സാങ്കൽപ്പിക ചിത്രം

ആകാശഗംഗക്ക് പുറത്ത് ആദ്യ ഗ്രഹം കണ്ടെത്തി? ആകാംക്ഷയോടെ ശാസ്ത്രലോകം

ജ്യോതിശാസ്ത്ര പഠനത്തിൽ നിർണായകമായേക്കാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. ഭൂമി ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway)പുറത്ത് ഒരു ഗ്യാലക്സിയിൽ നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്. നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയാണ് ആകാശഗംഗക്ക് പുറത്തെ ഗ്രഹത്തെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത്.

എം-51 എന്നറിയപ്പെടുന്ന വേൾപൂൾ ഗാലക്സിയിലാണ് പുതിയ ഗ്രഹത്തിന്‍റെ സൂചനകൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെയാണ് വേൾപൂൾ ഗാലക്സി സ്ഥിതിചെയ്യുന്നത്. അതായത്, പ്രകാശം 28 ദശലക്ഷം വർഷങ്ങൾ കൊണ്ട് സഞ്ചരിക്കുന്ന അത്രയും ദൂരം അകലെ.

സൂര്യനും, ചുറ്റുമുള്ള ഗ്രഹങ്ങളും ഉൾപ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ എക്സോപ്ലാനെറ്റ്സ് (Exoplanets) എന്നാണ് അറിയപ്പെടുന്നത്. ഇതുവരെയായി കണ്ടെത്തിയ 4000ത്തോളം എക്സോപ്ലാനെറ്റുകളെല്ലാം തന്നെ സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്കുള്ളിലാണ്. ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയിൽ ഗ്രഹത്തിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്.


എം.51-യു.എൽ.എസ്1 എന്നാണ് പുതിയ ഗ്രഹം ഉൾക്കൊള്ളുന്ന വ്യവസ്ഥക്ക് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. ഇതിന് ശനിയുടെ വലിപ്പമുണ്ടാകുമെന്നാണ് അനുമാനം. നമ്മുടെ ഗാലക്സിക്ക് പുറത്തായതിനാൽ 'എക്സ്ട്രോപ്ലാനെറ്റ്' എന്നാണ് ഈ ഗ്രഹത്തെ വിശേഷിപ്പിക്കുക.

എം.51-യു.എൽ.എസ്1ൽ നിന്നുള്ള എക്സ്-റേ വിശകലനത്തിലൂടെയാണ് പുതിയ ഗ്രഹത്തെ കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. അതേസമയം, ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഗ്രഹം തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ശാസ്ത്ര ജേണലായ നേച്ചർ ആസ്ട്രോണമിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് പുതിയ കണ്ടെത്തൽ പുറത്തുവിട്ടത്.

Tags:    
News Summary - First planet outside MilkyWay Galaxy detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.