CEO’s Israel remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.