ഈ ശാസ്‌ത്രദിനം ഒരു തുടക്കമാകട്ടെ

ശാസ്ത്രത്തിെൻറ കൃത്യവും ക്രിയാത്മകവുമായ ഇടപെടലുകൾ ലോകജനത ആവശ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 1928 ഫെബ്രുവരി 28ന് സർ സി.വി. രാമൻ നടത്തിയ 'രാമൻ ഇഫക്ട് കണ്ടുപിടിത്തത്തി​െൻറ ഓർമക്കായാണ് 1986 മുതൽ ഈ ദിനം ദേശീയ ശാസ്‌ത്രദിനമായി ആചരിച്ചുവരുന്നത്. ഈ വർഷത്തെ ദിനാചരണ പ്രമേയം 'ശാസ്‌ത്രം, സാങ്കേതികത, നവീകരണം എന്നിവ വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും തൊഴിലിലും' എന്നാണ്​. ഇത്തവണത്തെ ശാസ്ത്രദിനത്തി​െൻറ മുദ്രാവാക്യമായി ആ ആവശ്യകതയെ മുന്നോട്ടുവെക്കുമ്പോൾ ഈ കോവിഡ് കാലത്തി​െൻറ കഷ്​ടനഷ്​ടങ്ങളിൽനിന്ന് കരകയറാൻ ശാസ്ത്രത്തി​െൻറയും സാങ്കേതികതയുടെയും കൈത്താങ് അത്യന്താപേക്ഷിതമാണെന്നുകൂടി ലോകം പറഞ്ഞുവെക്കുന്നുണ്ട്. അത് നമ്മൾ എത്രമാത്രം ക്രിയാത്മകമായി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും ഒരുപക്ഷേ, ലോകത്തി​െൻറ നാളെകൾ നിർണയിക്കപ്പെടുന്നത്.

ശാസ്‌ത്രത്തെ മനുഷ്യജീവിതത്തോടടുപ്പിക്കുകയും ശാസ്‌ത്രത്തിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുകയെന്ന ശാസ്‌ത്രത്തി​െൻറ ഏറ്റവും പ്രധാനലക്ഷ്യത്തിലേക്ക് നാം ഇനിയും എത്തിയിട്ടുണ്ടോ? ഉന്നതപഠനത്തി​െൻറയും ഗവേഷണത്തി​െൻറയും ശ്രേണിയിലേക്ക് കയറിപ്പോകുമ്പോൾ മനുഷ്യരാശിയുടെ പുരോഗതിക്കായോ, സ്വന്തം കാര്യങ്ങൾക്കായോ പഠിച്ചെടുത്ത ശാസ്‌ത്രം നമ്മിൽ എത്രപേർക്ക് ഉപയോഗപ്രദമാകുന്നുണ്ട്?

മണ്ണി​െൻറയും ജീവികളുടെയും പ്രകൃതിയുടെയും മനസ്സിലൂടെ കടന്നുപോകാത്ത ശാസ്ത്രം ഭൂമിയിലില്ല. നമ്മുടെ ഓരോ പ്രവൃത്തിയിലും ചലനത്തിലും കാഴ്‌ചയിലും ശാസ്‌ത്രമുണ്ട്. അത് തിരിച്ചറിയാൻ കഴിയുമ്പോഴാണ് ഉൾക്കണ്ണു ലഭിക്കുന്നത്. പഠനകാലത്തുതന്നെ അത്തരം തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നതുകൊണ്ടാണ്, വളർന്നുവരുന്ന ശാസ്ത്രരംഗത്തെ ഗവേഷകർക്കും വിദഗ്ധർക്കുമടക്കം ശാസ്‌ത്രം മനുഷ്യനും സമൂഹത്തിനും ഉപകാരപ്രദമായി ഉപയോഗിക്കാൻ കഴിയാതെ പോകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും മറ്റ് ഉന്നതഗവേഷണ ഏജൻസികളും എണ്ണിയാലൊടുങ്ങാത്ത സാമ്പത്തികസഹായം ഈ രംഗത്തെ ഉന്നമനത്തിനായി നൽകുമ്പോഴും ശാസ്‌ത്രരംഗം വേണ്ടരീതിയിൽ അഭിവൃദ്ധി പ്രാപിക്കാത്തതി​െൻറ പ്രധാനകാരണവും മറ്റൊന്നല്ല.

കാലം വിവിധതലങ്ങളിൽ അഭിമുഖീകരിക്കുന്ന സാമൂഹികമായ പ്രശ്നങ്ങൾക്ക് പരിഹാരം ഏറുന്നതരത്തിൽ നമ്മുടെ പഠനപ്രക്രിയയെ ക്രമീകരിക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ശാസ്‌ത്രാഭിമുഖ്യം വളർത്തുന്ന തരത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തുള്ളവരെ സമൂഹത്തിന് ഉതകുന്ന തരത്തിലെ ഗവേഷണങ്ങളിലേക്ക് നയിക്കാനും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ ശാസ്‌ത്ര-സാങ്കേതിക പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ വ്യവസായരംഗവുമായി ചേർത്തുവെക്കാൻ നാം പരാജയപ്പെടുന്നത്​ പ്രധാന പ്രശ്‌നമാണ്​. ശാസ്‌ത്രം പഠിക്കുന്നവരിൽ പകുതിയിലേറെയും കൃത്യമായ തൊഴിലവസരം കിട്ടാതെ ഉഴറുമ്പോൾ നമ്മുടെ നാട്ടിലെ വ്യവസായമേഖലകളിൽ റിസർച്ച് ആൻഡ്​ ഡെവലപ്മെൻറ്​ മേഖലയിൽ വിദഗ്ധരുടെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നത് വിരോധാഭാസമാണ്. പല സർവകലാശാലകളും വ്യവസായരംഗത്തെ പ്രമുഖരെക്കൂടി ചേർത്തു പഠനക്രമം ക്രമീകരിക്കണമെന്ന സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും അത് കൃത്യമായി നടപ്പിലാകാത്തതുമൂലം ആ കുറവ് ഇന്നേവരെ നികത്തപ്പെട്ടിട്ടില്ല. അതിനാൽ, വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കുപോലും യോജിച്ച തൊഴിൽ നേടാൻ കഴിയാതെവരുകയും അതേസമയം മറുവശത്ത്​ വ്യവസായമേഖലക്ക്​ മികവുറ്റ കുട്ടികളെ അവരുടെ റിസർച്ച് ആൻഡ്​ ഡെവലപ്മെൻറ്​ മേഖലയിൽ ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ വിടവ് നികത്തുകവഴി യുവാക്കളിൽ രൂക്ഷമായ തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാം. കൂടാതെ, വ്യവസായങ്ങൾ വികസിക്കുകയും ശാസ്ത്രത്തി​െൻറ വൻകുതിപ്പ് ഈ രംഗത്ത് സംഭവിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.

ലക്ഷ്യമില്ലാതെ പായുന്ന അശ്വത്തെപ്പോലെയാണ് ഇന്നത്തെ ശാസ്‌ത്രപഠനം എന്നത് കൃത്യമായി വെളിവാകണമെങ്കിൽ വ്യക്തിവികസനം സാധ്യമാകുമ്പോഴും അവികസിതമായി തുടരുന്ന സമൂഹങ്ങളിലേക്ക് നോക്കിയാൽ മതി. ശാസ്ത്രത്തി​െൻറയും സാങ്കേതികത്തികവി​െൻറയും ഗുണഫലങ്ങൾ അനുഭവിക്കുന്ന ഒരുകൂട്ടം ജനതയും ഇത്തരം മികവി​െൻറ ഒരു ഗുണഫലവും കടന്നുചെല്ലാത്ത അവികസിതമായ കോളനികളുമുണ്ട്​.

ശാസ്ത്രം പഠിക്കുന്നത് കുട്ടികൾ മാത്രമല്ല. ചുറ്റിലും നടക്കുന്ന കാഴ്ചകളുടെ സത്യം അറിയാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും ശാസ്ത്രം പഠിക്കുകയാണ്. ആ കാഴ്ചകൾക്കപ്പുറം കാണാക്കാഴ്ചകളിലേക്ക്​ കണ്ണും മനസ്സും എറിയുമ്പോൾ ആണ് നാം സത്യാന്വേഷകർ അഥവാ, ശാസ്ത്രാന്വേഷകർ ആകുന്നത്. അത്തരമൊരു ഉൾക്കാഴ്ചയോടെ ജീവിതത്തെ നേരിടാനും ഓരോരുത്തരെയും ശാസ്ത്ര വഴികളിലേക്ക്​ കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തം നാമോരോരുത്തരും ഏറ്റെടുക്കണം. കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാനുള്ള ശ്രമങ്ങൾ വീടുകളിൽ നിന്നുതന്നെ തുടങ്ങണം. ഗവേഷണവിദ്യാർഥികൾ വിഷയം തെരഞ്ഞെടുക്കുമ്പോൾ അധ്യാപകർ സമൂഹപുരോഗതിയിലേക്ക് നയിക്കുന്ന അംശങ്ങൾ കണ്ടറിഞ്ഞുകൊണ്ട് അതിന് രൂപം നൽകണം. അത്തരത്തിൽ ശാസ്‌ത്രത്തെ ജീവിതത്തോടു ചേർത്തുപിടിച്ചാൽ മാത്രമേ നാളെയെ വിജയകരമായി അതിജീവിക്കാൻ കഴിയുകയുള്ളൂ.

(കൊച്ചി സർവകലാശാലയി​െല സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസി. പ്രഫസറാണ്​ ലേഖകൻ)

Tags:    
News Summary - Let this Science Day be a start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.