ബെയ്ജിങ്: വിദ്യാർഥികൾക്ക് ബഹിരാകാശ നിലയത്തിൽ വെച്ച് തത്സമയ ഭൗതികശാസ്ത്ര പാഠം ചൊല്ലിക്കൊടുത്ത് ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ. രാജ്യത്തെ അഞ്ച് നഗരങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വേണ്ടിയാണ് നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയ ഭൗതികശാസ്ത്ര പാഠം സ്ട്രീം ചെയ്തത്.
ബഹിരാകാശയാത്രികർ, ബഹിരാകാശത്തെ ജീവിത സാഹചര്യങ്ങൾ, വസ്തുക്കളുടെ ചലനം എന്നിവ വിശദീകരിക്കുകയും അവർക്ക് സ്റ്റേഷന്‍റെ ഒരു വെർച്വൽ ടൂർ നൽകുകയും ചെയ്തു. സ്റ്റേഷനിലെ ഏക വനിതാ ബഹിരാകാശ സഞ്ചാരിയായ വാങ് യാപിംഗ് പാഠ സമയത്ത് പ്രധാന പരിശീലകയായി പ്രവർത്തിച്ചു. പൊതുജനങ്ങൾക്കും ലൈവ് സ്ട്രീം കാണാനുള്ള അവസരമൊരുക്കിയിരുന്നു.
മൂന്ന് പേരടങ്ങിയ സംഘം സ്പെയ്സ് സ്റ്റേഷനിൽ ഒക്ടോബറിലാണ് എത്തിയത്. ആറ് മാസക്കാലം സ്റ്റേഷനിൽ ചിലവഴിക്കും. അടുത്ത വർഷാവസാനത്തേക്ക് നിർമാണം പൂർത്തിയാക്കുന്നതിന് മുമ്പായി ചില പ്രധാനപ്പെട്ട ജോലികൾ ചെയ്ത് തീർക്കലാണ് മൂവരുടെയും ദൗത്യം. അതേസമയം, ഒക്ടോബറിൽ വാങ് സ്പെയ്സ് വാക് നടത്തുന്ന ആദ്യത്തെ ചൈനീസ് വനിതയായി മാറിയിരുന്നു.
2003-ൽ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണ് ഷെൻഷൗ-13. റഷ്യയ്ക്കും യുഎസിനും ശേഷം അങ്ങനെ ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. പെർമനന്‍റ് സ്റ്റേഷനിലെ രണ്ടാമത്തെ ക്ര്യൂ ആണ് വാങ്ങും സംഘവും.
പൂർത്തിയാകുമ്പോൾ ഏകദേശം 66 ടൺ ഭാരമായിരിക്കും ചൈനയുടെ സ്പെയ്സ് സ്റ്റേഷനുണ്ടാവുക. 1998-ൽ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇപ്പോൾ ഏകദേശം 450 ടൺ ഭാരമുണ്ട്. അത് വെച്ച് നോക്കുേമ്പാൾ ചൈനയുടേത് വളരെ ചെറുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.