ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ജോലി നഷ്ടപ്പെടുന്നു. മറ്റ് മാർഗങ്ങളില്ലാതെ, തന്റെ ജോലി ചെയ്യാൻ എ.ഐ പരിശീലിപ്പിക്കുന്നതിനുള്ള ജോലിക്ക് അപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ആലോചിക്കാൻ പറ്റുമോ..? എങ്കിൽ, അങ്ങനെ സംഭവിച്ചിരിക്കുന്നു. ടിക് ടോകിൽ എമിലി എന്ന സ്ത്രീയാണ് വിചിത്രമായ അനുഭവം പങ്കുവെച്ച് രംഗത്തുവന്നിരിക്കുന്നത്.
കോപി റൈറ്ററായി ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. എമിലി. എന്നാൽ, അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കമ്പനി ‘ചിലവ് കുറഞ്ഞ ബദലാ’യി എ.ഐയെ നിയമിക്കുകയും ചെയ്തു. എന്നാൽ, വൈകാതെ, അതേ കമ്പനിയിൽ തന്നെ പുതിയൊരു ജോലിക്ക് ആളെ ആവശ്യമുള്ളതായി എമിലിയുടെ ശ്രദ്ധയിൽപെട്ടു. ദൗർഭാഗ്യകരമെന്ന് പറയട്ടെ കോപ്പി റൈറ്ററുടെ പണി ചെയ്യുന്ന പുതിയ സോഫ്‌റ്റ്‌വെയറിനെ പരിശീലിപ്പിക്കലായിരുന്നു ആ ജോലി.
യാതൊരു മടിയും കൂടാതെ ആ ജോലിക്ക് അതേ കമ്പനിയിൽ താൻ അപേക്ഷിച്ചെന്ന് എമിലി ടിക് ടോക് വിഡിയോയിൽ പറഞ്ഞു. ‘എനിക്ക് ആ ജോലി സ്വീകരിക്കേണ്ടതായി വരും. കാരണം, എന്റെ അപ്പാർട്ട്മെന്റ് ഇപ്പോൾ എനിക്ക് താങ്ങാനാകാത്ത അവസ്ഥയിലാണ്. ഗാർബാൻസോ ബീൻസാണ് ഞാൻ കഴിക്കുന്നത്. എന്റെ സ്വത്തുക്കളോരോന്നായി വിൽക്കുകയാണ്’. ആ ജോലി വേണ്ടെന്ന് വെക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ താനെന്നും എമിലി പറയുന്നു. ഇത് ഒരുപക്ഷെ ഭാവിയിൽ എനിക്ക് മറ്റൊരു ജോലി കണ്ടെത്താനുള്ള സാധ്യതയെ തന്നെ ഇല്ലാതാക്കിയേക്കാം. പക്ഷെ, മറ്റ് മാർഗങ്ങളില്ലെന്നും എമിലി കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് ആ ജോലി ലഭിച്ചില്ലെന്ന് എമിലി തന്നെ പിന്നീട് ടിക് ടോകിലൂടെ അറിയിച്ചിരുന്നു. നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. ‘അത്തരം ജോലി സ്വീകരിക്കുന്നതിൽ മടിക്കേണ്ട കാര്യമില്ലെന്നും എ.ഐയെ എഴുതാൻ പരിശീലിപ്പിക്കുന്ന ഒരു എ.ഐ കൺസൾട്ടന്റായി സ്വയം മാർക്കറ്റ് ചെയ്യണമെന്നും ഒരാൾ കുറിച്ചു.
‘ഹ്രസ്വ വീക്ഷണമുള്ള’ നിർമിത ബുദ്ധി കമ്പനികളിൽ ഉടനീളം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ഒരാൾ മുന്നറിയിപ്പ് നൽകി. ‘‘എ.ഐ എഴുത്തുകാർക്ക് മികച്ചൊരു പകരക്കാരനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാർക്കറ്റിൽ എല്ലാ കമ്പനികൾക്കും എ.ഐ ഒരേ കോപ്പിയാകും നൽകുക’. -ഇങ്ങനെയാണ് മറ്റൊരു കമന്റ്. അതേസമയം, നഷ്ടപ്പെട്ട ജോലി തെറ്റായി ചെയ്യാൻ എ.ഐയെ പരിശീലിപ്പിക്കണമെന്നായിരുന്നു ഒരാൾ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.