ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. കുറഞ്ഞ വർഷം കൊണ്ട് സാംസങ്ങിനും ഷഓമിക്കും ഇന്ത്യൻ മാർക്കറ്റിൽ കടുത്ത മത്സരം നൽകാൻ റിയൽമിക്ക് സാധിച്ചിട്ടുണ്ട്. എന്നാലിപ്പോൾ, കമ്പനിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ‘റിയൽമി’ ഇന്ത്യൻ യൂസർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതായികാട്ടി ഒരാൾ രംഗത്തുവന്നിരിക്കുകയാണ്.
‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ എന്ന സ്മാർട്ട്ഫോണിലെ ഒരു ഫീച്ചർ ഉപയോഗിച്ച് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി യൂസർമാരുടെ വിവരങ്ങൾ ശേഖരിച്ച് കടത്തുന്നതായി റിഷി ബഗ്രീ എന്നയാളാണ് ആശങ്ക പങ്കുവെച്ചത്. സ്മാർട്ട്ഫോൺ ആദ്യമായി കൈയ്യിൽ കിട്ടുമ്പോൾ തന്നെ ഈ ഫീച്ചർ ഓൺ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും യൂസർമാർ ആപ്പുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാറ്റിസ്റ്റിക്‌സുമടങ്ങുന്ന ഉപയോക്തൃ ഡാറ്റയാണ് ഈ ഫീച്ചർ ഉപയോഗിച്ച് ശേഖരിക്കുന്നത്. കോൾ ലോഗുകളും എസ്എംഎസും ലൊക്കേഷൻ വിവരങ്ങളും അത്തരത്തിൽ യൂസർമാരുടെ സമ്മതമില്ലാതെ സ്റ്റോർ ചെയ്യുന്നുണ്ട്.
എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചറിലേക്ക് എത്താനും കുറച്ച് പാടാണ്. സെറ്റിങ്സിൽ പോയി, അഡീഷണൽ സെറ്റിങ്സ് തുറന്ന് സിസ്റ്റം സർവീസസിൽ പോയാൽ മാത്രമാണ് എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഓപ്ഷൻ ഓണായിരിക്കുന്നതായി കാണാൻ സാധിക്കുക. ഇന്ത്യക്കാരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കുകയാണ് റിയൽമി ചെയ്യുന്നതെന്ന് ട്വീറ്റിൽ പറയുന്നു. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പറഞ്ഞത്. ആരോപണമുന്നയിച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.