ന്യൂഡൽഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താൽക്കാലികമായി സർക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബിൽ പാർലമെന്റ് പാസാക്കി.
കഴിഞ്ഞ ദിവസം ലോക്സഭ അംഗീകാരം നൽകിയ ബിൽ, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങൾ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സർക്കാറിന് അധികാരം നൽകുന്നതായി വ്യവസ്ഥയുണ്ട്.
പൊതുജന താൽപര്യാർഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടയില്ല.
കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ ഇന്ത്യയുടെ ആഗ്രഹം കണക്കിലെടുത്താണ് ടെലികമ്യൂണിക്കേഷൻ ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അഴിമതി കാരണം നശിച്ച ടെലികോം മേഖല കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ഉയിർത്തെഴുന്നേറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ൽ ടെലികോം ടവറുകളുടെ എണ്ണം ആറ് ലക്ഷമായിരുന്നത് നിലവിൽ 25 ലക്ഷമായി.
ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 1.5 കോടിയിൽനിന്ന് 85 കോടിയായി വർധിച്ചെന്നും മന്ത്രി പറഞ്ഞു. സിം സ്വന്തമാക്കാൻ ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ നൽകിയാൽ മൂന്നുവർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ബില്ലിലെ പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സിം കാർഡുകൾ സ്ഥാപിക്കാൻ കഴിയുന്ന സിം ബോക്സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർക്കും സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് മറ്റൊരാളുടെ ഫോൺ നമ്പർ വഴി കബളിപ്പിക്കുന്നവർക്കും സമാനമായ പിഴ ചുമത്തും. ലൈസൻസ് നൽകുന്നത് ലളിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.