ജീവനക്കാരനെ റാഞ്ചാൻ നോക്കി ഇന്ത്യൻ സി.ഇ.ഒ; അമ്പരപ്പിക്കുന്ന നീക്കവുമായി ഗൂഗിൾ

സെർച്ച് എഞ്ചിൻ പെർപ്ലെക്‌സിറ്റി എ.ഐയുടെ സി.ഇ.ഒ ആയ അരവിന്ദ് ശ്രീനിവാസാണ് അടുത്തിടെ ഒരു രസകരമായ സംഭവം പങ്കുവെച്ചത്. പ്രതിഭകളായ ജീവനക്കാരെ നിലനിർത്താൻ ടെക് ഭീമൻമാർ ഏതറ്റം വരെയും പോകുമെന്നത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അനുഭവം. ബിഗ് ടെക്‌നോളജി പോഡ്‌കാസ്റ്റ് ഹോസ്റ്റ് അലക്‌സ് കാൻട്രോവിറ്റ്‌സുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അരവിന്ദ് ശ്രീനിവാസൻ തന്റെ കമ്പനിയിലേക്ക് റാഞ്ചാൻ ശ്രമിച്ച ഒരു ജീവനക്കാരനെ ഗൂഗിൾ നിലനിർത്തിയ രീതിയായിരുന്നു അദ്ദേഹത്തെ അമ്പരപ്പിച്ചത്. ശമ്പളം നാലിരട്ടിയായി വർധിപ്പിച്ചായിരുന്നു മിടുക്കനായ ജീവനക്കാരനെ ഗൂഗിൾ നിലനിർത്തിയത്. കാൻട്രോവിറ്റ്‌സ് അരവിന്ദുമായുള്ള സംഭാഷണത്തിൻ്റെ വീഡിയോ എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചിട്ടുണ്ട്. ‘അവൻ ഞങ്ങളുടെ കമ്പനിയിൽ ചേരാൻ പോകുന്നുവെന്ന് അവരോട് (ഗൂഗിൾ) പറഞ്ഞ നിമിഷം, അവർ അവൻ്റെ സാലറി നാലിരട്ടിയാക്കി' -അരവിന്ദ് വിഡിയോയിൽ പറയുന്നു.

"ഞാൻ ഗൂഗിളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച മികച്ചൊരു ജീവനക്കാരനുണ്ടായിരുന്നു. അവൻ ഇപ്പോഴും അവിടെ തന്നെയാണ് പ്രവർത്തിക്കുന്നത്... ഗൂഗിൾ സെർച്ച് ടീമിൽ, എന്നാൽ, എ.ഐ വിഭാഗത്തിലല്ല. അവൻ ഞങ്ങളോടൊപ്പം ചേരുമെന്ന് അവരോട് പറഞ്ഞ നിമിഷം, ഗൂഗിൾ അവൻ്റെ ഓഫർ നാലിരട്ടിയാക്കി," -അദ്ദേഹം പോഡ്‌കാസ്റ്റിൽ പറഞ്ഞു. “ഇത് പോലെ ഒരു നീക്കം ഞാൻ മുമ്പ് കണ്ടിട്ടില്ല,” -അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭാഷണത്തിനിടെ, ടെക് കമ്പനികൾ എന്തിനാണ് ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നതെന്ന് അറിയാമോ എന്നും ശ്രീനിവാസിനോട് ചോദിച്ചു. ഇതിന് അദ്ദേഹം പറഞ്ഞു,- "സത്യസന്ധമായി, അവർ ആരെയാണ് ഇങ്ങനെ വിട്ടുകളയുന്നതെന്ന് എനിക്കറിയില്ല. ഇത് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ മറ്റെന്തെങ്കിലുമാണോ, എനിക്ക് വ്യക്തമായ ധാരണയില്ല".

‘എന്നോട് പറഞ്ഞതനുസരിച്ച്, കാര്യമായ സംഭാവനകളൊന്നും നൽകാത്ത വളരെ ഉയർന്ന പ്രതിഫലമുള്ള ആളുകളെയാണ് അവർ പിരിച്ചുവിടുന്നത്. ഗൂഗിളിൽ നിങ്ങൾക്ക് വെക്കേഷൻ ആസ്വദിക്കാം. ആരും ശ്രദ്ധിക്കില്ല, കാരണം കമ്പനിയെ അത് ശരിക്കും ബാധിക്കില്ല. എന്നാൽ അവർ ഈയിടെയായി ജീവനക്കാർക്ക് കരുതൽ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഉയർന്ന സാലറി നൽകുന്നവർക്ക്. - അരവിന്ദ് ശ്രീനിവാസ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Perplexity AI CEO Reveals How Google Kept a Desired Employee from Joining His Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.