വാസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നത് തടയാൻ സമൂഹമാധ്യമങ്ങൾ പല നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നിട്ടും, ഏറ്റവും കൂടുതൽ വ്യാജപ്രചാരണങ്ങൾ നടക്കുന്ന ഇടങ്ങളായി മാറിയിട്ടുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്തരം പ്രചാരണങ്ങളെയും തെറ്റായ അവകാശവാദങ്ങളെയും തുറന്നുകാട്ടാൻ 'എക്സ്' -പഴയ ട്വിറ്റർ- ഉപയോഗിക്കുന്ന മാർഗമാണ് ലേബൽ ചെയ്യൽ. കമ്യൂണിറ്റി നോട്ട്സ് വഴി ഉപഭോക്താക്കൾക്ക് തന്നെ തെറ്റായ വസ്തുതകൾ ചൂണ്ടിക്കാട്ടാം. ഇപ്പോഴിതാ, ഉടമസ്ഥനായ ഇലോൺ മസ്കിന്‍റെ പോസ്റ്റിൽ തന്നെ ലേബൽ കൊടുത്തിരിക്കുകയാണ് എക്സ്.
മൈക്രോസോഫ്റ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു പോസ്റ്റായിരുന്നു മസ്കിന്‍റേത്. 'ഞാൻ പുതിയൊരു ലാപ്ടോപ് വാങ്ങിയെങ്കിലും അതിൽ മൈക്രോസോഫ്റ്റ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെ ഉപയോഗിക്കാൻ സാധിക്കുന്നില്ല. മൈക്രോസോഫ്റ്റ് അക്കൗണ്ട് എടുക്കുകയെന്നാൽ, അവരുടെ എ.ഐ സംവിധാനത്തിന് എന്‍റെ കംപ്യൂട്ടറിൽ പ്രവേശിക്കാൻ അനുമതി നൽകുക കൂടിയാണ്. മൈക്രോസോഫ്റ്റ് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനോ, ക്രിയേറ്റ് ചെയ്യാനോ ഉള്ള ആവശ്യം സ്കിപ് ചെയ്യാനുള്ള ഓപ്ഷൻ ഇതുവരെ ഉണ്ടായിരുന്നു. നിങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ടോ?' എന്നായിരുന്നു ചോദ്യം.
എന്നാൽ, മസ്കിന്‍റെ പോസ്റ്റ് എക്സ് ലേബൽ ചെയ്തു. 'മൈക്രോസോഫ്റ്റ് അക്കൗണ്ട് ഇല്ലാതെ തന്നെ വിൻഡോസിന്‍റെ ഏറ്റവും പുതിയ പതിപ്പ് സെറ്റ്-അപ് ചെയ്യാൻ സാധിക്കും' എന്നാണ് മസ്കിന്‍റെ പോസ്റ്റിലെ ലേബലിൽ ഒരു ഉപഭോക്താവ് വ്യക്തമാക്കിയത്.
ഒരു പോസ്റ്റിൽ പറയുന്ന കാര്യത്തിൽ വസ്തുതാവിരുദ്ധത ഉണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് പോസ്റ്റിന് അനുബന്ധമായി വസ്തുതകൾ കൂട്ടിച്ചേർക്കാം (കമ്യൂണിറ്റി നോട്ട്സ്). ഇത് പരിശോധിച്ച് ശരിയാണോയെന്ന് ഉറപ്പുവരുത്തിയാണ് എക്സ് പോസ്റ്റിൽ 'ലേബൽ' ചേർക്കുന്നത്.
തന്‍റെ പോസ്റ്റ് ലേബൽ ചെയ്തതിന് പിന്നാലെ കമ്യൂണിറ്റി നോട്ട്സ് പരാജയമാണെന്ന വാദവുമായി മസ്ക് തന്നെ രംഗത്തെത്തി. ഉപഭോക്താക്കൾക്ക് ഇങ്ങനെ കുറിപ്പുകൾ ചേർക്കാനുള്ള ഓപ്ഷൻ ഇനിയുണ്ടാവില്ലെന്നാണ് എക്സ് ഉടമ പറഞ്ഞിരിക്കുന്നത്.
അതേസമയം, മസ്ക് നേരിട്ട പ്രശ്നം വസ്തുതയാണെന്നും തങ്ങളും നേരിട്ടിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.