ചൈനീസ് ആപ്പുകളിൽനിന്ന് വായ്പയെടുത്തു; കുടിശ്ശികയായതോടെ ഭീഷണി; മുന്നറിയിപ്പാണ് ഈ വിദ്യാർഥിയുടെ ആത്മഹത്യ

ഭോപ്പാൽ: ഭോപ്പാൽ എൻജിനീയറിങ് വിദ്യാർഥി നിഷാങ്ക് റാത്തോഡ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ചൈനീസ് വായ്പ ആപ്പുകളുടെ ഭീഷണി. കഴിഞ്ഞദിവസം റെയിൽവേ ട്രാക്കിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. റാത്തോഡ് വിവിധ ആപ്പുകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും 8000 രൂപയോളം വായ്പ വാങ്ങിയിരുന്നു. ഈ പണം ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതോടെ നാലുമാസമായി ഈ ആപ്പുകളുടെ ഏജന്‍റുമാർ നിരവധി തവണ വിദ്യാർഥിയെ വിളിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ അമിത പലിശ നിരക്കുകളുള്ള നിരവധി ചൈനീസ് വായ്പ ആപ്പുകളുടെ സാധാരണ പ്രവർത്തനരീതിയാണിത്. വായ്പ കുടിശ്ശിക വരുത്തിയാൽ അവർ ആളുകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതാണ് പതിവെന്ന് പൊലീസ് പറയുന്നു. നിഷാങ്കിന്‍റെ വായ്പ തുക ചെറുതാണെങ്കിൽപ്പോലും, അയാളെ നിരന്തരം ഇത്തരം സംഘങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നു. 15ലധികം ചൈനീസ് വായ്പ ആപ്പുകളിൽ നിന്നാണ് വിദ്യാർഥി വായ്പ എടുത്തത്.

രണ്ട് വർഷമായി ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ മൊബൈലിൽനിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. ഇതുവെച്ചാണ് പിന്നീട് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത്. വായ്പ കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഏജന്‍റുമാരുടെ ഭീഷണിമൂലമാണ് പലരും ജീവനൊടുക്കുന്നത്.

റാത്തോഡിന്റെ ഫോണിൽനിന്ന് ഇത്തരം ആപ്പുകളും കോൾ വിശദാംശങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ആപ്പ് ഏജന്‍റുമാരെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. അംഗീകൃത ബാങ്കുകൾ കോവിഡ് കാലത്ത് വായ്പ നൽകുന്നത് കുറച്ചതോടെയാണ് ചൈനീസ് കമ്പനികൾ ഈ രംഗത്ത് പിടിമുറുക്കിയത്.

Tags:    
News Summary - MP student found dead on tracks ‘took loan from 15 apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.