ഇൻറർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉത്പ്പന്നങ്ങളിലും പേരുകേട്ട ചൈനീസ് മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയാണ് ബൈഡു. ബീജിങ് ആസ്ഥാനമായ ബൈഡു ഡ്രൈവറില്ലാതെ ഒാടുന്ന റോബോടാക്സി നിരത്തിലിറക്കിയിരിക്കുകയാണ്. പണം നൽകിയോടുന്ന റോബോടാക്സി സേവനം ചൈനയിൽ തന്നെ ആദ്യത്തെ സംരംഭമാണ്. ബൈഡുവിനാണ് അത് വിജയകരമായി ചെയ്യാൻ സാധിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങളും സേവനങ്ങളും നിർമിച്ച് പേര് കേട്ട കമ്പനിയാണ് ബൈഡു.
അതേസമയം, റോബോടാക്സി ഡ്രൈവറില്ലാതെയാണ് ഒാടുന്നതെങ്കിലും നിലവിൽ ഒരു സുരക്ഷ എന്ന നിലക്ക് മുമ്പിലെ പാസഞ്ചർ സീറ്റിൽ ഒരു സേഫ്റ്റി മെമ്പറെ ബൈഡു ഇരുത്തിയിട്ടുണ്ട്. കാർ, പക്ഷെ ഒാടുന്നത് അയാളുടെ യാതൊരു ഇടപെടലുമില്ലാതെയാണ്. ശൗങ്ങാങ് പാർക്കിലാണ് ബൈഡു ഡ്രൈവറില്ലാ ടാക്സികൾ ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. സ്പോട്സ് ഹാളുകളിലും കോഫീ ഷോപ്പുകളിലും ഹോട്ടലുകളിലും തൊഴിൽ ചെയ്യുന്ന ഇടങ്ങളിലും ആളുകളെ എത്തിക്കുകയാണ് ഇപ്പോൾ റോബോടാക്സിയുടെ ജോലി. 2022ൽ നടക്കാനിരിക്കുന്ന വിൻറർ ഒളിമ്പിക്സിൽ പെങ്കടുക്കുന്ന അത്ലറ്റുകൾക്കും ജീവനക്കാർക്കും വേണ്ടി റോബോടാക്സികൾ സേവനം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അപോളോ ഗോ ആപ്പ് ഉപയോഗിച്ചാണ് റോബോടാക്സിയിൽ റൈഡ് ബുക്ക് ചെയ്യേണ്ടത്. ഡ്രൈവറില്ലാത്തതിനാൽ, യാത്രക്കാർക്ക് റിമോട്ട് കാർ ഹോണോ ആപ്പിലെ മാപ്പോ ഉപയോഗിച്ച് കാറിന് വഴിപറഞ്ഞുകൊടുക്കാം. കാർ അൺലോക്ക് ചെയ്യാനായി യാത്രക്കാർ QR കോഡും ഹെൽത്ത് കോഡും സ്കാൻ ചെയ്യേണ്ടതായും വരും. ഒരു യാത്രക്ക് 30 യുവാൻ (342 രൂപ) മുതലാണ് ചാർജീടാക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ മുതൽ ബൈഡു ബീജിങ്ങിൽ അവരുടെ ഡ്രൈവറില്ലാ കാറുകളുടെ ടെസ്റ്റ് ഡ്രൈവുകളും ട്രയലുകളും നടത്തിവരികയായിരുന്നു. 10 മില്യൺ കിലോമീറ്ററുകൾ റോഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് കാർ ജനങ്ങൾക്ക് ഉപയോഗിക്കാനായി വിട്ടുനൽകിയിരിക്കുന്നത്. ഭാവിയിൽ ചൈനയിലെ മറ്റെല്ലാ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ബൈഡു ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.