വാഷിങ്ടൺ ഡി.സിയിലെ ഫേസ്ബുക്ക് ഒാഫീസിന് മുന്നിൽ മൃതദേഹം പൊതിഞ്ഞുകൊണ്ടുപോവാൻ ഉപയോഗിക്കുന്ന ബാഗുകൾ നിരത്തിവെച്ച് ഒരു കൂട്ടം സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം. കോവിഡ് വാക്സിനെതിരായ വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ഫേസ്ബുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 'ദ റിയൽ ഫേസ്ബുക്ക് ഒാവർസൈറ്റ് ബോർഡ്' എന്ന കൂട്ടായ്മ 'ബോഡി ബാഗുകൾ' ഉപയോഗിച്ചുള്ള പ്രതിഷേധത്തിനിറങ്ങിയത്. 'തെറ്റായ വിവരങ്ങൾ കൊല്ലും' എന്ന് ബോഡി ബാഗുകളിൽ വലിയ അക്ഷരത്തിൽ എഴുതിയിട്ടുമുണ്ട്.
കോവിഡ് വാക്സിനെതിരായ വ്യാജ വാർത്തകളും ഉൗഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടും ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് അമേരിക്കൻ പ്രസിഡൻറായ ജോ ബൈഡനടക്കം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾക്കെതിരെ വെത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി റിയൽ ഫേസ്ബുക്ക് ഒാവർസൈറ്റ് ബോർഡ് രംഗത്തെത്തിയത്. പൗരാവകാശ നേതാക്കൾ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മയാണിത്. അതേസമയം, കോവിഡ് വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ എന്നെന്നേക്കുമായി നിരോധിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
കോവിഡ് 19നെ കുറിച്ചും വാക്സിനുകളെ കുറിച്ചും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്നായിരുന്നു പ്രസിഡൻറ് ജോ ബൈഡൻ ദിവസങ്ങൾക്ക് മുമ്പ് തുറന്നടിച്ചത്. 'അവർ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഹാമാരിയുടെ ഭീഷണിയുള്ളത് വാക്സിനെടുക്കാത്തവരിൽ മാത്രമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും കാരണമാണ് ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നതെന്നും' അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം വ്യാജ പ്രചരണങ്ങളടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനും ബൈഡൻ അന്ന് നിർദേശിക്കുകയുണ്ടായി.
HAPPENING NOW: In front of Facebook HQ in Washington DC 👀
— The Real Facebook Oversight Board (@FBoversight) July 28, 2021
Body bags line the street. Facebook disinformation kills. pic.twitter.com/GsKHkVPE2b
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.