വാഷിങ്ടൺ: കോവിഡ് 19നെ കുറിച്ചും വാക്സിനുകളെ കുറിച്ചും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നൽകുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്..? എന്ന ഒരു മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.
അവർ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഹാമാരിയുടെ ഭീഷണിയുള്ളത് വാക്സിനെടുക്കാത്തവരിൽ മാത്രമാണ്. -ബൈഡൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും കാരണമാണ് ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ മടിക്കുന്നതെന്നും വൈറ്റ് ഹൗസ് ആരോപിക്കുന്നു. അതേസമയം വ്യാജ പ്രചരണങ്ങളടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
ജൂലൈ നാലിനേക്ക് അമേരിക്കയിലെ 70 ശതമാനം ആളുകളെയും വാക്സിനേറ്റ് ചെയ്യണമെന്ന് ബൈഡെൻറ ലക്ഷ്യം പരാജയപ്പെട്ടതിന് കാരണം തങ്ങളല്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. "വസ്തുതകളെ പിന്തുണയില്ലാത്ത ആരോപണങ്ങൾ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല, ഇതുവരെ രണ്ട് ബില്യണിലധികം ആളുകൾ കോവിഡിനെ കുറിച്ചും വാക്സിനുകളെ കുറിച്ചുമുള്ള ആധികാരിക വിവരങ്ങൾ ഫേസ്ബുക്കിലൂടെ കണ്ടു എന്നതാണ് വാസ്തവം''.
''ഇൻറർനെറ്റിലുള്ള മറ്റേത് ഇടത്തേക്കാളും ഇത് കൂടുതലാണ്. 33 ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഞങ്ങളുടെ വാക്സിൻ ഫൈൻറർ സംവിധാനം ഉപയോഗിച്ച് എങ്ങനെയാണ്..? എവിടെയാണ്..? വാക്സിൻ ലഭിക്കുക എന്നുള്ള കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചു. വസ്തുകൾ പരിശോധിച്ചാൽ മനസിലാവും.. ഫേസ്ബുക്ക് ജീവൻ രക്ഷിക്കുന്നതിനാണ് സഹായങ്ങൾ ചെയ്തിട്ടുള്ളത്''. -ഫേസ്ബുക്ക് വക്താവ് ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.