ലോകത്ത് ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. മറ്റനേകം ബ്രൗസർ ആപ്പുകൾ നിലവിലുണ്ടെങ്കിലും നെറ്റിസൺസിനെ ക്രോം ഉപയോഗിക്കാൻ അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ നിർബന്ധിതരാക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലും മറ്റും ഇൻ-ബിൽറ്റ് ബ്രൗസറായി ക്രോം നൽകിക്കൊണ്ടാണ് ഗൂഗിൾ കാര്യം സാധിക്കുന്നത്.
എന്നാൽ, ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് ദുഃഖ വാർത്തയുമായി എത്തിയിരിക്കുകയാണ് അറ്റ്ലസ് വിപിഎൻ. അവർ പുറത്തുവിട്ട പുതിയ വിവരങ്ങൾ പ്രകാരം 2022ൽ ഏറ്റവുമധികം സുരക്ഷാപ്രശ്നങ്ങൾ നേരിട്ട ഇന്റർനെറ്റ് ബ്രൗസർ ക്രോം ആണ്. ആപ്പിളിന്റെ സഫാരി ബ്രൗസർ, മോസില്ല ഫയർഫോക്സ്, മൈക്രോ സോഫ്റ്റ് എഡ്ജ്, ബ്രൈവ് ബ്രൗസർ തുടങ്ങി നിരവധി ബ്രൗസർ ആപ്പുകൾ നിലവിലുണ്ട്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങളിൽ അവയെല്ലാത്തിനെയും ബഹൂദൂരം പിന്നിലാക്കിയിരിക്കുകയാണ് ക്രോം.
2022 ജനുവരി ഒന്ന് മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം ഗൂഗിൾ ക്രോം നേരിട്ടത് 303 അപകട സാഹചര്യങ്ങളാണ്. ക്രോം ബ്രൗസർ ഇന്റർനെറ്റ് ലോകത്ത് വന്നത് മുതൽ 3,159 തവണ സൈബർ ആക്രമണ ഭീഷണി നേരിട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ക്രോം തന്നെയാണ് ഒന്നാമൻ. ക്രോമിന് പിറകിലുള്ളത് മോസില്ല ഫയർഫോക്സാണ് (117), മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ 10 മാസക്കാലയളവിൽ 103 തവണ അപകടസാഹചര്യങ്ങളിലൂടെ കടന്നുപോയി. ആപ്പിളിന്റെ സഫാരി ബ്രൗസർ നേരിട്ടത് 26 അപകട സാഹചര്യങ്ങളാണ്.
ഉപയോക്താക്കളുടെ ഡാറ്റയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളാണ് ക്രോമടക്കമുള്ള ബ്രൗസറുകൾ നേരിട്ടത്. അതിനാൽ തന്നെ ബ്രൗസറിന്റെ അപ്ഡേറ്റ് ചെയ്ത വേർഷൻ ഉപയോഗിക്കാനാണ് ഗൂഗിൾ നിരന്തരം ആവശ്യപ്പെടുന്നത്. ഈയിടെ കേന്ദ്ര സർക്കാർ ക്രോം ഉപയോഗിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ആപ്പ് അപ്ഡേറ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.