വാട്സ്ആപ്പ് ഫോർവാഡുകൾ കലാപങ്ങൾക്കും ആൾകൂട്ട ആക്രമണങ്ങൾക്കും കാരണമാകുന്ന രാജ്യമാണ് ഇന്ത്യ. വ്യാജ വാർത്തകളും വിഡിയോകളും വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച് ആളുകളെ ഇളക്കിവിട്ടാണ് ആവശ്യക്കാർ അത് സാധ്യമാക്കുന്നത്. നിലവിൽ അത്തരം വിദ്വേഷ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പിലുണ്ട്.
കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവരിലേക്കുമായി എത്തേണ്ട എന്ത് കാര്യവും വാട്സ്ആപ്പ് സ്റ്റാറ്റസായാണ് പലരും പോസ്റ്റ് ചെയ്യാറുള്ളത്. അതാണ് ഏറ്റവും എളുപ്പവും. പക്ഷെ, വാട്സ്ആപ്പിലെ ഏറ്റവും ജനപ്രിയമായ ഫീച്ചറായ ‘സ്റ്റാറ്റസ് അപ്ഡേറ്റ്’ വഴിയുള്ള വിദ്വേഷ ഉള്ളടക്കങ്ങളുടെ പ്രചരണം റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ആപ്പിൽ ഇതുവരെ എത്തിയിട്ടില്ല.
എന്നാലിപ്പോൾ, സ്റ്റാറ്റസുകൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. വിദ്വേഷം നിറഞ്ഞതും, അശ്ലീലവും, ആക്രമണം പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റാറ്റസുകൾ യൂസർമാർക്ക് വാട്സ്ആപ്പിലേക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് വിശദീകരിക്കാൻ, WABetaInfo സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്:
സ്‌ക്രീൻഷോട്ടിൽ കാണുന്നത് പോലെ, ഏതെങ്കിലും സ്റ്റാറ്റസ് അപ്‌ഡേറ്റ് റിപ്പോർട്ടുചെയ്യുന്നതിന് ഉപയോക്താക്കൾ സ്റ്റാറ്റസ് വിഭാഗത്തിനുള്ളിലെ ഒരു പുതിയ മെനുവിലേക്ക് പോകേണ്ടതുണ്ട്.
ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും വാട്ട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാൻ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോർട്ട് ചെയ്യാനാകും. നിലവിൽ വാട്സ്ആപ്പിന്റെ ഡെസ്കടോപ്പ് വേർഷനിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ , ഭാവിയിൽ അപ്ഡേറ്റ് വഴി യൂസർമാരിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.