ബെയ്ജിങ്: ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കി 90 ദിവസത്തിനുശേഷം ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ഭൂമിയിൽനിന്ന് 380 കി.മീ. ഉയരത്തിലുള്ള ചൈനയുടെ ടിയാൻഗോങ് ബഹിരാകാശനിലയത്തിലാണ് നീ ഹെയ്ഷങ്, ലിയു ബോമിങ്, താങ് ഹൊൻബോ എന്നീ മൂന്നു സഞ്ചാരികളും കഴിഞ്ഞത്. ഷെൻസൗ 12 പേടകത്തിലാണ് ഇവർ തിരിച്ചിറങ്ങിയത്.
ദൗത്യത്തിനിടെ ഇവർ മണിക്കൂറുകൾ നീണ്ട ബഹിരാകാശ നടത്തവും പൂർത്തിയാക്കിയിരുന്നു. ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലേക്ക് സന്ദേശം അയക്കുകയും ചെയ്തു. ഷെൻസൗ 12 ബഹിരാകാശപേടകം വടക്കൻ മംഗോളിയയിലാണ് വെള്ളിയാഴ്ച സുരക്ഷിതമായി തിരിച്ചിറങ്ങിയത്. ഇവരെല്ലാം പൂർണ ആരോഗ്യവാന്മാരാണ്.
ബഹിരാകാശവാഹനം നിലത്തിറങ്ങിയശേഷം സഞ്ചാരികൾ 45 മിനിറ്റോളം പേടകത്തിൽതന്നെ ചെലവഴിച്ചു. ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണിത്. ജൂൺ ഏഴിനാണ് മൂവരും യാത്ര പുറപ്പെട്ടത്. 2019ലാണ് ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങൾ പൂവിട്ടത്. ചന്ദ്രെൻറ ഇരുണ്ടഭാഗത്ത് പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ചൈന. അന്താരാഷ്ട്ര രാജ്യങ്ങൾ അവഗണിച്ചതോടെയാണ് ചൈന സ്വന്തമായി ബഹിരാകാശനിലയം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.